കെഎസ്ആർടിസി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ പുതിയ ബസുകൾ.
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെഎസ്ആർടിസി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറക്കി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി. ജോൺ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്.
പുതിയ ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ട് സർവീസുകളും അമൃതയിലേക്ക് ഒരു സർവീസും ആരംഭിച്ചു. പാലക്കാട് സർവീസ് രാത്രി 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട്ടെത്തും. ഉച്ചയ്ക്ക് 1.45ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ബസ് രാത്രി 11.45ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് 467 രൂപയാണ്.
നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള രണ്ടാമത്തെ പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് പാലക്കാട്ടെത്തും. മടക്കയാത്ര രാത്രി 10.45ന് ആരംഭിക്കും. ടിക്കറ്റ് നിരക്ക് 411 രൂപയാണ്. നോൺ എസി ബസാണ് അമൃത സർവീസിനായി ഉപയോഗിക്കുന്നത്. ദിവസവും രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് 11.30ന് അമൃതയിലെത്തും.
ഉച്ചയ്ക്ക് 1.20ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി എട്ടിന് തിരുവനന്തപുരത്ത് അവസാനിക്കും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
Tags : KSRTC Kerala Transport Wet Lease Buses New Bus Services Public Transport DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash