മന്ത്രി രമേശ് ചെന്നിത്തല അഭിരാമിന്റെ വീട്ടിലെത്തിയപ്പോൾ.
തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം വധക്കേസിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അഭിരാമിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വേദനാജനകമായ സംഭവമാണ് നടന്നത്. ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന വളരെ വലുതാണ്.
പൊലിസ് നടപടികളിൽ മാതാപിതാക്കൾ സംതൃപ്തരാണെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപൂർവമായ കേസായാണ് സംഭവത്തെ കാണുന്നതെന്നും അതിക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. കൗമാരക്കാർ നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ജുവനൈൽ ജസ്റ്റീസ് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതും ഗൗരവമായി കാണണം.
നിയമഭേദഗതി ആവശ്യമാണോയെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേരാനല്ലൂർ അപകടത്തിലെ കോടതി വിധിയിലും മന്ത്രി പ്രതികരിച്ചു. സർക്കാരും പൊലിസും ഇരയ്ക്കൊപ്പമാണെന്നും കോടതി വിധി ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംരക്ഷണം നൽകുന്ന സമീപനം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Tags : Abhiram Murder Case Pangappara Murder Case Abhiram Murder Ramesh Chennithala DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash