പ്രതീകാത്മക ചിത്രം
തൃശൂർ: വിദേശത്തു ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്നു കോടികൾ തട്ടിയെടുത്തെന്നു പരാതി. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഗോ ഗ്ലൈഡ് എക്സ്പെഡിഷൻസ് എന്ന സ്ഥാപനത്തിനും സിഇഒ ആയ നിമിഷ സെൽവനുമെതിരേയാണ് ഉദ്യോഗാർഥികൾ രംഗത്തു വന്നത്.
ദുബായിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ 5000 രൂപയും പിന്നീട് ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചാൽ ബാക്കി തുകയും നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം. വ്യാജ ഓഫർ ലെറ്ററാണെന്നു തിരിച്ചറിയാതെയാണു പലരും പണം കൈമാറിയത്. എൻട്രി പെർമിറ്റിലൂടെ വിദേശത്തെത്തിയ നിരവധിപേർ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇരകൾ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണു തട്ടിപ്പുകാർ യുവാക്കളെ ആകർഷിച്ചത്. വിശ്വാസ്യത വർധിപ്പിക്കാൻ വീസാ നടപടിക്രമങ്ങൾക്കൊപ്പം ചിലർക്കു മൂന്നാഴ്ചയോളം ഓണ്‍ലൈൻ പരിശീലനവും നടത്തി. ഉദ്യോഗാർഥികളുടെ പാസ്പോർട്ട്, ഫോട്ടോ, ഫോണ്‍ നന്പരുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ശേഖരിച്ചിട്ടുണ്ടെന്നും സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചെന്ന വിവരം പുറത്തുവന്നതോടെ രേഖകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇവർ പറഞ്ഞു.
മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, പൊലിസ് മേധാവി, സ്റ്റേറ്റ് പൊലിസ് സൈബർ ഓപ്പറേഷൻസ്, ഇക്കണോമിക് ഒഫൻസ് വിംഗ്, നോർക്ക റൂട്ട് സിഇഒ എന്നിവർക്കും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിനും പരാതി നൽകി. തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്നും നഷ്ടമായ പണം തിരികെക്കിട്ടാൻ ഇന്ത്യയിലെയും യുഎഇയിലെയും അധികൃതർ അന്വേഷണം ഏകോപിപ്പിക്കണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
Tags : Complaint Joboffers Abroad Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash GoGlideExpeditions