Kerala
അമ്പതുകളുടെ തണുത്ത കാറ്റുള്ള ഞാനിടത്തേയ്ക്ക് ഓടിയെത്താവുന്ന ദൂരം മാത്രം, വായിച്ചു തീർത്ത പുസ്തകം കമഴ്ത്തിവച്ച് ഒരു ദൂർഘനിശ്വാസം. എന്നോ നഷ്ടപ്പെട്ട വായന എന്ന ശീലം തിരിച്ചുകിട്ടാൻ ഒരു കൊച്ചു വലിയ കാരണം കിട്ടി. ചെവിയെ നിശബ്ദം നാമാവശേഷമാക്കുംവിധം തിന്നു തീർക്കുന്ന ഒരു വില്ലൻ വലതു ചെവിക്കുള്ളിൽ കടന്നുകയറി വിരിയിട്ടിരുന്നു.
തോളത്തിരുന്നു ചെവി കടിച്ചവൻ
ഏകദേശം നാലു വർഷങ്ങൾക്ക് മുമ്പ്, ഞാനോ പുറംലോകമോ അറിയാതെ അവൻ തെളിവുകൾ കാര്യമായൊന്നും അവശേഷിപ്പിക്കാതെ വലതുചെവിക്കുള്ളിൽ ഒരു പണിതുടങ്ങി. കൊളസ്റ്റിറ്റോമ എന്നായിരുന്നു അതിന്റെ പേര്. ഒന്നുറക്കെ കരയാൻപോലും അറിയാത്ത ടെമ്പോറിയൽ എല്ലിനെയും ഓഡിറ്ററി ഓസിക്കിൾസിനെയും അവൻ പാതിയോളം തിന്നുതീർത്തു.
കാര്യമായ വേദനയോ ബഹളമോ ദുർഗന്ധമോ പഴുപ്പോ ഒന്നും സംഭവിക്കാത്ത ഈ കശ്മലൻ പണിതുടർന്നു. അബുദാബിയിലെ സായംകാല ചായസത്കാരങ്ങളിൽ അരുൺ സാറും നിതിനും വലതുവശത്തിരുന്നു പറയുന്നത് കേൾക്കാൻ ശ്ശി കഷ്ടപ്പെടുന്നോ എന്നു സംശയം ഉണ്ടായി. പിന്നീട് അവർപോലും അറിയാതെ ഞാൻ അവരുടെ ഇടതുവശത്തിരുന്നു പ്രശ്നം താത്കാലികമായി പരിഹരിച്ചു.
നാട്ടിലേക്കുള്ള യാത്രയ്ക്ക് ആറുമാസങ്ങൾക്കു മുമ്പേ മൂത്ത മകളുടെ പേരുകാരി ഒരു ഇഎൻടി ഡോക്ടറെ കാണാൻ ഇടയായി. സിടി, ഓഡിയോമെട്രി, ടിംപാനോമെട്രി ടെസ്റ്റുകൾക്കു ശേഷം റിസൾട്ടുകളിൽ നോക്കി ഡോക്ടർ വർഷ ആശങ്കാകുലയാകുന്നതു ഞാൻ ശ്രദ്ധിച്ചു. കുഴപ്പങ്ങളുണ്ട്, ഒരു സർജറി അനിവാര്യം എന്ന് അവർ ചുരുക്കി പറഞ്ഞു.
മരുന്നുകൾ തന്നു. പിന്നെ ചെന്നപ്പോൾ ആ ഡോക്ടർ അവിടെയില്ല. വലിയമ്മയുടെ പിണ്ഡഅടിയന്തിര ചടങ്ങുകൾക്കു പോയത്രേ. പകരം ഇരുന്ന ഡോക്ടർക്ക് എന്നെ അത്ര ബോധിച്ചില്ലാത്തപോലെ തോന്നി. കൂടാതെ അദേഹം ഭാര്യയോട് അടിവച്ച് ജോലിക്കു വന്നതുപോലെ എനിക്കു തോന്നി. ചുമ്മാ, തോന്നലാവാം, ഞാനതുവിട്ടു, അവരും.
കത്തിവയ്ക്കൽ അനിവാര്യം
അടുത്ത വെക്കേഷൻ കാലമെത്തി, പറക്കാൻ വെമ്പുന്ന ഒരുപാട് ദേശാടനപക്ഷികളും. ഒരിക്കൽകൂടി ഒരു ഇരുത്തം വന്ന ഭിഷഗ്വരനെ കണ്ടുപിടിച്ചു. അദേഹം റിസൾട്ടുകൾ വ്യക്തമായി പരിശോധിച്ച് കൃത്യമായ നിരീക്ഷണങ്ങൾ അറിയിച്ചു. ഒരു കത്തിവയ്ക്കൽ എന്റെ ശരീരത്തിന് ആവശ്യമാണെന്ന സത്യം ഏതാണ്ട് ഉറപ്പായി. നാട്ടിലെത്തി മണ്ണിന്റെ സുഗന്ധവും കാറ്റിന്റെ തലോടലും കുടുംബത്തിന്റെ സ്നേഹവായ്പകളും മനസ്നിറച്ച് അനുഭവിച്ചു.
അമ്മയുടെയും ഭാര്യയുടെയും അനുപമമായ ഭക്ഷണകൂടുകൾ അത്ഭുതത്തോടും ആനന്ദത്തോടും മടുക്കാതെ കഴിച്ചു. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തുതീർത്തു. ഒഴിച്ചുകൂടാനാവാത്ത എല്ലാ യാത്രകളും തീർത്ത് പ്രശ്തനായ ഇഎൻടി സർജൻ ജോമി ജോർജിന് കോട്ടയം തെള്ളകത്തെ കാരിത്താസ് ഹോസ്പിറ്റൽ, എന്റെ ചെവികൾ സമർപ്പിച്ചു.
ഞെട്ടിയ നിമിഷങ്ങൾ
Think of the worst, then realise you are not there, breathe, ragan holiday എന്ന പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനെ ഓർമിപ്പിക്കംവിധം, ഡോക്ടർ ജോമി എനിക്ക് ക്ലാസുകൾ തന്നു.
ചെവി തുറക്കുമ്പോൾ മാത്രമാണ് താങ്കളുടെ യഥാർഥ പ്രശ്നം വെളിപ്പെടുക, സിടി, എംആർഐ, ചൂണ്ടുപലകകൾ മാത്രമാണ്.
കൊളസ്റ്റിയറ്റോമാ സർജറി ചെയ്യേണ്ടി വരുമ്പോൾ രോഗബാധിതമായ മിഡിൽ ഇയർ ഭാഗങ്ങളെല്ലാം നീക്കേണ്ടി വന്നേക്കാം, കേൾവി പൂർണമായും നഷ്ടപ്പെട്ടേക്കാം. അലങ്കാരത്തിനു മാത്രമായി തീരാം ചെവി, തലച്ചോറിൽ നിന്നു വരുന്ന സൂക്ഷ്മങ്ങളായ ഞരമ്പുകൾ ഇതിന്റെ ഭാഗമായി പ്രവർത്തനരഹിതമാവാം അപ്പോൾ ബാൾസ് പാഴ്സി ബാധിച്ചപോലെ മുഖത്തെ പേശികൾ പ്രവർത്തനഭംഗം നേരിടാം... ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ കിളിപോയ എന്റെ തോളിൽ തട്ടിയിട്ട് അദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, വരുമെന്നു പറഞ്ഞില്ല, വരാതെയിരിക്കട്ടെ, പക്ഷേ അറിയണം.
ഏപ്രിൽ 21ന് അഡ്മിറ്റ്. 22ന് ഓപ്പറേഷൻ. മനസിൽ ഒരു പ്രാർഥന മാത്രം, കേൾവി ശക്തി തിരികെ വേണം. ഡോക്ടറെയും അസിസ്റ്റന്റിനെയും സമർപ്പിച്ചു പ്രാർഥിച്ച്, തിയറ്ററിൽ കയറി. ദൈവത്തിന്റെ കരം- ഡോക്ടർ ജോമിയുടെ കരം എനിക്ക് രണ്ടും ഒന്നായി തോന്നി. ബോധം തെളിഞ്ഞു വന്നപ്പോൾ വിജയകരമായി പ്രൊസീജിയർ പൂർത്തിയായിയെന്ന വിവരം ഡോക്ടർ നല്കി. ദിവസം നിരവധി ഓപ്പറേഷനുകൾ പുഷ്പംപോലെ നടത്തുന്ന ഡോക്ടർ എന്നെ അദ്ഭുതപ്പെടുത്തി. സത്യമായും ദൈവത്തിന്റെ കൈ അദേഹത്തിലുണ്ടാകാം.
തുണയായ പത്രകട്ടിംഗ്
അടിയന്തര ശുശ്രൂഷാദിനരാത്രങ്ങൾ... നാലാം നാൾ കാരിത്താസ് ആശുപത്രിയിൽ ഒരു ലക്ഷത്തിപത്തൊൻപതായിരം ചെലവായ ബിൽ സമർപ്പിച്ചു. ഞാനും ബിനുവും കണ്ണിൽക്കണ്ണിൽ നോക്കി. ചില സമയങ്ങളിൽ എങ്കിലും ഭാര്യമാർ പുലികളാണെന്നു സമ്മതിക്കണം. എന്നോ കണ്ട് കണ്ണിൽ സ്പാർക്കടിച്ച പത്രകട്ടിംഗ് ഭാര്യ ബിനു എനിക്ക് അയച്ച് തന്നിട്ട് ആറു മാസം.
സാധാരണ വലിയ ശ്രദ്ധകൊടുക്കാറില്ലായിരുന്ന ഞാൻ ആ തവണ നോർക്ക ഇൻഷ്വറൻസ് അവളുടെ നിർബന്ധപ്രകാരം എടുത്തിരുന്നു, എനിക്കും കുടുംബത്തിനും. പ്രവാസിക്ക് സകുടുംബം ഇത് എടുക്കാം. ആപത്തിൽ സഹായം എത്തും- ചെറിയ പ്രീമിയം മാത്രം- എനിക്കും കിട്ടി, ഒരു ലക്ഷത്തി അയ്യായിരം. ഭാര്യയുടെ സന്തോഷം...എന്റെ സന്തോഷമായി, അത് എന്റെ കുടുംബത്തിന്റെയും.
ബിനുവിന്റെ നിരീക്ഷണ ബുദ്ധി, ഡോക്ടറുടെ കൈപ്പുണ്യം, ബോസ് ടിന്റു വർഗീസിന്റെ ലീവ് അപ്രൂവൽ, അമ്മയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പ്രാർഥന- കേരള സർക്കാരിന്റെ നോർക്ക പ്രവാസി ഇൻഷ്വറൻസ് നന്ദിയോടെ സ്മരിക്കുന്നു.
പല പ്രവാസികളും ഇനിയും ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. എന്റെ അനുഭവം ശുഭകരമായിരുന്നു. നിങ്ങൾക്കും കൈതാങ്ങാവാം. പരിചമില്ലാത്ത വഴികളിൽ കണ്ട വഴിവിളക്കുകൾ ചിലർക്കെങ്കിലും മിന്നാമിന്നിവെട്ടമാകട്ടെ, എന്റെ ഒരു അവധികാല എപ്പിസോഡ് ദീപികയിലൂടെ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇനി പശ്ചിമേഷ്യൻ വെട്ടിക്കെട്ടിനിടയ്ക്ക് കേൾക്കാത്ത ശബ്ദങ്ങൾ തേടി- ഒരു യാത്ര- കൂട്ടിനു നോർക്കയും.
Kerala
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്.
വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും പീഡനത്തിനിരയായിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.
Business
കോട്ടയം: റബര്‍ ഷീറ്റ് ആഭ്യന്തര വില റിക്കാര്‍ഡിലേക്ക്. ഇന്നലെ ഒരു കിലോ ഷീറ്റ് 248.50 രൂപയ്ക്കുവരെ ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നു വാങ്ങി. ഡീലര്‍മാര്‍ ടയര്‍കമ്പനികള്‍ക്ക് 250 രൂപയ്ക്ക് ചരക്ക് വിറ്റു.
റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാല് ഗ്രേഡിന് 243, ഗ്രേഡ് മൂന്നിന് 239 രൂപ നിരക്കിലാണ് ഇന്നലെ വില പ്രഖ്യാപിച്ചത്. മാര്‍ക്കറ്റില്‍ ഷീറ്റിന്റെ ലഭ്യതക്കുറവും ഡിമാന്‍ഡ് വര്ധനയുമുള്ളതിനാല് ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ചരക്ക് വാങ്ങാന്‍ ഡീലര്‍മാര്‍ തയാറായി. വരുംദിവസങ്ങളിലും വിലക്കുതിപ്പ് തുടരുമെന്നാണ് സൂചന.
നടപ്പുവാരം ഷീറ്റ് വില 250 രൂപയിലെത്തി സര്‍വകാല റിക്കാര്ഡിലെത്തുന്ന സാഹചര്യമാണ്. വിദേശവില നിലവില്‍ 261 രൂപയിലേക്ക് ഉയര്‍ന്നതിനാല്‍ ആഭ്യന്തര വിലയില്‍ ഇടിവുണ്ടാകാനുള്ള സാഹചര്യമില്ല. ടയര്‍ കമ്പനികള്‍ക്ക് റബര്‍ കാര്യമായി സ്റ്റോക്കുമില്ല.
തായ്ലാന്ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ ഒരു മാസം കൂടി ഉത്പാദനം നാമമാത്രമായിരിക്കും. വേനല്‍മഴ നന്നായി ലഭിക്കാതെ കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിക്കില്ല. ഷീറ്റിന്റെ തോതില്‍ ക്രംബിനും ഒട്ടുപാലിനും വില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലാറ്റക്സിന് ഇന്നലെ നേരിയ വിലയിടവുണ്ടായി.
അതേസമയം, ഉത്പാദനം കുറഞ്ഞതും സ്റ്റോക്ക് ഷീറ്റുകള്‍ ഇല്ലാത്തതും കാരണം കര്‍ഷകര്‍ക്ക് നിലവിലെ റിക്കാര്‍ഡ് വിലവര്‍ധനവില്‍ യാതൊരു നേട്ടവും ലഭിക്കുന്നില്ല. കൃഷി ചെലവുകള്‍ ഉയരുകയും വരുമാനം അനിശ്ചിതമാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂടുതല്‍ ബാധ്യതയിലാവുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയും ആഭ്യന്തര ഉത്പാദനക്കുറവും കൊണ്ടാണ് നിലവിലെ വിലമെച്ചത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിലവിലെ വില മെച്ചത്തിന്റെ നേട്ടം കഴിഞ്ഞ ആഴ്ചകളില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്ത് ഇപ്പോഴത്തെ ഉയര്‍ന്ന നിരക്കില്‍ വില്ക്കാന് സാധിക്കുന്ന ഡീലര്‍മാര്‍ക്കു മാത്രമാണ്.
NRI
ബെർലിൻ: ജർമനിയിലെ സൈനിക പ്രായത്തിലുള്ള പുരുഷന്മാർ വിദേശയാത്ര നടത്തുന്നതിന് സൈന്യത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമത്തിൽ വ്യക്തത വരുത്തി പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്.
17നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ മൂന്ന് മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ സൈന്യത്തിന്റെ അനുമതി തേടണമെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ സൈനിക സേവന നിയമത്തിലെ ഒരു നിബന്ധനയാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ജർമനിയിൽ സൈനിക സേവനം നിലവിൽ നിർബന്ധിതമല്ലാത്ത സാഹചര്യത്തിൽ, വിദേശയാത്രകൾക്ക് സൈന്യത്തിന്റെ അനുമതി തേടണമെന്ന വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.
പ്രതിരോധ മന്ത്രിയുടെ വിശദീകരണം:
17നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും നിലവിൽ തടസങ്ങളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകം അനുമതിയുടെ ആവശ്യമില്ലെന്ന് പിസ്റ്റോറിയസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നീക്കുന്നതിനായി പുതിയ ഭരണപരമായ ചട്ടങ്ങൾ ഈ ആഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ബെര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സൈനിക സേവന പരിഷ്കരണ നിയമം പ്രവാസികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നു.
18നും 45 നും ഇടയില്‍ പ്രായമുള്ള ജര്‍മന്‍ പുരുഷന്മാര് മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി മുതല്‍ ജര്‍മന്‍ സൈന്യത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ ബുണ്ടസ്വര് കരിയര്‍ സെന്ററില്‍ നിന്ന് അനുമതി പത്രം വാങ്ങണം.
എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര് രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.
അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍, അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്കാന് കരിയര്‍ സെന്ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
സൈനിക ശാക്തീകരണം ലക്ഷ്യം: റഷ്യ - യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.
സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താത്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.
ഫിറ്റ്നസ് ടെസ്റ്റ്: 2027 പകുതിയോടെ 18 വയസുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്റ്റും നിര്‍ബന്ധമാക്കും.
കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Education
കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ + ചോദ്യോത്തര സെഷൻ ഇന്ന് രാത്രി എട്ടിന് നടക്കും.
പ്ലസ്ടു ഫൈനൽ റിസൾട്ടിനായി കാത്തിരിക്കാതെ തന്നെ പ്രഡിക്ടഡ് സ്കോർ ഉപയോഗിച്ച് അഡ്മിഷൻ, സ്റ്റുഡന്റ് വീസ എങ്ങനെ നേടാം എന്നതുൾപ്പെടെ ഈ വെബിനാറിൽ വിശദീകരിക്കും.
പാർട്ട് ടൈം തൊഴിൽ, പഠനാനന്തരമുള്ള പിആർ സാധ്യതകൾ തുടങ്ങിയ വയെക്കുറിച്ചുള്ള വിവരണവും വെബിനാറിന് അവസാനം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം.
വെബിനാറിൽ പങ്കെടുക്കാൻ www.santamonicaedu.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 4150999, 9645222999.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.