ബെർലിൻ: ജർമനിയിലെ സൈനിക പ്രായത്തിലുള്ള പുരുഷന്മാർ വിദേശയാത്ര നടത്തുന്നതിന് സൈന്യത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമത്തിൽ വ്യക്തത വരുത്തി പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്.
17നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ മൂന്ന് മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ സൈന്യത്തിന്റെ അനുമതി തേടണമെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ സൈനിക സേവന നിയമത്തിലെ ഒരു നിബന്ധനയാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ജർമനിയിൽ സൈനിക സേവനം നിലവിൽ നിർബന്ധിതമല്ലാത്ത സാഹചര്യത്തിൽ, വിദേശയാത്രകൾക്ക് സൈന്യത്തിന്റെ അനുമതി തേടണമെന്ന വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.
പ്രതിരോധ മന്ത്രിയുടെ വിശദീകരണം:
17നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും നിലവിൽ തടസങ്ങളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകം അനുമതിയുടെ ആവശ്യമില്ലെന്ന് പിസ്റ്റോറിയസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നീക്കുന്നതിനായി പുതിയ ഭരണപരമായ ചട്ടങ്ങൾ ഈ ആഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Germany Military Approval Abroad Men under 45