ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റിയാദ്: നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി നടപ്പിലാക്കിയിരുന്ന പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ കേരള സർക്കാർ നടപടി പ്രവാസി സമൂഹത്തോടുള്ള അവഗണനയെന്ന് നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി.
ലക്ഷക്കണക്കിന് പ്രവാസികൾക്ക് താങ്ങായിരുന്ന ഒരു ജനക്ഷേമ പദ്ധതിയെ സർക്കാർ പ്രായോഗികമായി കൊന്നുകുഴിച്ചുമൂടിയിരിക്കുകയാണ്. 70 വയസുവരെ പ്രായമുള്ളവർക്ക് കുടുംബസമേതം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വെറും 13,000 രൂപ മാത്രം പ്രീമിയം മതിയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ വർധനവ് വരുത്തിയിരിക്കുന്നത്.
പുതിയ പരിഷ്കാരപ്രകാരം വയസിന്റെ അടിസ്ഥാനത്തിൽ പ്രീമിയം നിശ്ചയിച്ചതോടെ, 50 വയസ് കഴിഞ്ഞവർക്ക് പ്രീമിയം തുക 40,000 രൂപയ്ക്ക് അടുത്തേക്ക് ഉയർന്നിരിക്കുകയാണ്. രോഗാവസ്ഥകളും പ്രായസഹജമായ ബുദ്ധിമുട്ടുകളും ഏറുന്ന പ്രായത്തിൽ ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രവാസികളെയാണ് ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
പ്രവാസലോകത്ത് നിന്നുണ്ടാകുന്ന വരുമാനത്തെ ആശ്രയിച്ച് സംസ്ഥാന ബജറ്റ് മുന്നോട്ട് കൊണ്ടുപോകുമ്പോഴും പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഈ തികഞ്ഞ അവഗണന പ്രതിഷേധാർഹമാണെന്ന് നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പ്രവാസി സംഘടനകളെയും പ്രവാസി ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
Tags : NorkaCare PremiumHike Navayugam Expatriates MalayaliExpats NRINews