ഇട്ടേര ദേവസിയുടെ മൃതദേഹത്തിനരികെ മകൾ അന്ന ദേവസി
റിയാദ്: പിതാവിനെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കണമെന്ന ആഗ്രഹത്തോടെ യുകെയിൽനിന്ന് സൗദിയിലെത്തിയ മകൾ അന്ന ദേവസിക്ക് ഒടുവിൽ പിതാവിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
തൃശൂർ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസി (67) ആണ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. പിതാവിനെ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ധരിപ്പിക്കാനായി മകൾ കരുതിയിരുന്ന പുത്തൻ വസ്ത്രങ്ങൾ ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കായി നൽകേണ്ടിവന്നത് നൊമ്പരക്കാഴ്ചയായി.
യുകെയിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായ അന്ന ഈ മാസം രണ്ടിനാണ് പിതാവിനെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ റിയാദിലെത്തിയത്. 33 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചിരുന്ന ദേവസി അൽ ഖർജിൽ ലോണ്ട്രി നടത്തിവരികയായിരുന്നു.
പക്ഷാഘാതത്തെത്തുടർന്നാണ് ഇട്ടേരയെ ആദ്യം അൽ ഖർജിന് സമീപമുള്ള ദിലത്തിലെ പ്രിൻസ് സൽമാൻ ഇബ്നു മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് റിയാദിലെ ഷുമൈസിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.
അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് ഈ മാസം 15ന് രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിച്ചത്.
ദേവസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും യാത്ര അനിശ്ചിതമായി നീണ്ടു. റിയാദ് വിമാനത്താവളം ഏതാനും ദിവസത്തേക്ക് താത്കാലികമായി അടച്ചതും അനുയോജ്യമായ വിമാനസൗകര്യം ലഭിക്കാതിരുന്നതും യാത്ര വൈകിച്ചു.
ഇന്ത്യൻ എംബസിയുടെയും സന്നദ്ധപ്രവർത്തകരുടെയും നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ദമാം വഴി കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചത്.
ദേവസിയുടെ ഭാര്യ ഷൈനി. മക്കൾ: അന്ന ദേവസി, ആനിറ്റ് ദേവസി.
Tags : Devassy FinalJourney NewClothes HeartbreakingFarewell Riyadh