ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഗ്ലോസ്റ്റർഷെയർ: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി എത്തുന്നു.
നവംബർ ഏഴിന് ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൺഹാം ക്ലീവ് സ്കൂളിലെ സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് നിർവഹിക്കും.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന നൂറ്റിഅറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ്) സംഘടിപ്പിക്കുന്ന ദേശീയ കലാമേള, പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങളിൽ ഒന്നാണ്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മാതൃഭാഷയോടും കലകളോടും കൂടുതൽ അടുപ്പിക്കുന്നതിനും യുക്മ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പി.സി. വിഷ്ണുനാഥിന്റെ സാന്നിധ്യം വലിയ പ്രോത്സാഹനമാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ പറഞ്ഞു.
ഒക്ടോബർ മൂന്ന്, 10, 17 തീയതികളിലായി നടന്ന റീജിയണൽ കലാമേളകളിൽ വിജയികളായ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളുമാണ് ചെൽറ്റൺഹാമിൽ നടക്കുന്ന ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരാർഥികളും മാതാപിതാക്കളും അധ്യാപകരും കലാപ്രേമികളും യുക്മ പ്രവർത്തകരുമടക്കം വലിയൊരു ജനാവലി ദേശീയ കലാമേളയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ദേശീയ കലാമേളയുടെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിൽ കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും നഗർ നാമനിർദേശക മത്സരത്തിൽ കവൻട്രി കേരള കമ്യൂണിറ്റിയിലെ ലിൻസിയ ജിനോയും വിജയികളായിരുന്നു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ദേശീയ കലാമേള വേദിയിൽ വിതരണം ചെയ്യും.
യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന ദേശീയ കലാമേളയ്ക്ക് തുടർച്ചയായ അഞ്ചാം വർഷമാണ് ചെൽറ്റൺഹാം വേദിയാകുന്നത്.
ദേശീയ കലാമേള ചരിത്രവിജയമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് യുക്മ ദേശീയ നേതൃത്വത്തിന്റെയും സൗത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ട്രഷറർ ഷീജോ വർഗീസ്, ദേശീയ കലാമേള കൺവീനർ വർഗീസ് ഡാനിയൽ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോൻ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിന്റ് ട്രഷറർ) എന്നിവർ അറിയിച്ചു.
Tags : P.C.Vishnunadh UUKMA NationalArtsFestival NRINews