മല്ലിക സുകുമാരൻ.
തിരുവനന്തപുരം: നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിന് ചലച്ചിത്ര താരം മല്ലിക സുകുമാരനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസിന്റെ സ്മരണാർത്ഥമുള്ള ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനാണ് മല്ലിക സുകുമാരനെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നൽകിയ സംഭാവനകളും അസാധാരണമായ ജീവിതയാത്രയും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചലച്ചിത്ര സംവിധായകനും അവാർഡ് ജൂറി ചെയർമാനുമായ ടി.എസ്. സുരേഷ് ബാബുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മറ്റ് പുരസ്കാരങ്ങളിൽ മികച്ച ചിത്രങ്ങളായി കല്യാണമരം, മലവഴി എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകരായി രാജേഷ് അമനകര, എസ്.എസ്. ജിഷ്ണുദേവ് എന്നിവരും നവാഗത സംവിധായകരായി കെ.ജെ.ഫിലിപ്പ്, സുദർശനൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീജിത്ത് പണിക്കർ മികച്ച നടനായും ടിങ്കിൾ ജോബി മികച്ച നടിയായും ദേവനന്ദ മികച്ച ബാലതാരമായും പുരസ്കാരത്തിന് അർഹരായി.
ഡിസംബർ ആറിന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ സി.വി. പ്രേംകുമാർ, സിത്താര ബാലകൃഷ്ണൻ, അജയ് തുണ്ടത്തിൽ, ജിട്രസ് ജോഹന്നാൻ എന്നിവരും പങ്കെടുത്തു.
Tags : Pulari TV Lifetime Achievement Award Mallika Sukumaran Pulari TV Award Malayalam Actress Malayalam Cinema Lifetime Achievement Award DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash