Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
District News
കോട്ടയം: അന്തരിച്ച ഡിജോ കാപ്പന് പൊതുപ്രവര്‍ത്തനം സാമൂഹ്യക്ഷേമമാകണമെന്നാണ് ആഗ്രഹിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല.
സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പനു സ്മൃതിപൂക്കളുമായി സുഹൃത്തുക്കള്‍ സിഎംഎസ് കോളജിലെ ഗ്രേറ്റ് ഹാളില്‍ നടത്തിയ സ്നേഹ കൂട്ടായ്മയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. നിസ്വാര്‍ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഡിജോയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്, ഡോ. സിറിയക് തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഡിജോ കാപ്പനും ജോര്‍ജ് സെബാസ്റ്റ്യനും ചേര്‍ന്ന് 1986ല്‍ നിര്‍മിച്ച സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുകയാണ് പ്രോജക്ട് സീറോ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു വിപ്ലവമായിരിക്കും. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.
അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവങ്ങൾക്ക് ലഭിക്കണം. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും. വിജി മാന്യുവൽ പരിഷ്കരിക്കുമെന്നും ഡ്രാഫ്റ്റ് തയാറായെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലന്‍സ് ഉന്നതതലയോഗം വിജിലന്‍സ് ആസ്ഥാനത്ത് ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് വിജിലന്‍സ് ആസ്ഥാനത്ത് ചേരുന്നത്. സംസ്ഥാനത്തെ വിജിലന്‍സിലെ എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന് തൂഫാന്' വിജയിപ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്‍, കോളജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന് തൂഫാന്' എന്ന പദ്ധതി ആരംഭിച്ചത്.
കേരള പോലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വളര്‍ന്നു. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്പിസി കേഡറ്റുകള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്‍ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.
10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നു ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഉത്തരവിട്ടു.
വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഉത്തരവിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻവേണ്ട നിർദേശങ്ങൾ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നിലപാട് കടുപ്പിച്ചു. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളുടെ പരോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം.
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായും (ഒഎസ്ഡി) നിയമിച്ചു. 2015 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ലെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു.
ആദ്യം മന്ത്രിസഭയിൽ ചേരേണ്ട എന്നായിരുന്നു തീരുമാനം. പാർട്ടി നിർബന്ധിച്ച് കൊണ്ടാണ് മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ട്. പാർട്ടി തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസിൽ മന്ത്രിയായി. പാർട്ടി ഏൽപ്പിച്ച ഏത് ദൗത്യവും നിർവഹിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അംഗ വി.ഡി. സതീശൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പരിചയ സമ്പന്നർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 14 പുതുമുഖ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോണ്‍ഗ്രസ്:
മുഖ്യമന്ത്രി വി.ഡി. സതീശന്- ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്,
കെ. മുരളീധരന്- ആരോഗ്യം , ദേവസ്വം.
സണ്ണി ജോസഫ് -റവന്യു
എ.പി. അനില്‍കുമാര്‍- വൈദ്യുതി
പി.സി. വിഷ്ണുനാഥ് -സാംസ്കാരികം, ടൂറിസം.
ബിന്ദു കൃഷ്ണ -വനിതാ ശിശുക്ഷേമ വികസനം,
എം. ലിജു- എക്സൈസ്, സഹകരണം,
ടി. സിദ്ദിഖ് -വനം.
ഒ.ജെ. ജനീഷ് -യുവജന ക്ഷേമം,
റോജി എം. ജോണ്‍- ഉന്നത വിദ്യാഭ്യാസം.
കെ.എ. തുളസി- പട്ടിക ജാതി വര്‍ഗ വികസനം,
മുസ്ലിംലീഗ്
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം
പി.കെ. ബഷീര്‍- പൊതുമരാമത്ത്
കെ.എം. ഷാജി- തദ്ദേശ ഭരണം
എന്‍. ഷംസുദീന്‍- പൊതു വിദ്യാഭ്യാസം.
കേരള കോണ്‍ഗ്രസ്
മോന്‍സ് ജോസഫ് -ജലവിഭവം, രജിസ്ട്രേഷന്.
ആര്‍എസ്പി
ഷിബുബേബിജോണ്‍- തൊഴില്‍.
സിഎംപി
സി.പി. ജോണ്‍- ഗതാഗതം.
കേരള കോണ്‍ഗ്രസ് ജേക്കബ്
അനൂപ് ജേക്കബ് -ഭക്ഷ്യ സിവില്‍ സപ്ലൈസ്.
സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പ്രഖ്യാപിച്ചു.
(വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുന്ന സാഹചര്യത്തില്‍ നേരിയ മാറ്റങ്ങള്‍ വരാം.)
Kerala
തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.
മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.
ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ആദ്ദേഹത്തിന്റെ നിലപാട്.
ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്, ടി.ജെ. വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് ഇടപെട്ട് നിര്‍ണായക നീക്കങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തിരുവനന്തപുരത്തെത്തി. കഴിവുള്ളവർ മന്ത്രിസഭയിലുണ്ടാകുമെന്നും തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രമേശ് ചെന്നിത്തലയെ കെ.സി സന്ദശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേയെന്ന വൈകാരിക പ്രതികരണവും അദ്ദേഹം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ കെ.സിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിയാകാൻ സമ്മതിച്ചതായി സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലും സീനിയോറിറ്റി പരിഗണിക്കാതിരുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുന്നണിയിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്.
മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല തയ്യാറായെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയ വി.ഡി. സതീശൻ അരമണിക്കൂറിലധികം നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. ചെന്നിത്തല ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ സർക്കാരിനുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയിൽ അംഗമാകാൻ ചെന്നിത്തല സമ്മതിച്ചെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തരം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈവശം വെക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഭ്യന്തരത്തിന് പുറമേ തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ഉപാധികളുമില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
തൃശൂർ: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്നു തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എക്കാലത്തും ഹൈക്കമാൻഡ് നിലപാടുകൾ അംഗീകരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു.
ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമെ വകുപ്പില്‍ മാറ്റം വരികയുള്ളു. തന്റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന് പങ്ക് വയ്ക്കുന്നത്.
അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. 2021 ല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള്‍ ഒരു പ്രതിഷേധവും പറയാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.
അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് താന്‍ നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്‍ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹരിപ്പാടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന് വ്യക്തമാക്കി.
വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന് വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
International
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല, വി.ഡി. സതീശനെ കാണാൻ നിൽക്കാതെ മടങ്ങി.
വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണുമെന്ന് അറിയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശന്റെ നീക്കം.
എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നും മടങ്ങി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
Kerala
തൃശൂർ: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Kerala
മരട്: എംഎൽഎ എന്ന നിലയിൽ വി.ഡി. സതീശൻ പറവൂർക്കാരനെങ്കിൽ, ജനനം മുതൽ രാഷ്്ട്രീയത്തിലേക്കു ചുവടുവച്ച വിദ്യാർഥി സംഘടനാ പ്രവർത്തനഘട്ടം വരെ അദ്ദേഹം നെട്ടൂർക്കാരനാണ്. മരട് നെട്ടൂരിൽ വടശേരി വീട്ടിൽ ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് 1964 മേയ് 31നു സതീശന്റെ ജനനം.
പ്രാഥമിക വിദ്യാഭ്യാസം നെട്ടൂർ എസ് വിയുപി സ്കൂളിലായിരുന്നു. തുടർന്ന് പനങ്ങാട് എച്ച്എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർന്ന അദ്ദേഹത്തിന്റെ ബാല്യകാലം സമൂഹജീവിതത്തോടും പൊതുപ്രവർത്തനത്തോടും ചേർന്നുനിന്നു. ചെറുപ്പം മുതൽ തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച സതീശൻ, വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രശ്നങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും കൂടുതൽ അടുപ്പം പുലർത്തി.
കോളജ് പഠനം നെട്ടൂരിൽനിന്ന് ഏറെ ദൂരെയല്ലാത്ത തേവര എസ്എച്ചിൽ. പഠനകാലത്തു വിദ്യാർഥിരാഷ്്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സാന്നിധ്യമറിയിച്ചു. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായി നേതൃരംഗത്തേക്ക്. പിന്നീട് പലവട്ടം യുയുസിയുമായി. 1986-87 കാലത്ത് എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ.
തേവര സേക്രഡ് ഹാർട്ട് കോളജിൽനിന്നു ബിരുദവും രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും.
തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദവും ഗവ.ലോ കോളജിൽനിന്നു നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.
സംഘടനാ പാടവവും പ്രസംഗശൈലിയും ജനങ്ങളുമായി ഇടപഴകാനുള്ള കഴിവും കാരണം സതീശന് വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികസേവന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി മാറിയിരുന്നു.
ബാല്യകാല അനുഭവങ്ങളും വിദ്യാഭ്യാസജീവിതത്തിൽ നേടിയ നേതൃപരമായ പരിചയസമ്പത്തും അദ്ദേഹത്തിന്റെ രാഷ്്ട്രീയ ജീവിതത്തിന് ശക്തമായ അടിത്തറയായി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ തലസ്ഥാനം വിട്ട് രമേശ് ചെന്നിത്തല. ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിയസഭാകക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല. അദ്ദേഹം ഗുരുവായൂരിലേക്ക് പോയതായാണ് വിവരം.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലും താൻ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
Kerala
ഹരിപ്പാട്: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയും വിഷമവും പുകയുന്നു.
എഐസിസി തീരുമാനത്തിൽ വലിയ ഹൃദയവേദനയുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ പ്രേരണകളുണ്ടെന്നുമാണ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രാദേശിക നേതാക്കളും അണികളും പ്രതികരിച്ചത്.
പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകർ എന്ന നിലയിൽ ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിക്കളയുന്നില്ലെങ്കിലും, ജനപിന്തുണയുള്ള ഒരു മുതിർന്ന നേതാവിനെ പാർശ്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അണികൾ വിലയിരുത്തുന്നു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഹരിപ്പാട്ടുകാരുൾപ്പെടെയുള്ള പൊതുസമൂഹമെന്നും എന്നാൽ ആ പ്രതീക്ഷകൾ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നും ക്യാമ്പ് ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ പങ്കുവച്ചു.
ജനപിന്തുണയുള്ള നേതാവിനോടുള്ള അവഗണന
1982-ൽ ഹരിപ്പാട് നിന്നും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഓരോ തവണയും ചെന്നിത്തലയുടെ ഭൂരിപക്ഷം വർധിച്ചുവരികയാണുണ്ടായത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ജനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
ഹരിപ്പാട് ഒരു രാഷ്ട്രീയ മണ്ഡലമാണെങ്കിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിച്ചത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്. പൊതുസമൂഹത്തിന്റെ ഈ ആഗ്രഹം എവിടെയോ വെച്ച് തഴയപ്പെട്ടതിലാണ് അണികൾക്ക് കടുത്ത സങ്കടവും അമർഷവുമുള്ളത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഐഎസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.
തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. നിയമസഭാ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
Kerala
കല്‍പ്പറ്റ: സംസ്ഥാന മുഖ്യമന്തി പദത്തിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബത്തേരി നിയുക്ത എംഎല്‍എ ഐ.സി. ബാലകൃഷ്ണന് പിന്തുണച്ചതില്‍ അമ്പരപ്പ് മാറാതെ വയനാട്ടിലെ രമേശ് ചെന്നിത്തല അണികള്‍.
ജില്ലയില്‍ ഐസി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ബാലകൃഷ്ണന് നിര്‍ണായകഘട്ടത്തില്‍ ആര്‍സിയോട് കാട്ടിയത് നെറികേടാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ചെന്നിത്തല വിഭാഗക്കാരില്‍ പലര്‍ക്കും.
സംസ്ഥാന മുഖ്യമന്ത്രിപദം ആര്‍ക്ക് നല്കണമെന്നതില് നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹിതം ആരായാനെത്തിയ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കിനും അജയ് മാക്കനും മുമ്പാകെയാണ് ബാലകൃഷ്ണന് കെ.സി. വേണുഗോപാലിനോടുള്ള താത്പര്യം വ്യക്തമാക്കിയത്.
രമേശ് ചെന്നിത്തലയ്ക്ക് രണ്ടാമത് പരിഗണനയാണ് ബാലകൃഷ്ണന് നല്‍കിയത്. മുഖ്യമന്ത്രി വിഷയത്തില്‍ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേന്ദ്ര നേതാക്കള്‍ രേഖപ്പെടുത്തിയ പേപ്പറിന്റെ ഭാഗത്തിന്റെ ചിത്രം പ്രമുഖ ഇംഗ്ലീഷ് പത്രം പുറത്തുവിട്ടതോടെയാണ് ഐസിയുടെ നിലപാട് വെളിച്ചത്തായത്.
ജില്ലയില്‍നിന്നുള്ള മറ്റു നിയുക്ത എംഎല്‍എമാരായ ടി. സിദ്ദിഖ്(കല്‍പ്പറ്റ), ഉഷ വിജയന്(മാനന്തവാടി) എന്നിവരും കെസി മുഖ്യമന്ത്രിയാകണമെന്ന താത്പര്യമാണ് എഐസിസി നിരീക്ഷകരെ അറിയിച്ചത്. ജില്ലയില്‍നിന്നുള്ള മൂന്ന് നിയുക്ത എംഎല്‍എമാരില്‍ ഒരാള്‍ പോലും വി.ഡി. സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചില്ല.
ജില്ലയില്‍ ആര്‍സി ഗ്രൂപ്പിലെ പ്രധാനികളില്‍ ഒരാളായാണ് ബാലകൃഷ്ണന്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ബാലകൃഷ്ണന് രക്ഷാകവചം ഒരുക്കിയത് ചെന്നിത്തലയാണ്. ഏറ്റവും ഒടുവില്‍ ബത്തേരി മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാംതവണയും സീറ്റ് ഉറപ്പിക്കുന്നതിലും ചെന്നിത്തല വലിയ പങ്ക് വഹിച്ചു.
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം, ഡിസിസി ട്രഷററായിരുന്ന എന്‍.എം. വിജയന്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാകുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്ത ബാലകൃഷ്ണന് സീറ്റ് നല്‍കരുതെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ചെന്നിത്തല ശക്തമായി ഇടപെട്ട് ടിക്കറ്റ് ഉറപ്പിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസ്ഥാനത്തെമ്പാടും ഫ്ളക്സ് യുദ്ധം. എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് തലസ്ഥാന നഗരത്തിലും സെക്രട്ടറിയേറ്റിനു സമീപത്തും സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.
കെപിസിസി ആസ്ഥാനത്തിനു സമീപം സ്ഥാപിച്ച കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തിയിരിക്കുന്നത്.
വി.ഡി.സതീശന് അനുകുലമായി വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വി.ഡി. പക്ഷം പ്രകടനങ്ങള്‍ നടത്തിയിരുന്നു. എഐസിസി നിരീക്ഷകരായ അജയ്മാക്കനും മുകുള്‍ വാസ്നിക്കും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വ്യാഴാഴ്ച തലസ്ഥാനത്ത് എംഎല്‍എമാരുടെ അഭിപ്രായം തേടാന്‍ എത്തിയവേളയിലുണ്ടായ ഫ്ളക്സ് യുദ്ധവും വാക്ക് പോരുകളും നിരീക്ഷകര്‍ക്ക് അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിസ്ഥാനപ്പോരില് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഹൈക്കമാന്‍ഡിനും കടുത്ത അതൃപ്തിയുണ്ട്. ചരിത്രവിജയത്തിന്റെ ശോഭ കെടുത്തുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
അതേസമയം എംഎല്‍എമാരുടെ അഭിപ്രായം തേടി നിരീക്ഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റിന് ഇന്ന് കൈമാറും. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഡൽഹിയിലേക്ക് മടങ്ങി.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നു നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡന്റിന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന് പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രനിരീക്ഷകർ 63 എംഎല്‍എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്, വി.എം.സുധീരന്, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന് തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി.
Kerala
തൃശൂർ: മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ പൂജനടത്തിയത്.
ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും.
ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് സൂചന.
Kerala
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച സജീവമാകുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചെന്നും താൻ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ഡൽഹിയിലെത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴിയൊരുങ്ങിയത്.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നു സൂചന. ഹൈക്കമാൻഡിന്റെ പ്രത്യേക നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്ത് എത്തും. ഇതേ വിമാനത്തിലാണ് ചെന്നിത്തലയും തിരികെ സംസ്ഥാനത്തേക്ക് എത്തുകയെന്നതും ശ്രദ്ദേയമാണ്.
Kerala
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സോണിയാ ഗാന്ധിയെ കാണാന്‍ എത്തിയപ്പോഴാണ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാനാണ് ഡല്ഹിയിലെത്തിയാതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Kerala
പത്തനംതിട്ട: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ അതികായനായ നേതാവാണ് കെ.സി. വേണുഗോപാൽ. കോൺഗ്രസിൽ കൂടുതൽ അഭിപ്രായമുള്ള നേതാവുമാണ്. കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തിലാണ് ഒരുപാട് എംഎൽഎമാർ ഉണ്ടായത്. കേരളത്തിൽ ഉള്ളത് കറുകപ്പുല്ലു മാത്രമാണ്. അതു തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തലയെയും പുകഴ്ത്തി സംസാരിച്ച വെള്ളാപ്പള്ളി രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും പറഞ്ഞു.
എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആൾ ആണ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും പരിചയമുണ്ട്. അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും ഒന്നുമായില്ല. എല്ലാം സഹിച്ചു നിന്ന ആളാണ് ചെന്നിത്തലയെന്നും പറഞ്ഞു. അതേസമയം, യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നത്പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം വൻ വിജയം നേടുമെന്ന നിലപാടിലായിരുന്നു വോട്ടെണ്ണലിനു മുമ്പുവരെ വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിക്കുകയുംചെയ്തിരുന്നു. യുഡിഎഫ് നൂറിനു മേൽ സീറ്റ് നേടിയാൽ താൻ എസ്എൻഡിപി നേതൃസ്ഥാനം ഒഴിയുമെന്നു വരെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Kerala
കൊച്ചി: എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് തുടരവെ കേരളത്തില്‍ ഫ്ളക്സ് യുദ്ധം തുടരുന്നു. എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളായി കെ.സി. വേണുഗോപാലിനായും രമേശ് ചെന്നിത്തലക്കായും വി.ഡി. സതീശനായും വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.
പെരുമ്പാവൂരിലും ഇടപ്പള്ളിയിലുമാണ് കെ.സി. വേണുഗോപാലിനായി ഫ്ളക്സ് എത്തിയത്. പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങള്‍, 'യുഡിഎഫ് ജയിച്ചു, കെസി നയിക്കും' എന്ന വാചകങ്ങളോടെയാണ് ഫ്ളക്സ് എത്തിയത്. പെരുമ്പാവൂരില്‍ ഇന്ദിരാ ഭവന്റെ മുന്നിലടക്കം അഞ്ചിടങ്ങളിലായാണ് ഫ്ളക്സ് എത്തിയത്. ഇടപ്പള്ളി ടൗണില്‍ ലുലു മാളിന് അടുത്തായി കെ.സിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ഫ്ളക്സും ഇന്നലെ എത്തിയിരുന്നു.
രമേശ് ചെന്നിത്തലയ്ക്കായും പെരുമ്പാവൂരില്‍ ഫ്ളക്സ് എത്തിയിട്ടുണ്ട്. 'കേരളത്തെ നയിക്കാന്‍ രമേശ് ചെന്നിത്തല' എന്നാണ് ഫ്ളക്സില്‍ ഉള്ളത്. ആര്‍സി ബ്രിഗേഡ് എന്ന പേരിലാണ് ഫ്ളക്സുകള്‍ വച്ചിട്ടുള്ളത്. വി.ഡി. സതീശനായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഫ്ളക്സ് ഉയര്‍ന്നിരുന്നു.
'പട നയിച്ചവര്‍ നാട് നയിക്കട്ടെ', 'നിലപാടുകള്‍ രാജകുമാരന്', 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍' എന്ന വാചകങ്ങളോടെയാണ് കങ്ങരപ്പടിയില്‍ ഫ്ളക്സ് എത്തിയത്. മൂവാറ്റുപുഴയിലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ളക്സുകള്‍ എത്തിയിട്ടുണ്ട്.
യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിച്ച പ്രചാരണ സമിതി ചെയര്മാന് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയാണ് മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയ പോസ്റ്റര്‍. വനവാസമല്ല, പട്ടാഭിഷേകം എന്നെഴുതിയ പോസ്റ്റര്‍ ആയിരുന്നു ഇന്നലെ മൂവാറ്റുപുഴയില്‍ എത്തിയത്.
അതേസമയം, ഫ്ളക്സ് ബോര്‍ഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്ന് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ചര്‍ച്ചകള്‍ വി.ഡി. നേരിട്ട് പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളെ കാണാന്‍ ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ കെ.സി. വേണുഗോപാലും ഡല്‍ഹിയില്‍ എത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ജനവിധിയെ ആദരവോടെ കാണുന്നുവെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗാരന്റികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പോസിറ്റീവ് അജണ്ട മുന്നോട്ടുവച്ചുകൊണ്ടാണ് തങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പോസിറ്റീവ് അജൻഡയെയും ഗാരന്റിയെയും കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചു.
ഈ വിജയത്തിൽ അഹങ്കരിക്കുകയല്ല, ഈ വിജയത്തിൽ കൂടുതൽ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്കു വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും രമേശ് പറഞ്ഞു.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ആദ്യ വിജയം യുഡിഎഫ് സ്വന്തമാക്കി. ഹരിപ്പാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല 23,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശ്രദ്ധേയ വിജയം നേടി.
15 റൗണ്ടുകൾ പൂർത്തിയായ വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ ചെന്നിത്തല, ശക്തമായ മുന്നേറ്റത്തോടെ വിജയത്തിലേക്ക് കടന്നുകയറുകയായിരുന്നു. സി.പി.ഐ സ്ഥാനാർഥിയായ ടി.ടി. ജിസ്മോൻ ഉൾപ്പെടെയുള്ള എതിരാളികളെ പിന്നിലാക്കി ചെന്നിത്തലയുടെ വിജയം യുഡിഎഫിന് ജില്ലയിൽ ആത്മവിശ്വാസം പകരുന്നതായി മാറി.
ബി.ജെ.പി സ്ഥാനാർഥിയായ സന്ദീപ് വാചസ്പതി, മറ്റ് സ്ഥാനാർഥികളായ വിദ്യ വി.പി (എസ്യുസിഐ), രമേഷ് സി (സ്വതന്ത്രൻ), സൗമ്യ.വി. ശശിധരൻ (സ്വതന്ത്രൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. നോട്ടയ്ക്ക് 465 വോട്ടുകൾ ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളിൽ ആദ്യമായി എത്തുന്ന ഈ വിജയം യുഡിഎഫിന് വലിയ രാഷ്ട്രീയ ഉണർവ്വാണ് നൽകുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യു ഡിഎഫ് സ്വാധീനം ശക്തമാക്കിയ വിജയമാണുള്ളത്.
Kerala
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് തകർപ്പൻ ജയം. 23377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല വിജയിച്ചത്. 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി.
എതിർ സ്ഥാനാർഥികളായ ടി.ടി.ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി. സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഹരിപ്പാട് യുഡിഎഫിനൊപ്പം നിന്നിരുന്നു.
കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി.
എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. അന്ന് 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പ്രത്യേക വിശുദ്ധകുർബാന നേർച്ച നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കാണണമെന്നും ഇതിനുവേണ്ടിയാണ് കുർബാന അർപ്പിച്ചതെന്നും സിജോ കുഞ്ഞാണ്ടി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വി.ഡി. സതീശനായി കേരളത്തിലെ പലയിടങ്ങളിലും ഫ്ലക്സുകൾ ബോർഡുകൾ ഉയർന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി.ഡി. സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ളക്സിൽ പറയുന്നത്. എറണാകുളം തൃക്കാക്കരയിൽ ഒലിമുഗൾ ജങ്ഷനിലാണ് വി.ഡി. സതീശൻ അനുകൂലമായി ഫ്ലക്സ് സ്ഥാപിച്ചത്. ഹരിപ്പാടും വി.ഡി. സതീശന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫ്ലക്സ് ബോർഡ് വെച്ചത്. കരുവാറ്റയിലെ വാർഡ് കമ്മിറ്റികളുടെ പേരിലാണ് ഫ്ലക്സ് ബോർഡ്.
Kerala
തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31ന് BOOT കരാര്‍ അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി.
കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോത്പാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.
വൈദ്യുത ബോർഡ്മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വില്‍ക്കാനുള്ള സ്വാതന്ത്ര്യം കാർബൊറാണ്ടത്തിന് ലഭിച്ചു.
ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.
മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉത്പാദിപ്പിക്കാന്‍ ഈ നിലയത്തിനാകും. ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്. കേരളത്തിന്റെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തില്ല.
പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊച്ചിയിൽ പി.കെ. ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് കെഎസ്യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്റെ കൈയിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്.
അന്നും ഇന്നും നമ്മള് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു. വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയര്‍ന്ന സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. ലോഡ് ഷെഡിംഗ് ഇല്ലാത്ത പത്ത് വർഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: വെടിക്കെട്ട് അപകടം തടയാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോട് പ്രദേശവും മെഡിക്കൽ കോളജ് ആശുപത്രിയും സന്ദർശിച്ചശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ സംബന്ധിച്ച് പഠിക്കാൻവച്ച കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ട്.
ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ നടപ്പിലാക്കിയില്ല. വിവിധ സ്ഥലങ്ങളിൽ പെരുന്നാളും ഉത്സവങ്ങളും പൂരങ്ങളുമൊക്കെ നടത്തുന്ന ദേവസ്വങ്ങളോ അവിടുത്തെ കമ്മിറ്റിക്കാരോ ശ്രദ്ധിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അപകടം.
മുണ്ടത്തിക്കോട് അവിടെ ഒരു ഫയർഫോഴ്സിന്റെ സംവിധാനം പോലുമില്ലാതെയാണ് ഈ പടക്കങ്ങൾ നിർമിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടുന്ന അമിട്ടുകൾ ഒക്കെ നിർമിക്കുകയും ഒക്കെ ചെയ്തത്. അതുപോലെ ശാസ്ത്രീയമായ നിലയിലുള്ള ഒരു സംവിധാനവും അവിടെ ഏർപ്പെടുത്തിയിരുന്നില്ല.
വാസ്തവത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് പരിഷ്കൃതമായ രീതിയിൽ ആയിരിക്കണം, ശാസ്ത്രീയമായ നിലയിൽ ആയിരിക്കണം. ശാസ്ത്രീയമായ നിലയിൽ ഈ ഉത്സവത്തിന് ആവശ്യമായ പടക്കങ്ങൾ നിർമിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും ഒക്കെ തയാറാകാത്ത പക്ഷം ഇത്തരം അപകടങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്.
പലപ്പോഴും നമ്മൾ ഈ അപകടം ഉണ്ടാകുമ്പോൾ അതിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യും, പിന്നെ നമ്മളെല്ലാം ഇതും മറന്നുപോകും. അതുകൊണ്ട് ക്ഷേത്രങ്ങളിൽ ആണെങ്കിലും പള്ളികളിൽ ആണെങ്കിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിൽ ആണെങ്കിലും അവിടെ ഒക്കെ വെടിക്കെട്ടിനു വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പ്രത്യേകമായ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താൻ പാടുള്ളൂ.
വലിയ തോതിൽ വലിയ അപകടസാധ്യതയുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്നലെ പല ശവശരീരങ്ങളുടെ ഭാഗങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കനുള്ള ശക്തമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത് നമ്മളെല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.
പുറ്റിങ്ങൽ അപകടം ഉണ്ടായതിനുശേഷവും ഇത്തരം വാദങ്ങൾ നിലവിലുണ്ടായിരുന്നു. ഇത് ശാസ്ത്രീയമായ നിലയിൽ പുനഃസംവിധാനം ചെയ്യണം. അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് ആനകളെ ഉപയോഗിക്കുമ്പോൾ ആനകളെ എങ്ങനെ പരിപാലിക്കണം എന്നുള്ള നിയമമുണ്ട്, അതൊന്നും പാലിക്കപ്പെടുന്നില്ല.
അതുപോലെ കരിമരുന്ന് പ്രയോഗം നടത്തുന്നതിനെ സംബന്ധിച്ച് നിയന്ത്രണങ്ങളുണ്ട്, അത് നടപ്പിലാക്കുന്നില്ല. അതിന്റെ ഫലമാണ് ഇത്രയും വലിയ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്.
എത്ര സഹായം കൊടുത്താലും അവരുടെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ. ഇനി ആ കുടുംബത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യാൻ കഴിയുന്നത്.
അപ്പോ സർക്കാരുകൾക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെ. മറ്റുള്ള ആളുകളും ഇപ്പോ സഹായങ്ങളുമായിട്ട് മുന്നോട്ടുവന്നിട്ടുണ്ട്. എം.എ. യൂസഫ് അലി സഹായത്തിന് മുന്നോട്ടുവന്നിട്ടുണ്ട്, കല്യാൺ ജുവലേഴ്സ് വന്നിട്ടുണ്ട്. അപ്പോ അങ്ങനെയുള്ള ആളുകളൊക്കെ സഹായിക്കും. കേരളം അങ്ങനൊരു മനസുള്ള നാടാണ്. ഇത്തരം സംഭവങ്ങൾ ഇനിയും വർത്തിക്കാതിരിക്കട്ടെ എന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയിലെ വിമാനയാത്ര പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡുവിന് കത്തയിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
വിമാന യാത്രാ പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മേയ് 31 വരെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കാരണം പല സര്‍വീസുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
കൂടാതെ പശ്ചിമേഷ്യന്‍ വ്യോമപാത നിയന്ത്രണങ്ങളും വിമന കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. തുടര്‍ന്ന് എയര്‍ ഇന്ത്യ 690 സര്‍വീസുകള്‍ റദ്ദാക്കുകയും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ 90 ശതമാനം കുറക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ഇടപെട്ട് കൂടുതല്‍ ഇന്ത്യന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും വിമാന നിരക്ക് നിയന്ത്രിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അടിയന്തഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്പെഷല്‍ നിരക്കില്‍ വിമാന യാത്ര ഏര്‍പ്പാട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Kerala
നെടുമങ്ങാട്: കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മാതാപിതാക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല. നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും ജാതി വിവേചനം കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷുവിന്റെയൊക്കെ അവധിയായതുകൊണ്ട് തങ്ങളുടെ മകൻ വീട്ടിലേക്ക് വരുമെന്ന് കരുതി കാത്തിരുന്ന അച്ഛനും അമ്മയ്ക്കും കാണാൻ കഴിഞ്ഞത് അവന്റെ ചേതനയറ്റ ശരീരമാണ്. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ആത്മഹത്യയാണോ എന്ന് പോലും വീട്ടുകാർക്ക് സംശയം ഉണ്ട്. അപ്പോൾ വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങൾ പുറത്തുവരികയുള്ളൂവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒരു കോളജിൽ ഇങ്ങനെ ജാതി അധിക്ഷേപം നടക്കുന്നു എന്ന് പറയുന്നത് തന്നെ എത്രമാത്രം അപമാനകരമായ ഒരു സംഭവമാണ്. ഇതിലെ യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരും രക്ഷപ്പെടാൻ പാടില്ല. തന്നെയുമല്ല ഈ കുട്ടിയുടെ മൃതദേഹം വീട്ടിൽ കൊണ്ടു വന്നപ്പോൾ ആ കോളജിൽ നിന്ന് ആരും വന്നില്ല.
മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആരും വന്നില്ല. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന് തങ്ങളുടെ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒന്നും പറയാനില്ലന്ന് പറയുന്നത് എത്ര ക്രൂരമാണന്നും ചെന്നിത്തല പറഞ്ഞു. ജെബി മേത്തർ എംപി, വി.പി. സജീന്ദ്രൻ എന്നിവരും രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമായിരിക്കെ, ഇ - ഓഫീസ് മെയിന്റനൻസ് എന്ന പേരിൽ അഞ്ചുദിവസത്തേക്ക് സർക്കാർ വക ഇ ഓഫീസ് സെർവറുകൾ ഡൗൺ ചെയ്യുന്നത് അഴിമതി ഫയലുകൾ മൂക്കാനുള്ള ഗൂഢാലോചനയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
തികച്ചും സംശയാസ്പദമായ നീക്കം ആണിത്. നിലവിൽ ഈ മെയിന്റനൻസ് ചെയ്യേണ്ട യാതൊരു അടിയന്തരാവസ്ഥയും നിലനിൽക്കുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷവും ചെയ്യാവുന്ന കാര്യമാണിത്.
അതിപ്പോൾ ചെയ്യുന്നത് മുൻ സർക്കാർ വൻതോതിൽ അഴിമതി നടത്താൻ ഉദ്ദേശിച്ച പല ഫയലുകളും ഡിലീറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്.
മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതിനു തെരഞ്ഞെടുത്ത സമയത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.വളരെ സുതാര്യമായ ചെയ്യേണ്ട ഈ പ്രക്രിയ കാവൽ മന്ത്രിസഭ നിലനിൽക്കുന്ന ഈ സമയത്ത് ചെയ്യുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതികൾ മൂടിവയ്ക്കാനും ആണ്.
ഇതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ അടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നും കർശനമായ നടപടികൾ ഉണ്ടാവും. ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന സമയത്തും സെക്രട്ടറിയേറ്റിൽ ഒരു അത്ഭുത തീപിടിത്തം ഉണ്ടായിരുന്നു. അതിന് സമാനമായ ഒരു ഡിജിറ്റൽ ക്ലീൻ അപ്പ് ആണ് ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവേ ജനങ്ങളുടെ സംശയം. ഇത് അടിയന്തരമായി നിർത്തിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: പിണറായി വിജയനോട് കേരള ജനത ഗുഡ് ബൈ പറഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. നൂറിൽ അധികം സീറ്റ് യുഡിഎഫിന് ലഭിക്കും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും.
ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും സാന്നിധ്യം കരുത്തായി. പലയിടത്തും സിപിഎം - ബിജെപി അന്തർധാര ഉണ്ടായി. അതിനെ മറികടന്ന് യുഡിഎഫ് ജയിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
എതിർ സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെ ഏറ്റവും അന്തസുള്ള രീതിയിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മനസോടെ പ്രവർത്തിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രത്യേകത.
കണ്ണൂരിലെ ആക്രമണത്തെ ശക്തമായി പ്രതിഷേധിക്കുന്നു. സിപിഎം അക്രമ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതിൽ പോലും തള്ളിയിട്ടു. സിപിഎമ്മിന് പരാജയ ഭീതിയാണെന്നും അദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: സമയം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ.
നിശബ്ദപ്രചാരണ ദിവസം എൽഡിഎഫും എൻഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നേമത്ത് മദ്യം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിർമിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണെന്നും അത് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി തന്നെ റിപ്പോർട്ട് കൊടുത്തിട്ടുള്ളതുമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.
ഈ വിഷയത്തിൽ അന്നുമുതൽ ഏറ്റവും കൂടുതൽ നിയമസഭയ്ക്കകത്തും പ്രതികരിച്ച ഒരാൾ താനാണ്. ഹൈക്കോടതി ഒരു അമികസ് ക്യൂറിയെ വച്ചു. അമികസ് ക്യൂറിയുടെ റിപ്പോർട്ടിലും അതു വ്യക്തമായി പറയുന്നുണ്ട്.
കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജയൻ സർക്കാരിനാണ്. അത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടാൽ പിന്നെ പ്രളയമല്ലാതെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തു വന്നതോടെ സ്വകാര്യസ്ഥാപനത്തിനുവേണ്ടി കൂടിയാണു അന്നത്തെ പിണറായി സർക്കാർ കേരളത്തിൽ പ്രളയം സൃഷ്ടിച്ചതെന്നത് അദ്ഭു തപ്പെടുത്തുന്നതാണ്.
54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരിക്കുകയും ചെയ്ത ദുരന്തം അന്നത്തെ ഇടതു സർക്കാരിന്റെ സൃഷ്ടിയായിരുന്നു.
യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
പത്തനംതിട്ട: പ്രകടന പത്രികയിലോ പ്രോഗ്രസ് റിപ്പോര്‍ട്ടിലോ ശബരിമല വിഷയത്തെക്കുറിച്ച് എല്‍ഡിഎഫ് നിശബ്ദത പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. സ്വര്‍ണം കൊള്ളയടിച്ച ആളുകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ്. പാര്‍ട്ടി തലതലത്തില്‍ നടപടി സ്വീകരിക്കാതിരിക്കുന്നതും സംശയങ്ങള്‍ക്ക് ഇട നല്കുന്നു. യുവതി പ്രവേശനത്തെ സംബന്ധിച്ച നിലപാടും അവ്യക്തമാണ്.
ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ മൗനം ഭക്തജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ശബരിമലയിലെ സ്വര്‍ണം കവര്‍ന്നവരെ സംബന്ധിച്ച് ഒരു വാക്കുപോലും പറയുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ നടന്ന വന്‍ കൊള്ളയ്ക്ക് നേതൃത്വം കൊടുത്തവരെ സംരക്ഷിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
District News
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഭരണം നിലനിർത്താൻ എസ്ഡിപിഐ ഉൾപ്പെടെ തീവ്ര നിലപാടുള്ള സംഘടനകളുമായും ബിജെപിയുമായും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐ പോലുള്ള സംഘടനകളുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയാറുണ്ടോ എന്ന് അദ്ദേഹം ഹരിപ്പാട് നടത്തിയ വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചു.
ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത വിധം വർഗീയ ശക്തികളെ ചേർത്തുപിടിച്ചാണ് പിണറായി വിജയൻ ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു വോട്ടിനു വേണ്ടി ഏത് ചെറ്റത്തരവും കാണിക്കാൻ ടിയില്ലെന്ന് മുഖ്യമന്ത്രി സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്. മഹാരാജാസ് കോളജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായും അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായും സന്ധി ചെയ്യാൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഒരു മടിയുമില്ല. മകനെ നഷ്ടപ്പെട്ട അഭിമന്യുവിന്റെ അമ്മയുടെ ഹൃദയഭേദകമായ വാക്കുകൾ ഇപ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഇത്തരം കൊലയാളി സംഘങ്ങളുമായി കൈകോർക്കുമ്പോൾ സിപിഎമ്മിന്റെ രാഷ്ട്രീയ മൂല്യങ്ങൾ എവിടെയാണെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് എൽഡിഎഫ് തുടർഭരണം നേടിയതെന്ന് ചെന്നിത്തല ആരോപിച്ചു. നരേന്ദ്ര മോദിയുടെ ലക്ഷ്യം കോൺഗ്രസ് മുക്തഭാരതമാണ്. എന്നാൽ, പിണറായി വിജയൻ ആഗ്രഹിക്കുന്നത് കോൺഗ്രസ് മുക്ത കേരളമാണ്. ഈ രണ്ട് ആഗ്രഹങ്ങളും ഒരേ ബിന്ദുവിൽ സംഗമിച്ചപ്പോൾ ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിച്ചുകൊടുക്കാനുള്ള പാലം എളുപ്പമായി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ വമ്പിച്ച തരംഗമാണ് നിലവിലുള്ളതെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നൂറിനു മുകളിൽ സീറ്റ് പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ആരെന്നത് തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുക. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും വി.ഡി. സതീശനും വ്യത്യസ്ത ശൈലിയായിരുന്നു. കെ.സി. വേണുഗോപാലുമായും സതീശനുമായും അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ സർക്കാരിന് വീട് നിർമാണം പൂർത്തിയാക്കാനായില്ല. കോൺഗ്രസ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാർ അഴിമതികൾ പുറത്തു കൊണ്ടു വന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ലോക്സഭയിൽ കോൺഗ്രസ് എംപിമാരെ കണ്ടതോടെ എഫ്സിആർഎ ഭേദഗതി ബില്ല് അവതരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടിയെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ നല്ലൊരു ശതമാനം എംപിമാർക്കും ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് എംപിമാർ സമ്മേളനത്തിൽ പങ്കെടുത്തതോടെ ബില്ല് സഭയിൽ അവതരിപ്പിക്കാതെ കേന്ദ്രസർക്കാർ ഒളിച്ചോടുകയായിരുന്നു. കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് വലിയ പ്രതിഷേധമുയർത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ പരിഹസിച്ച മുഖ്യമന്ത്രി, സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നാണ് പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രൂവറീസ് മുതൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും താൻ തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്. എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.
ടിസിഎസ് അടക്കമുള്ള സോഫ്റ്റ്വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വോട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്റേത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടുകൂടി നടപടികൾ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യമെന്നും ചെന്നിത്തല ആരോപിച്ചു.
"സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
2026 ഫെബ്രുവരി മധ്യത്തോടെയാണ് ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനു വേണ്ടി റിവേഴ്സ് ഓക്ഷന് നടത്തിയത്. ഇതില്‍ ടെക്നിക്കല്‍ ബിഡില്‍ പാസായത് ദിനേശ് ബീഡി കണ്‍സോര്‍ഷ്യവും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമാണ്.
4415 ബാങ്ക് ശാഖകള്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്. അതേസമയം മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മിറ്റ്കോ) നല്‍കിയത് 4415 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 231.7 കോടി രൂപയുടെ ബിഡ്.
ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചിരിക്കുന്ന ബിഡ് അനുസരിച്ച് ഒരു ശാഖയില്‍ പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കി നല്‍കുന്നതിനുള്ള ചിലവ് 17.8 ലക്ഷം രൂപയാണ്. അതേസമയം മലബാർ ഇൻഫർമേഷൻ ടെക്നോളജി 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു.
അതായത് 4415 സൊസൈറ്റികളില്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഈ സോഫ്റ്റ് വെയ് സ്ഥാപിക്കുമ്പോള്‍ ആകെ ചെലവ് 231.7 കോടി. അതേസമയം സര്‍ക്കാര്‍ ഇതിന്റെ കോണ്‍ട്രാക്ട് സമ്മാനിക്കാന്‍ പോകുന്ന ദിനേശ് സഹകരണസംഘം ഇത്രയും ഇടങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചിലവ് ഏതാണ്ട് 785 കോടി രൂപ.
എന്നാല്‍ ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് ഞാൻ ഉദ്ധരിച്ച കണക്കുകള്‍ ഞാൻ വ്യക്തമാക്കുന്നു.
ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: സഹകരണവകുപ്പില്‍ അഴിമതിക്ക് ശ്രമം നടന്നെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച വിഷയത്തില്‍ ഹൈക്കോടതി സ്റ്റേ വന്നതുതന്നെ ഇതില്‍ കാര്യമുണ്ടെന്ന് കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
തന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും സഹകരണവകുപ്പ് മന്ത്രിയും പറഞ്ഞ വിശദീകരണങ്ങളില്‍ വൈരുധ്യമുണ്ട്. ടിസിഎസ് പിന്മാറിയതിനാല് വീണ്ടും ടെന്‍ഡര്‍ വിളിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പക്ഷേ ഒറ്റയാള്‍ മാത്രം വന്നതിനാലാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചതെന്നാണ് മന്ത്രി പറയുന്നത്. പദ്ധതി സോഫ്റ്റ്വെയർ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണസംഘത്തിന് നല്‍കിയതെന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായിട്ടും നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ മറുവശത്ത് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലും വൈരുധ്യമുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
NRI
ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി സമൂഹത്തെ സജീവമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി യുഡിഎഫ് യൂറോപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് നടക്കും.
യുകെ സമയം വൈകുന്നേരം 4.30നും യൂറോപ്പ് സമയം വൈകുന്നേരം 5.30നും ആരംഭിക്കുന്ന പരിപാടി ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴി സംഘടിപ്പിക്കപ്പെടും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് പാർട്ടി വർക്കിംഗ് കമ്മിറ്റി സ്ഥിരം ക്ഷണിതാവും യുഡിഎഫ് ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.
കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖ യുഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുകയും പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
അൻവർ സാദത്ത് (ആലുവ), വി.എസ്. ജോയ് (തവനൂർ), സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), കെ.എം. അഭിജിത്ത് (നാദാപുരം), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ഷിബു തെക്കുംപുറം (കോതമംഗലം), എ.ഡി. തോമസ് (ആലപ്പുഴ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), പഴകുളം മധു (റാന്നി), എ.പി. അനിൽകുമാർ (വണ്ടൂർ), അപ്പു ജോൺ ജോസഫ് (തൊടുപുഴ), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), പി.കെ. ബഷീർ (എറനാട്), കെ. പ്രവീൺകുമാർ (കൊയിലാണ്ടി), രമേശ് പിഷാരടി (പാലക്കാട്) എന്നിവർ പങ്കെടുക്കും.
കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ, മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങൾ, വികസന കാഴ്ചപ്പാടുകൾ തുടങ്ങിയവയെക്കുറിച്ച് സ്ഥാനാർഥികൾ പരിപാടിയിൽ വിശദീകരിക്കും. പ്രവാസി സമൂഹത്തിന്റെ ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും നേരിട്ട് മറുപടി നൽകുന്നതിനുള്ള അവസരവും പരിപാടി ഒരുക്കുന്നുണ്ട്.
പ്രവാസി മലയാളികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഇടപെടലുകളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഊർജം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ്, കൺവീനർ സണ്ണി ജോസഫ് എന്നിവർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂം ലിങ്ക് വഴി പ്രവേശിക്കാം. സൂം ലിങ്ക്: https://us06web.zoom.us/j/81109719244?pwd=BcabjEPC7SIbryFdYJuSy68QXtbL3b.1
Meeting ID: 811 0971 9244, Passcode: udfeurope.
Kerala
തിരുവനന്തപുരം: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്വെയർ അഴിമതി നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിനു കീഴിലെ സഹകരണ സംഘങ്ങൾക്ക് പൊതുവായി ആവശ്യമുള്ള കോമൺ സോഫ്റ്റ്വെയർ പദ്ധതി ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയാണ് അഴിമതി നടത്തുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സഹകരണ വകുപ്പിന് കീഴിലുള്ള 4,415 സംഘങ്ങൾക്ക് പൊതു കമ്പ്യൂട്ടർ സോഫ്റ്റ്വെയർ നൽകാൻ ദിനേശ് ബീഡി സഹകരണ സംഘത്തിന് ഇപ്പോൾ പുതുതായി കരാർ നൽകിയിരിക്കുകയാണ് .മുമ്പ് ഇത് ടാറ്റ കൺസൾട്ടൻസി സർവീസിന് ആയിരുന്നു നൽകിയിരുന്നത് അവർ 4,415 സംഘങ്ങൾക്കും കൂടി 216 കോടി രൂപയായിരുന്നു കരാർ ഏറ്റെടുത്തത്. എന്നാൽ അത് അജ്ഞാത കാരണങ്ങളാൽ റദ്ദാക്കി ഇപ്പോൾ കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു കമ്പനികൾ മാത്രം പങ്കെടുത്ത ലേലം വഴി ദിനേശ് ബീഡി സഹകരണ സംഘത്തിന് പുതിയ കരാർ നൽകുകയാണ്.
250 അംഗങ്ങൾക്ക് 58 കൂടി രൂപയാണ് ആദ്യ കരാറിൽ നൽകുന്നത്. ഇങ്ങനെ കണക്കാക്കിയാൽ മൊത്തം കരാർ തുക 914 കോടി രൂപയാകും. ടിസിഎസ് എടുത്ത കരാറിനേക്കാൾ 700 കോടി രൂപയാണ് അധികമാകുന്നത് ഇത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ നടപ്പാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ആവശ്യപ്പെടാനും നീക്കമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിൽ സിപിഎമ്മും ബിജെപിയുമായുള്ള ഡീൽ മിക്ക സ്ഥലങ്ങളിലും വളരെ പരസ്യമായി ഉള്ളതാണെന്ന് രമേശ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൻഡിഎയുടെ സ്ഥാനാർഥികൾ ആരെന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല. കേരളത്തിലെ ഡീൽ യഥാർഥത്തിൽ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ളതാണ്.
മുഖ്യമന്ത്രി വിനീത വിധേയനായി ആറന്മുള കണ്ണാടിയും ആമാടപ്പെട്ടിയും ഒക്കെയായി പ്രധാനമന്ത്രിയുടെ പിറകെ നടക്കുകയാണ്. ഇത് നേരത്തെ ശ്രീ എം വഴി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തി പിണറായിക്ക് വേണ്ടി നടത്തിയ ഡീലിന്റെ പുതിയ രൂപമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് വർഗീയ സംഘടനകളെകൂട്ടുപിടിക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ എസ്ഡിപിഐയും പിഡിപിയും സിപിഎമ്മിന് പരസ്യ പിന്തുണ നൽകുന്നത് അറിഞ്ഞില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്നു കോണ്‍ഗ്രസ് പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല ആരോപിച്ചു.
കോണ്‍ഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന് തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്.
മുഖ്യമന്ത്രി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലും ശബ്ദത്തിലുമാണ്. ബിജെപിക്കു സംസ്ഥാനത്ത് എംഎൽഎമാരെ ഉണ്ടാക്കാനുള്ള ക്വട്ടേഷനും പിണറായി ഏറ്റെടുത്തിട്ടുണ്ട്. മോദി പിണറായി ഡീലുകളാണ് ഇതിനു പിന്നിൽ.
ശബരിമല സ്വർണക്കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാർ ശ്രമം പാഴായയതു പിണറായി സർക്കാരിന്റെ മുഖത്തിനേറ്റ അടിയാണെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും കുര്യൻ പറഞ്ഞു.
തിരുവല്ലയിലെ യുഡിഎഫ് കൺവൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് കുര്യന്റെ പ്രസ്താവന.
എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും കുര്യൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് കുര്യന്റെ പരസ്യ പ്രസ്താവന.
Kerala
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹര്യമാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്നാണ് ജനം ആഗ്രഹിക്കുന്നത്. 10 വർഷത്തെ ഭരണം കഴിയുമ്പോൾ സംസ്ഥാനം ഗുരുതര തകർച്ചയിലാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയിലെ സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും ഭക്ത ജനങ്ങൾക്കൊപ്പമെന്ന് സർക്കാർ കള്ള പ്രചാരണം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
ഭൂരിപക്ഷ വർഗീയത കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കഴിഞ്ഞ തവണ ന്യൂന പക്ഷമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ പ്രീണനമാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉണ്ടായത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണെന്ന് ചെന്നിത്തല ആരോപിച്ചു.