തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിയാകാൻ സമ്മതിച്ചതായി സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലും സീനിയോറിറ്റി പരിഗണിക്കാതിരുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുന്നണിയിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്.
മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല തയ്യാറായെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയ വി.ഡി. സതീശൻ അരമണിക്കൂറിലധികം നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. ചെന്നിത്തല ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ സർക്കാരിനുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയിൽ അംഗമാകാൻ ചെന്നിത്തല സമ്മതിച്ചെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തരം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈവശം വെക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഭ്യന്തരത്തിന് പുറമേ തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ഉപാധികളുമില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
Tags : Ramesh Chennithala cabinet Latest News