ഹരിപ്പാട്: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയും വിഷമവും പുകയുന്നു.
എഐസിസി തീരുമാനത്തിൽ വലിയ ഹൃദയവേദനയുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ പ്രേരണകളുണ്ടെന്നുമാണ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രാദേശിക നേതാക്കളും അണികളും പ്രതികരിച്ചത്.
പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകർ എന്ന നിലയിൽ ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിക്കളയുന്നില്ലെങ്കിലും, ജനപിന്തുണയുള്ള ഒരു മുതിർന്ന നേതാവിനെ പാർശ്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അണികൾ വിലയിരുത്തുന്നു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഹരിപ്പാട്ടുകാരുൾപ്പെടെയുള്ള പൊതുസമൂഹമെന്നും എന്നാൽ ആ പ്രതീക്ഷകൾ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നും ക്യാമ്പ് ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ പങ്കുവച്ചു.
ജനപിന്തുണയുള്ള നേതാവിനോടുള്ള അവഗണന
1982-ൽ ഹരിപ്പാട് നിന്നും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഓരോ തവണയും ചെന്നിത്തലയുടെ ഭൂരിപക്ഷം വർധിച്ചുവരികയാണുണ്ടായത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ജനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനശൈലി.
ഹരിപ്പാട് ഒരു രാഷ്ട്രീയ മണ്ഡലമാണെങ്കിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിച്ചത് അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്. പൊതുസമൂഹത്തിന്‍റെ ഈ ആഗ്രഹം എവിടെയോ വെച്ച് തഴയപ്പെട്ടതിലാണ് അണികൾക്ക് കടുത്ത സങ്കടവും അമർഷവുമുള്ളത്.

നവമാധ്യമങ്ങളിലൂടെ ആസൂത്രിത ആക്രമണം
കഴിഞ്ഞ 11 ദിവസമായി നവമാധ്യമങ്ങളിലൂടെ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നത്. കോൺഗ്രസ് അനുകൂല നിലപാടുകൾ വ്യക്തമാക്കുന്ന നേതാക്കളെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ ചിലർ സ്വീകരിക്കുന്നത്.
പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം സംഘടിത സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സംസ്ഥാന യുഡിഎഫ് നേതൃത്വവും കോൺഗ്രസ് ഹൈക്കമാൻഡും അടിയന്തരമായി അന്വേഷണം നടത്തണമെന്ന് ഹരിപ്പാട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
പാർട്ടിയോടുള്ള കൂറ് എന്നും കാത്തുസൂക്ഷിച്ച നേതാവ്
മുൻകാലങ്ങളിലും രമേശ് ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പല സന്ദർഭങ്ങളിലും പദവികൾ നഷ്ടപ്പെട്ടിട്ടും പാർട്ടിയോടുള്ള കൂറും വിശ്വസ്തതയും പ്രഖ്യാപിച്ച് എഐസിസി തീരുമാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് അദ്ദേഹം. ഇപ്പോഴത്തെ തീരുമാനത്തിലും വലിയ ഹൃദയവേദനയുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കമുള്ള പടയാളി എന്ന നിലയിൽ അദ്ദേഹം ഈ തീരുമാനത്തെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും, പ്രിയ നേതാവിനൊപ്പം തങ്ങൾ ഉറച്ചുനിന്നു പ്രവർത്തിക്കുമെന്നും ഹരിപ്പാട്ടെ പ്രവർത്തകർ ഒരേസ്വരത്തിൽ വ്യക്തമാക്കി.
Tags : Ramesh Chennithala Chief Minister Kerala Congress VD Satheesan