ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ചെന്നൈ: സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നു. കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഹരി മാഫിയകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകൾ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനം തടയുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസം ആരംഭിച്ച ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി വിജയിയുടെ നേതൃപാടവത്തെയും മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനങ്ങളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.
Tags : Home Minister Ramesh Chennithala Tamil Nadu CM C. Joseph Vijay Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash