തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.
10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്‍റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.