Kerala
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
Kerala
തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭായോഗം വൈകുന്നേരം നാലിന് നടക്കും.
കോൺഗ്രസ് പ്രവർത്തകസമിതിക്കായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്തിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ഇന്നലെ ഡൽഹിയിലായിരുന്നു. ഇന്നു പുല൪ച്ചെയേ മടങ്ങിയെത്തൂ.
മന്ത്രിസഭയിൽ പരിഗണിക്കേണ്ട ചില അജൻഡകളിലും ഇന്നു രാവിലെയാകും തീരുമാനമുണ്ടാകുക.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംയുക്തമായി ചർച്ച ചെയ്യുന്നതിനുള്ള പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്നു നടക്കും.
യോഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷകക്ഷി നേതാക്കളുടെയെല്ലാം നിർദേശങ്ങൾ സ്വീകരിച്ചശേഷം വരുംദിവസങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ഊർജിതമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
മുന്നണിയിൽ നിലവിൽ അംഗങ്ങളായിരിക്കുന്ന പാർട്ടികളിൽനിന്നെല്ലാം പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. മുന്നണിയിൽ നിലവിൽ ഭാഗമല്ലാത്ത ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കില്ല.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം പ്രധാന അജൻഡയാക്കി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു നടക്കും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിലും വോട്ട് ചോരി വിഷയം ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള ചർച്ചകൾ യോഗത്തിലുണ്ടാകും.
ഗ്യാനേഷ് കുമാർ വിഷയത്തിൽ ഭാവിതന്ത്രം രൂപീകരിക്കാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം നാളെ നടക്കും.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജിയിൽ മുറവിളി ശക്തമാകുന്നതിനിടയിൽ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ഇന്ത്യാ സഖ്യം.
ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിൽ ഒന്നിക്കാൻ 30ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ മുന്നണി യോഗം ചേരും.
എസ്ഐആറിൽ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം പുറത്തുവന്നതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് അടിയന്തര യോഗം വിളിച്ചുചേർക്കാൻ ധാരണയായത്.
District News
അണക്കര: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അണക്കര യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അണക്കര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഭിലാഷ് ജി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെവിവിഇഎസ് അണക്കര യൂണിറ്റ് പ്രസിഡന്റ് ജയിംസ് മുള്ളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി.എസ്. സലിം മുഖ്യ പ്രഭാഷണം നടത്തി.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാബു സ്കറിയ, യൂത്ത് വിംഗ് ജില്ലാ ട്രഷറര് സനൂപ് സ്കറിയ, യൂണിറ്റ് ട്രഷറര് അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ പ്രസംഗിച്ചു. 2026 -28 വർഷത്തെ ഭാരവാഹികളായി സോവിൻ ആക്കിലേട്ട്-പ്രസിഡന്റ്, രാധാകൃഷ്ണൻ അംബിയിൽ-ജനറൽ സെക്രട്ടറി, ബിജു മുക്കേൽ-ട്രഷറര് എന്നിവരെ തെരഞ്ഞെടുത്തു.
Business
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് ഓഹരി ഉടമകളുടെ 37-ാമത് വാർഷിക ജനറൽബോഡി മീറ്റിംഗ് വെർച്വലായി നടത്തി. ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സ്വാഗതവും വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ ജോണി കുരുവിള പടിക്കമ്യാലിൽ, ജേക്കബ് ജോസഫ് കുഞ്ഞ്, ബെന്നി മാത്യു പുളിക്കേക്കര, ഫാ. തോമസ് പോത്തനാമുഴി, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, ഫാ. ജോയിസ് വയലിൽ, മാത്യു ജോസഫ് വാഴപ്പിള്ളിൽ, ഫാ. തോമസ് വൈക്കത്തുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
വാർഷിക ജനറൽബോഡി മീറ്റിംഗിനു ശേഷം ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഡോ. ഫ്രാൻസിസ് ക്ലീറ്റസിനെ ചെയർമാനായും ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡേവിസ് എടക്കളത്തൂർ ഇട്ടൂപ്പ് എന്നിവരെ വൈസ് ചെയർമാൻമാരായും വീണ്ടും തെരഞ്ഞെടുത്തു.
District News
പുൽപ്പള്ളി: പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ആവശ്യമായ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് സംഘത്തിന്റെ വാർഷിക പൊതു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൃഗാശുപത്രിയിൽ ആവശ്യത്തിന് വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാകാത്ത സാഹചര്യം കുറേക്കാലമായി നിലനിൽക്കുകയാണ്. ഇതുമൂലം വളർത്തുമൃഗങ്ങൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു.
പ്രത്യേകിച്ച് ക്ഷീരകർഷകരും മൃഗങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും അടിയന്തര ചികിത്സയ്ക്കായി സ്വകാര്യ മേഖലകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത് കർഷകർക്ക് അധിക സാന്പത്തിക ബാധ്യതയും പ്രയാസങ്ങളും സൃഷ്ടിക്കുന്നു.
പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ആവശ്യമായ വെറ്ററിനറി ഡോക്ടറുടെ സ്ഥിരമായ സേവനം ഉറപ്പാക്കുന്നതിനും നിലവിലുള്ള ഒഴിവ് അടിയന്തരമായി നികത്തുന്നതിനും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത ദിവസങ്ങളിൽ പകരം ചികിത്സാ സംവിധാനം ഏർപ്പെടുത്തുന്നതിനും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മികച്ച കർഷകരെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു.
മിൽമ വയനാട് പ്രൊക്യുർമെന്റ് ആൻഡ് ഇൻപുട്സ് ഹെഡ് പി.പി. പ്രദീപൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. മിൽമ സൂപ്പർ വൈസർ കെ.പി. ജെസ്ന, ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇൻസ്ട്രക്ടർ നവീൻ രാജ്, സെക്രട്ടറി എം.ആർ. ലതിക, ഡയറക്ടർമാരായ സജീവ് വെട്ടുവേലിൽ, റീന സണ്ണി, ജോളി റെജി, ഗീതാ പ്രഭാകരൻ, ലീല കുഞ്ഞിക്കണ്ണൻ, ടി.വി. ബിനോയ് എന്നിവർ പ്രസംഗിച്ചു. യു.എൻ. കുശൻ, വി.എം. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
District News
പാറശാല: നെയ്യാറ്റിന്കര ജില്ലാ രൂപീകരണ സമിതിയുടെ പാറശാല മേഖലാ കമ്മിറ്റി യോഗം പാറശാല വിദ്യാ കോളജില് നടന്നു.പാറശാല മുന് എംഎല്എ എ.ടി. ജോര്ജ് ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ലാ ജഡ്ജിപി.ഡി. ധര്മരാജൻ അധ്യക്ഷത വഹിച്ചു. തുടര്ന്ന് കാരോട് അയ്യപ്പന് നായര്, കൊറ്റാമം ശോഭനദാസ് എന്നിവര് മുഖ്യപ്രഭാഷണം നടത്തി.
പാറശാല മേഖലാ കമ്മിറ്റി ഭാരവാഹികളായി എ. ഹരിദാസ് - രക്ഷാധികാരി, പാറശാല സനൽരാജ് കുമാർ - പ്രസിഡന്റ്, എസ്. മധു പാറശാല- സെക്രട്ടറി, പി. സുരേഷ്, കുഴിഞ്ഞാൻവിള മോഹനൻ - വൈസ് പ്രസിഡന്റുമാർ, അപ്പു- ട്രഷറർ, സുന്ദരേശന്, എസ്. ശ്രീനി, ശശിധരന്, ജോസ്, ശശാങ്കകുമാരന് നായര്, ബാലകൃഷ്ണന് നായര് - കമ്മിറ്റിയംഗങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു.
National
ബംഗളൂരു: സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അവസാനഭാഗത്ത് നാഷണൽ എക്യുമെനിക്കൽ ബിഷപ്സ് ഫെലോഷിപ്പിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഓഫ് ഇന്ത്യയുടെയും സംയുക്ത യോഗം ചേർന്നു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാരും പ്രതിനിധികളും പങ്കെടുത്തു.
ഭാരതത്തിലെ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്തു. സിബിസിഐ ഡെസ്ക് ഫോർ എക്യുമെനിസം ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമാപന സന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. മാത്യു കോയിക്കൽ, സിബിസിഐ ഡെസ്ക് ഫോർ എക്യുമെനിസം സെക്രട്ടറി ഫാ. അന്റോണിരാജ് തുമ്മ എന്നിവർ നേതൃത്വം നൽകി.
District News
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല് കോളജ് ആശുപത്രി അധികൃതര്, ജീവനക്കാര്, രോഗികളുടെ കൂട്ടിരിപ്പുകാര്, അഭ്യുദയ കാംക്ഷികള് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമഗ്ര റിപ്പോര്ട്ട് തയാറാക്കി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, റവന്യൂ മന്ത്രി, ജില്ലയിലെ കോണ്ഗ്രസ് എംഎല്എമാര് എന്നിവര്ക്ക് സമര്പ്പിക്കാന് ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള ചികിത്സാ സാഹചര്യം, ചികിത്സാ സൗകര്യം കൂടുതല് മെച്ചപ്പെടുത്തേണ്ട ആവശ്യകത, മറ്റ് അത്യാവശ്യ സംവിധാനങ്ങള് ഏര്പ്പെടുത്തല്, ഡോക്ടര്മാര് ഉള്പ്പെടെയുള്ള ജീവനക്കാരുടെ സേവനം ഉള്പ്പെടെയുള്ള കാര്യങ്ങള് യോഗം ചര്ച്ച ചെയ്തു.
25ന് വൈകീട്ട് മൂന്നിന് നിലമ്പൂരില് നടക്കുന്ന അര്യാടന് മുഹമ്മദ് അനുസ്മരണത്തില് മഞ്ചേരി ബ്ലോക്കിലെ ഇരു മണ്ഡലങ്ങളില്നിന്നും മംഗലം ഗോപിനാഥ് അനുസ്മരണവും സംഘടിപ്പിക്കും, പ്രസിഡന്റ്് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം വി.സുധാകരന് ഉദ്ഘാടനം ചെയ്തു. ഡിസിസി ട്രഷറര് വല്ലാഞ്ചിറ ഷൗക്കത്തലി, ഡിസിസി ജനറല് സെക്രട്ടറി അഡ്വ. ബീന ജോസഫ്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റുമാരായ സുബൈര് വീമ്പൂര്, വിജീഷ് എളംകൂര്, യുഡിഎഫ് മുനിസിപ്പല് ചെയര്മാന് ഹനീഫ പുല്ലൂര്, ഇ.കെ. അന്ഷിദ്,പി.കെ. സത്യപാലന്, ഷൈജല് ഏരിക്കുന്നന്, രാമദാസ് പട്ടര്കുളം, രമ്യ ബി. ശങ്കര്, ഷബീര് കുരിക്കള്, കെ. അബ്ദുള്ള പുല്ലഞ്ചേരി, അപ്പു മേലാക്കം, ടി. ബാപ്പു മുട്ടിപ്പാലം, അലവിക്കുട്ടി പുല്ലാര, ഒ.പി. റംഷീദ്, രാജു ചിരക്കുഴി, സുബ്രഹ്മണ്യന് വേശപ്പ, പി. ഷംസുദ്ദീന്, റാഷിദ് വട്ടപ്പാറ, സാലിന് വല്ലാഞ്ചിറ എന്നിവര് പ്രസംഗിച്ചു.
District News
മണര്കാട്: ലഹരിമരുന്നിനെതിരേ സംസ്ഥാനവ്യാപകമായി സര്ക്കാര് നടപ്പാക്കുന്ന തൂഫാന് യജ്ഞത്തിന്റെ ഭാഗമായി മണര്കാട് പഞ്ചായത്ത് ഒമ്പതാം വാര്ഡില് യോഗം ചേര്ന്നു. വാര്ഡ് അംഗം ജിജി ജിജി അധ്യക്ഷത വഹിച്ചു.
മണര്കാട് പൊലിസ് സ്റ്റേഷന് ജനമൈത്രി സിആര്ഒ ആഷ് ടി. ചാക്കോ ക്ലാസെടുത്തു. ജിജി മണര്കാട്, പി.എ. ഏബ്രഹാം, ടി.വി. മാത്യു, മാലം ഗവണ്മെന്റ് യുപി സ്കൂള് അധ്യാപിക പി.എം. ജയമോള്, സി.കെ. ഷീന, ഗ്രേസി പീറ്റര്, ടി. സിന്ധു, ഗിരിജ ഹരി, രഞ്ജു നെജി എന്നിവര് പ്രസംഗിച്ചു.
National
ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ഇന്നു ചേരും. നിലവിലെ 31 അംഗ ജെപിസിയിലേക്ക് രണ്ട് രാജ്യസഭാ എംപിമാരെക്കൂടി പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ജെയിംസ് പി.കെ സാഗ്മ എന്നിവരെയാണു ലോക്സഭാ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്തത്. സമിതിയിലെ അംഗങ്ങളല്ലാത്ത എംപിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാമെങ്കിലും സമിതിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.
ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്നും രാജ്യത്തെ എൻജിഒകൾ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഗണിച്ച് പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കുന്ന തീരുമാനങ്ങൾ ജെപിസി കേന്ദ്രസർക്കാരിനു ശിപാർശ ചെയ്യണമെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
ലോക്സഭയിൽനിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽനിന്നുള്ള 10 അംഗങ്ങളും അടങ്ങുന്ന ജെപിസിയുടെ അധ്യക്ഷൻ ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ്. കേരളത്തിൽനിന്ന് എംപിമാരായ ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സദാനന്ദൻ മാസ്റ്റർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ച പ്രതിരോധ മുന്നൊരുക്കങ്ങൾക്കായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ചേർന്നു. ജലസേചന, റവന്യു, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേരള, കർണാടക അതിർത്തി ഗ്രാമമായ കബനീ തീരത്തെ കൊളവള്ളിയിലായിരുന്നു യോഗം. കാലവർഷത്തിലുണ്ടായ വലിയ കുറവും ഇതേത്തുടർന്ന് കബനി നദിയിലും കൈവഴികളായ തോടുകളിലും വേനലാരംഭിത്തിൽ തന്നെ ജലനിരപ്പ് കുത്തനെ താഴ്ന്നതും ജലസേചനത്തിന്റെ കുറവുമൂലം കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചർച്ചയായി.
കാർഷിക മേഖലയിലേക്കാവശ്യമായ ജലസേചന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി നൽകാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. പ്രദേശത്ത് നിലവിലുള്ള ജലസേചന പദ്ധതികളുടെ തകരാറിലായ മോട്ടോറുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി.
കർണാടക സർക്കാരുമായി സഹകരിച്ച് കബനി നദിയുടെ വിവിധ ഭാഗങ്ങളിൽ തടയണകെട്ടി വെള്ളം സംഭരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്താനും യോഗം തീരുമാനിച്ചു. മുള്ളൻകൊല്ലിയിലെ അടിയന്തര സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ജലസേചന മന്ത്രിയെ നേരിൽ കാണും.
കൊളവള്ളിയിലെ പട്ടയമില്ലാത്ത ഭൂമിയിൽ നെൽക്കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി നാശമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിനായി റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, തഹസിൽദാർ വി.ആർ. ജയപ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: സിപിഎമ്മിന്റെ കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയനെ ലക്ഷ്യംവച്ച് രൂക്ഷവിമർശനം. വിജയത്തിനു കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നാണു വിമർശനം ഉയർന്നത്.
അടവ് നയത്തിൽ പരാജയം
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച തിരുത്തല്രേഖയിലെ ഉള്ളടക്കം പാര്ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി.
വെള്ളാപ്പള്ളിയോടു മൃദുസമീപനം
വെള്ളാപ്പള്ളി നടേശനോടു സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരേ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണു നേരത്തേ ഉയർത്തിയത്.
വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്കു നാണക്കേടായി എന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു. എംഎൽഎയെ എന്തിനു സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനെതിരേ പ്രതിനിധികൾ ഉയർത്തിയ ചോദ്യം.
പാർട്ടിയെ നയിക്കാൻ വേറെയാരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയിൽ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികൾ ചോദിച്ചു.
തളിപ്പറന്പ് തോൽവി
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി പാർട്ടി ഒരേ നിലയിൽ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയിൽ തളിപ്പറമ്പിലെ തോൽവി ഇല്ലായെന്നതും വിമർശനത്തിന് വഴിവച്ചു. പയ്യന്നൂരിലെ തോൽവി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയിൽ നേതൃത്വത്തിനു വീഴ്ച പറ്റിയെന്നാണു പാർട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയാറാക്കിയ റിപ്പോർട്ടിൽ അക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
"വിമർശനത്തിൽ അദ്ഭുതമില്ല''
അതേസമയം പണം സമ്പാദിക്കാനുള്ള വഴിയായി ചിലര് പാര്ട്ടി പ്രവര്ത്തനത്തെ മാറ്റുന്നുവെന്നും ഇതുവഴി സാദാ പ്രവര്ത്തകര്ക്കു പാര്ട്ടി പ്രവര്ത്തനത്തിനിറങ്ങാന് മടുപ്പ് വരുന്നതായും പ്രതിനിധികള് ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചയ്ക്കു നടത്തിയ വാര്ത്താസമ്മേളനത്തില് പൊതുചര്ച്ചയില് ശക്തമായ വിമര്ശനമുയര്ന്ന കാര്യം പാര്ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമ്മതിച്ചു. വിമര്ശനത്തില് എന്താണ് അദ്ഭുതമെന്നായിരുന്നു ഗോവിന്ദന്റെ ചോദ്യം. ഇന്നലെ രാത്രി എട്ടു വരെയായിരുന്നു പൊതു ചര്ച്ച. അതിനുശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്ന്നു.
Kerala
തിരുവനന്തപുരം: തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള 35 വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ "പോർട്ട് സിറ്റി' യാക്കി മാറ്റും.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. പ്രവാസി മലയാളികൾ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഒരു മണിക്കൂറോളം വ്ലോഗർമാരുമായി ചെലവഴിച്ച മുഖ്യമന്ത്രി കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഉപഹാരം അവർക്ക് സമ്മാനിച്ചു.
19 രാജ്യങ്ങളിൽ നിന്നുള്ള 35 വ്ലോഗർ/ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവർ ഇന്ത്യയിലെത്തിയത്.
Kerala
തിരുവനന്തപുരം: വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള കർഷക സംഘടനാ പ്രതിനിധികളുടെ രണ്ടാം ഘട്ട യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
രാവിലെ സെക്രട്ടേറിയറ്റ് ലയം ഹാളിൽ ചേരുന്ന യോഗത്തിന് വനംമന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിക്കും.
വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കാളികളാകും.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് പൊതുചർച്ച അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യദിനം തന്നെ വിമർശനം ഉയർന്നിരുന്നു.
വിശാല സംസ്ഥാന സമിതി യോഗത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. രൂക്ഷ വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദേശം. വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദേശമുണ്ട്.
സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം. ചര്ച്ചകളില് ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ ബഹുജന സംഘടനകൾക്ക് അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുക.
International
മസ്കറ്റ്: ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവച്ചതെന്നാണ് വിശദീകരണം.
ചർച്ച മാറ്റിവച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മേഖലയിലെ സ്ഥിതിഗതികളും ഹോർമുസിലെ സംഘർഷവും ഉൾപ്പെടെ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങൾക്ക് ഒമാനാണ് മുൻകൈയെടുത്തിരുന്നത്. അതേസമയം, തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽ ഏതെങ്കിലും കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര് കൂടിക്കാഴ്ച നടത്തി.
സംസ്ഥാന ബജറ്റില് നിര്ദേശിച്ചിട്ടുള്ള ജ്വല്ലറിപാര്ക്ക് പദ്ധതി ഉള്പ്പടെ കേരളത്തിലെ സ്വര്ണവ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രശ്നങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി.
സ്വര്ണവ്യാപാര മേഖലയിലെ പ്രശ്നങ്ങളും ഭാവി വികസനപദ്ധതികളും വിശദമായി ചര്ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ സ്വര്ണവ്യാപാര നിര്മാണ മേഖലയ്ക്ക് പുതിയ ഉണര്വ് നല്കുന്നതിനും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനും ജ്വല്ലറിപാര്ക്ക് ഉള്പ്പടെയുള്ള പദ്ധതികള്ക്ക് സര്ക്കാര് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെജിഎസ്എംഎ.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികള് വിലയിരുത്തുന്നതിനും, ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനും സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് ആരംഭിക്കും.
കേരളത്തിലെ സിപിഎം ചരിത്രത്തിൽ ഇതാദ്യമായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കുന്നത്. കോഴിക്കോട് -കണ്ണൂര് റോഡിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എകെജി ഓഡിറ്റോറിയത്തില് രാവിലെ ഒമ്പതിന് ജനറല് സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി നേതാക്കള് അറിയിച്ചു.
നേതാക്കള് ഇന്നലെ രാത്രിയോടെ ജില്ലാ കമ്മിറ്റി ഓഫീസില് എത്തിത്തുടങ്ങി. മൂന്ന് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. 15ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്ന പൊതുറാലിയോടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കും.
ഒരു ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കും. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചകളിലൂടെ ജനങ്ങളിൽനിന്ന് നേരിട്ട് ലഭിച്ച ഇരുപതിനായിരത്തിലധികം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാല്, നിലവില് നേതാക്കള്ക്കെതിരേ ഉയര്ന്നിരിക്കുന്ന ആരോപണങ്ങളും ശൈലി വിമര്ശനങ്ങളും ചര്ച്ചചെയ്യാതിരിക്കാനാവില്ല.
ഈ ചര്ച്ചകള് ഏതറ്റം വരെ പോകുമെന്നും നേതാക്കള് വിമര്ശനങ്ങളെ എങ്ങനെ സ്വീകരിക്കുമെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 307 പേരാണ് ഈ നിർണായക യോഗത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ രണ്ടുദിവസത്തെ ചർച്ചകൾക്കുശേഷം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് യോഗം ചർച്ച ചെയ്യുമെന്ന് വിപുലീകൃത കമ്മിറ്റി സംഘാടക സമിതി അധ്യക്ഷന് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു. വരും മാസങ്ങളിൽ ജില്ലാ കമ്മിറ്റികളും തുടർചർച്ചകൾ നടത്തുമെന്ന് റിയാസ് അറിയിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗം നാളെ തുടങ്ങാനിരിക്കേ വിവാദ വിഷയങ്ങള് പൂര്ണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി വിലയിരുത്താന് സംസ്ഥാന നേതാക്കള്ക്കിടയില് ധാരണ. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നേതാക്കള്ക്കെതിരേയും പ്രവര്ത്തന ശൈലിക്കെതിരേയും എത്ര വലിയവിമര്ശനം ഉയര്ന്നാലും അത് അംഗീകരിക്കുകയും മാസപ്പടി കേസ് ഉള്പ്പടെയുള്ള വിഷയങ്ങളില് ചര്ച്ചകള്ക്ക് വലിയ അവസരം നല്കണ്ടെന്നുമാണു ധാരണ.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത പരാജയമാണു നിയമസഭാ തെരഞ്ഞെടുപ്പില് നേരിട്ടത്. ഇക്കാര്യത്തിലേക്കു നയിച്ച കാരണങ്ങള് വിലയിരുത്തി വ്യക്തികേന്ദ്രീകൃത ചര്ച്ചകളിലേക്കു പോകാതെ തിരുത്തല് നടപടികളിലേക്കു കടക്കാനാണ് സംസ്ഥാന നേതാക്കള്ക്കു താത്പര്യം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വിപുലീകൃത സംസ്ഥാന കമ്മറ്റി സംഘാടക അധ്യക്ഷനായ പി.എ. മുഹമ്മദ് റിയാസ് ഉള്പ്പടെ വിവാദചുഴലിയില് നില്ക്കുന്ന സമയത്താണ് യോഗം എന്നത് പാര്ട്ടിയെ ക്ഷീണിപ്പിക്കുന്നുണ്ട്.
എന്നാല്, ഇരുവരും എല്ലാം പാര്ട്ടിക്കുള്ളില് വ്യക്തമാക്കിയിട്ടുണ്ടെന്നും ആശയക്കുഴപ്പമില്ലെന്നുമാണു നേതാക്കള് പ്രതികരിച്ചത്. കോഴിക്കോട്ടെ ചെങ്കോട്ട ഒന്നാകെ തെരഞ്ഞെടുപ്പില് വലതുപക്ഷത്തേക്കു മാറിയപ്പോഴും എക കനല് തരിയായി സിപിഎം മാനം കാത്ത മുഹമ്മദ് റിയാസിനെ പൂര്ണമായും പിന്തുണച്ചുകൊണ്ടാണ് നേതാക്കള് ഉള്പ്പടെ സംസാരിക്കുന്നത്. എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന് പോലും നിയമസഭാ തെരഞ്ഞെടുപ്പില് കാലിടറിയപ്പോള് പാര്ട്ടിയുടെ ജനകീയ മുഖമായി റിയാസ് മാറുകയായിരുന്നു.
നേതാക്കളുടെ പ്രവര്ത്തനശൈലിയുമായി ബന്ധപ്പെട്ട് വലിയ ചര്ച്ചകളും വിവാദങ്ങളും ഉണ്ടായാലും റിയാസിനെ ആക്രമിക്കാനുള്ള സാധ്യത പൊതുവേ കുറവാണ്. ഈ സാഹചര്യത്തിലാണ് റിയാസ് കഴിഞ്ഞദിവസം തനിക്ക് പറയാനുള്ള കാര്യങ്ങള് കൃത്യമായി വാര്ത്താസമ്മേളനം നടത്തി പറഞ്ഞതും. ഒപ്പം, താന് സ്വയംകൈ ഉയര്ത്തി മന്ത്രിയായതല്ല എന്ന റിയാസിന്റെ പരാമര്ശം പാര്ട്ടിയില് തനിക്കെതിരേ ഉയര്ന്നുവരാന് സാധ്യതയുള്ള വിമര്ശനങ്ങളുടെ മുനയൊടിക്കുന്നതാണ്. റിയാസിനെ വിവാദ വിഷയങ്ങളില് സ്വന്തം തട്ടകത്തില് സേഫ് സോണില് നിലനിര്ത്തിക്കൊണ്ടുള്ള ചര്ച്ചകളാണ് നടക്കുകയെന്നാണു സൂചന.
ജില്ലകള് തോറും വിപുലീകൃത കമ്മിറ്റി ചേരാന് സിപിഎം
കോഴിക്കോട്: സിപിഎം സംസ്ഥാന വിപുലീകൃതകമ്മിറ്റി യോഗത്തിന് പിന്നാലെ എല്ലാ ജില്ലകളിലും സമാന രീതിയില് വിപുലീകൃത യോഗം ചേരാന് സിപിഎം. താഴേത്തട്ടിലുള്ള പ്രവര്ത്തകരെ കേള്ക്കാനും കുടുംബയോഗങ്ങളില് ഉള്പ്പടെ ഉയര്ന്നുവന്ന വിഷയങ്ങള് പരിഗണിക്കാനുമാണു ചരിത്രത്തിലാദ്യമായി വിപുലീകൃത ജില്ലാകമ്മിറ്റികള് സംഘടിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന വിപുലീകൃത യോഗത്തില് ചര്ച്ച ചെയ്ത കാര്യങ്ങളും തീരുമാനങ്ങളും അടിത്തട്ടിലേക്ക് എത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണു യോഗം ചേരുന്നത്.
കേന്ദ്ര കമ്മിറ്റി റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും പെരുമാറ്റ പ്രശ്നങ്ങളും ഈ യോഗത്തില് ചര്ച്ച ചെയ്യും. എരിയാ കമ്മിറ്റികളില്നിന്നും തെരഞ്ഞെടുക്കുന്നവരും ജില്ലാ കമ്മിറ്റി അംഗങ്ങളും വര്ഗ ബഹുജന സംഘടനാ പ്രതിനിധികളും ഉള്പ്പെടുന്ന വിപുലീകൃത ജില്ലാ കമ്മിറ്റികളില് പിബി അംഗങ്ങള് മുതല് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള് വരെ പങ്കെടുക്കും.
ചായകുടിക്കാന് പോയതല്ലല്ലോ: പരിഹാസവുമായി അലന് ഷുഹൈബ്
കോഴിക്കോട്: പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശത്തിൽ പരിഹാസവുമായി പന്തീരാങ്കാവ് യുഎപിഎ കേസില് പ്രതിയായ മുന് എസ്എഫ്ഐ നേതാവ് അലന് ഷുഹൈബ്. പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളൂ. ‘ചായകുടിക്കാന് പോയതല്ലല്ലോ’ എന്നാണ് ഷുഹൈബ് ഫേസ് ബുക്ക് പോസ്റ്റില് കുറിച്ചത്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്ത സമയത്ത് അവർക്കെതിരായ പൊലിസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവാദ വാചകമായിരുന്നു ഇത്. 2019 നവംബർ ഒന്നിനാണ് യുഎപിഎ കേസിൽ ഇവര് അറസ്റ്റിലായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്നു പരിഹരിക്കുന്നതിനു സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുനിന്നുള്പ്പടെ കൂടുതല് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനുമുള്ള നടപടികള് യോഗത്തില് ചര്ച്ച ചെയ്തു. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
എത്ര പണം നൽകിയാണെങ്കിലും പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ രാജ്യത്താകെയുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കടുത്ത വെല്ലുവിളി. പകൽ വൈദ്യുതി നൽകാൻ കന്പനികൾ തയാറാണ്. പക്ഷേ, രാത്രിയിൽ ലഭ്യമാകുന്നില്ല. മുൻകാലങ്ങളിലുണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടതു തിരിച്ചടിയായി.
ഇതരസംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതുമൂലം വൈദ്യുതി ലഭ്യമാകുന്നില്ല. മഴ കുറഞ്ഞതിനാൽ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതു ജലവൈദ്യുതി ഉത്പാദനം ഗണ്യമായി കുറച്ചു.
ഇതിനിടയിലാണ് ജനത്തെ മുൻകൂട്ടി അറിയിക്കാതെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും വൈദ്യുതി നിയന്ത്രണത്തിന് എതിരേ അംഗങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 15ഓളം ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.
രാഷ്ട്രപതി ദ്രൗപദി മുർമുവും വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏഴു വർഷത്തിനുശേഷമുള്ള തന്റെ ആദ്യ ഇന്ത്യാസന്ദർശനത്തിനായി ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി വൈകുന്നേരം 5.45ന് പ്രധാനമന്ത്രി ചർച്ച നടത്തും.
ഇ
തിനുപുറമെ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ് എന്നിവരുമായും പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.
കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബുറുണ്ടി, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി നാളെ ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
NRI
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയണിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് ശനിയാഴ്ച നടക്കും. രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള ഇന്ത്യൻ ക്രിസത്യൻ അസംബ്ലയിലാണ് മീറ്റിംഗ് നടക്കുന്നത്.
യോഗത്തിൽ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. ഐപിസി ഈസ്റ്റേൺ റീജിയൺ മലയാളം ആൻഡ് ഇംഗ്ലീഷ് ക്വെയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഐപിസി ഈസ്റ്റേൺ റീജിയൺ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം - 917 373 8118, റവ. ജേക്കബ് ജോർജ് - 917 533 5870, റവ. ജോൺസൺ എബ്രഹാം - 914 426 2992, ബ്രദർ ബ്ലെസൺ ജോയ് - 973 902 7722, ബ്രദർ ജോസ് ബേബി - 516 728 2070.
വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.
District News
കല്ലടിക്കോട്: മാതൃകാ വാടകനിയമം നടപ്പാക്കണം, അശാസ്ത്രീയ നികുതിവർധനവ് പുനഃപരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കരിമ്പ പഞ്ചായത്ത് യൂണിറ്റ് ജനറൽബോഡി യോഗം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞ് കൊപ്പൻ ഉദ്ഘാടനം ചെയ്തു.
അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റീഗൽ മുസ്തഫ, ജില്ലാ വർക്കിംഗ് സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി പാറക്കാടൻ, അബ്ദുള്ളക്കുട്ടി പട്ടാമ്പി, കെ. ഇഖ്ബാൽ, കെ,. ബഷീർ, അലയിൽ അബ്ദു, സണ്ണി ഫ്രാൻസിസ് പ്രസംഗിച്ചു.
Kerala
ആലുവ: ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം 31-ാമത് ദേശീയ സമ്മേളനം 12നു രാവിലെ 10ന് ആലുവ എഫ്ബിഒഎ ഹാളിൽ നടക്കും.
2500ഓളം അംഗങ്ങൾ നേരിട്ടും ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുക്കും.
ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ.വി. ആചാര്യ ഉദ്ഘാടനം ചെയ്യും.
National
ന്യൂഡൽഹി: വിദ്യാർഥികളുടെ ലഹരി ആസക്തിക്കും അമിതമായ ഡിജിറ്റൽ ഉപയോഗത്തിനുമെതിരേ ജാഗരൂകരായിരിക്കണമെന്ന് അധ്യാപകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ അവാർഡ് ജേതാക്കളായ 82 അധ്യാപകരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാഠപുസ്തക പഠനത്തിനപ്പുറത്തേക്ക് അധ്യാപകർ ചിന്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അധ്യാപകർ തയാറാകണം.
കുട്ടികളിലെ ലഹരി ഉപയോഗത്തിനുള്ള കാരണം തിരിച്ചറിഞ്ഞ്, അതിൽനിന്നു മോചനം നേടാൻ അവരെ സഹായിക്കണം. കുട്ടികൾ എത്രസമയം സ്ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്നും രക്ഷിതാക്കളുമായി സംസാരിച്ചു മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന ജുവനൈല് ജസ്റ്റീസ് നിയമം നടപ്പിലാക്കിയിട്ട് പത്തു വര്ഷമായതിന്റെ ഭാഗമായി കേരള ഹൈക്കോടതി ജുവനൈല് ജസ്റ്റീസ് കമ്മിറ്റിയുടെയും യൂണിസെഫിന്റെയും സംയുക്താഭിമുഖ്യത്തില് ഇന്ന് സംസ്ഥാനതല യോഗം നടക്കും.
Sports
മുംബൈ: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി പദ്ധതികളും താരങ്ങളുടെ പ്രകടനങ്ങൾക്കുള്ള മാർക്കിടലും ഒപ്പം 2027 ഏകദിന ലോകകപ്പ് അടക്കമുള്ള വന്പൻ മത്സരങ്ങളിലേക്കുള്ള യാത്രയും വിലയിരുത്താൻ ബിസിസിഐയുടെ നേതൃത്വത്തിൽ നിർണായക അവലോകന യോഗം ഇന്ന് നടക്കും.
ബോർഡ് ഭാരവാഹികൾക്ക് പുറമെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർകർ, സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മണ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന യോഗമാണ് സിംബാവ്ബെ, ശ്രീലങ്ക പരന്പരകൾ കാരണം മാറ്റിവച്ചത്.
സീനിയർ പുരുഷ ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ള താരങ്ങളുടെ പരിക്കുകളും ന്യൂസിലൻഡ് പര്യടനം, ബോർഡർ-ഗാവസ്കർ ട്രോഫി, 2027 ഏകദിന ലോകകപ്പ് തുടങ്ങിയ സുപ്രധാന പരന്പരകൾക്കായുള്ള ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്യും. ഹിറ്റ്മാൻ രോഹിത് ശർമയുടെ ലോകകപ്പ് ഭാവിയും ചർച്ചയാകും.
നയം ഫിറ്റ്!
ടീം തെരഞ്ഞെടുപ്പ് നയത്തിൽ നിർണായക മാറ്റവുമായി ബിസിസിഐ. പരിക്കേറ്റ താരങ്ങളെ ഫിറ്റ്നസ് പൂർണമായി കൈവരിക്കുന്നതിന് മുന്പ് ടീമിൽ ഉൾപ്പെടുത്തുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നയവുമായി ബിസിസിഐ രംഗത്ത് വന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ട്വന്റി20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തോടെയാണ് പുതിയ നയം പ്രാബല്യത്തിൽ വന്നത്.
ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടണ് സുന്ദർ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളുടെ പേരുകൾക്ക് ഒപ്പം ബിസിസിഐ ഫിറ്റ്നസ് കണ്ടീഷൻ നൽകിയിട്ടുണ്ട്. പൂർണമായ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വരുന്ന മത്സരങ്ങളിൽ കളിക്കാനാകൂ എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
പ്രധാന മാറ്റം:
200 % ഫിറ്റ്നസ്: പരിക്കിൽ നിന്ന് മുക്തനായ ഒരു കളിക്കാരൻ 100 ശതമാനമല്ല, 200 ശതമാനവും പൂർണ കായികക്ഷമത കൈവരിച്ചുവെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഉറപ്പുവരുത്തിയാൽ മാത്രമേ മത്സരത്തിൽ ഇറക്കുകയുള്ളൂ എന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി.
പകരക്കാരെ കണ്ടെത്തൽ: ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുന്ന താരങ്ങൾക്ക് പകരം ആരെ തെരഞ്ഞെെടുക്കണം എന്നതിൽ ബിസിസിഐയും സെന്റർ ഓഫ് എക്സലൻസും തമ്മിൽ സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്ക് പദവി നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. തീരുമാനമെടുക്കും മുൻപ് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിസഭയുടെ കൂടി അംഗീകാരത്തോടെയാകും തീരുമാനം പ്രഖ്യാപിക്കുക.
എം.കെ. മുനീർ (മുസ്ലിം ലീഗ്), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), മാണി സി. കാപ്പൻ എംഎൽഎ എന്നിവർക്ക് കാബിനറ്റ് പദവി നൽകുന്നതാണു മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് മുനീറിനായി മുസ്ലിം ലീഗ് ചോദിച്ചിരിക്കുന്നത്. ഭരണപരിഷ്കാര കമ്മിഷൻ പദവി ലീഗിനു നൽകിയാൽ വയോജനക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനുകളിലെ പദവികളിലൊന്നിലേക്ക് ജോസഫിനെ പരിഗണിച്ചേക്കും.
നോർക്ക വൈസ് ചെയർമാൻ പദവിയാണ് മാണി സി. കാപ്പന്റെ ആവശ്യം. മന്ത്രിസഭയിലെടുക്കാത്ത സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണു വാദം. രണ്ടര വർഷത്തിനു ശേഷം അനൂപ് ജേക്കബിനു പകരം തന്നെ മന്ത്രിയാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്നാണു കാപ്പൻ അവകാശപ്പെടുന്നതെങ്കിലും അനൂപ് ഇതു തള്ളിക്കളയുകയാണ്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയാണ് ദേവരാജന്റെ ആവശ്യം.
Kerala
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം.
സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്.
District News
പുന്നയൂർക്കുളം: നാലു ദിവസമായി നടത്തുന്ന പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ട് നേർച്ചയ്ക്ക് ഇന്നലെ തുടക്കമായി. ശൈഖ് കുഞ്ഞി മുഹമ്മദ് മുസ്ലിയാരുടെ നൂറ്റിപതിനാറാമത് ആണ്ട് നേർച്ചയാണ് ഇത്തവണ നടക്കുന്നത്. ഇന്നലെരാവിലെ നുണക്കടവ് കുറുമ്പത്ത യിൽ , എരമംഗലം, പുത്തൻ പള്ളി മഖാമുളിലെ സിയാറത്തോടെ ആരംഭിക്കുന്ന ആണ്ട് നേർച്ച ഞായറാഴ്ച ഭക്ഷണ വിതരണത്തോടെ സമാപിക്കും.
സാംസ്കാരിക സമ്മേളനം, അനുസ്മരണ സംഗമം, സനദ് ദാന സമ്മേളനം, ദിക്ർ ഹൽഖ, അവാർഡ് ദാനം, ലഹരി വിരുദ്ധ സംഗമം, സ്കൂൾ കെട്ടിട ശിലാസ്ഥാപനം തുടങ്ങിയ പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി. ഡി . സതീശൻ ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാർ, മത - രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ പുണ്യ തീർഥ കേന്ദ്രമായ പുത്തൻപള്ളി കേരളത്തിലെ ഏറ്റവും വലിയ വഖഫ്സ്ഥാപനമായാണ് അറിയപ്പെടുന്നത്.
District News
സര്ക്കാര് അഞ്ചു കോടി രൂപ ഉടന് നല്കും
തിരുവനന്തപുരം: നാട്ടകം ട്രാവന്കൂര് സിമന്റ്സിന്റെ പ്രവര്ത്തനങ്ങള്ക്ക് സംസ്ഥാന സര്ക്കാര് അഞ്ചു കോടി രൂപ ഉടന് നല്കും.
ശമ്പളം, ഇപിഎഫ് എന്നിവയുടെ കുടിശിക ഭാഗികമായി നല്കുന്നതിനും ബാക്കിത്തുക കമ്പനിയുടെ പ്രവര്ത്തനാവശ്യങ്ങള്ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ ചേംബറില് ചേര്ന്ന യോഗത്തില് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.
16 മാസമായി ജീവനക്കാര്ക്ക് ശമ്പളം കുടിശികയാണ്. 2022 ഏപ്രില് മുതലുള്ള പിഎഫ് അടവ് കുടിശിക ആയതിനാല് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. കമ്പനിയില്നിന്ന് വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും നല്കാനുണ്ട്. കമ്പനി കൂടുതല് ശക്തമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികള് സര്ക്കാര് സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം നിലച്ച വ്യവസായ സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതിഗതികളും പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത രീതികൾക്ക് അപ്പുറം ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
വ്യവസായവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, കമ്പനി എം.ഡി. രാജശേഖരന് പിള്ള, മാനേജ്മെന്റ് പ്രതിനിധികളായ എ.ജെ. സജി, അനില് കുമാര്, തൊഴിലാളി സംഘടനാ നേതാക്കളായ എസ്. രാജീവ്, എം.സി. ബാബു, സി.എം. അനി, ജോബി ഏബ്രഹാം, കെ.എന്. മുഹമ്മദ് സിയ എന്നിവര് പങ്കെടുത്തു.
District News
ഈരാറ്റുപേട്ട: പൂഞ്ഞാര് നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, തിടനാട്, തീക്കോയി, പൂഞ്ഞാര്, പൂഞ്ഞാര് തെക്കേക്കര പഞ്ചായത്തുകളിലുണ്ടായ വെള്ളപ്പൊക്കം, ഉരുള്പ്പൊട്ടല് എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങള് വിലയിരുത്തുന്നതിന് എം.ജെ. സെബാസ്റ്റ്യന് എംഎല്എയുടെ അധ്യക്ഷതയില് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില് അവലോകനം യോഗം ചേര്ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ഈരാറ്റുപേട്ട നഗരസഭ ചെയര്പേഴ്സണ് വി.പി. നാസര്, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക, പൂഞ്ഞാര് പഞ്ചായത്ത് പ്രസിഡന്റ് സുബ്രമണ്യന്, പൂഞ്ഞാര് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്വ മോഹന്, ജില്ലാ പഞ്ചായത്ത് അംഗം ആര്. ശ്രീകല, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാത്യൂ, ആര്. പ്രേംജി, ജോഷി ജോഷ്വാ, ധന്യ ജോസ്, സ്റ്റാന്ലി മാണി, റോജി തോമസ്, മോഹനന് കുട്ടപ്പന്, ക്ലിന്റ് അരിപ്ലാക്കല്, ഗീതാ നോബിള്, അജിതാ മോഹന്ദാസ്, സോളി ഷാജി, ബീനാ മധുമോന്, ആന് മരിയ അമല്, ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം. ഖാദര്, പി.എച്ച്. നൗഷാദ്, സാബു പ്ലാത്തോട്ടം എന്നിവര് പങ്കെടുത്തു.
District News
കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്തനിവാരണ യോഗം ചേർന്നു. കാഞ്ഞിരപ്പള്ളി സിവിൽസ്റ്റേഷനിൽ ചേർന്ന യോഗത്തിൽ റോണി കെ. ബേബി എംഎൽഎ അധ്യക്ഷതവഹിച്ചു. അപ്രതീക്ഷിതമായ പ്രളയസാഹചര്യമായിരുന്നുവെങ്കിലും വിവിധ വകുപ്പുകളുടെ സമയോചിത ഇടപെടലിലൂടെ ആളുകളെ സുരക്ഷിതരാക്കാൻ കഴിഞ്ഞതായി എംഎൽഎ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിതമായി നടത്തിയതായി യോഗം വിലയിരുത്തി. വീട് നഷ്ടമായവർക്കും നാശനഷ്ടം സംഭവിച്ചവർക്കും സർക്കാർ സഹായം കാലതാമസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൂട്ടിക്കൽ വില്ലേജിലെ കൊടുങ്ങ, നൂർക്കാട്, ടോപ്പ് മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിസാര പരിക്കുകൾ റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ട ഒരു വീട്ടിലെ അഞ്ച് അംഗങ്ങളുള്ള കുടുംബത്തെ നാല് കിലോമീറ്ററോളം നടന്നെത്തി കസേരയിൽ ചുമന്നാണ് രക്ഷപ്പെടുത്തി ജെ.ജെ. മർഫി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതെന്ന് തഹസിൽദാർ അറിയിച്ചു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വിവിധ പഞ്ചായത്തുകളിലെയും വില്ലേജുകളിലെയും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സംരക്ഷണഭിത്തി തകർച്ച, റോഡുകളുടെയും പാലങ്ങളുടെയും നാശം, കുടിവെള്ള ക്ഷാമം, വൈദ്യുതി തടസം തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.
കെഎസ്ഇബിക്ക് 24 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കുടിവെള്ള വിതരണവും വൈദ്യുതി പുനഃസ്ഥാപനവും വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ
ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായി.
യോഗത്തിൽ ഡപ്യൂട്ടി കളക്ടർ നിർമൽകുമാർ, തഹസിൽദാർ പി.എസ്. സുനിൽകുമാർ, ഭൂരേഖ തഹസിൽദാർ യാസർഖാൻ, ബിഡിഒ ഷാനവാസ്, വകുപ്പുതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
നഷ്ടപരിഹാരം നല്കാന് തയാറാകണമെന്ന്
കോട്ടയം: കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഉരുള്പൊട്ടലിലും ജലപ്രളയത്തിലുമായി ചെറുകിട വ്യവസായികള്ക്കും വ്യാപാരികള്ക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടതായും സംരംഭകര്ക്ക് നഷ്ടപരിഹാരം നല്കാന് സര്ക്കാര് തയാറാകണമെന്നും കേരള ചെറുകിട വ്യവസായി അസോസിയേഷന് കോട്ടയം ജില്ല പ്രസിഡന്റ് കെ. ദിലീപ് കുമാര്, മുന് സംസ്ഥാന പ്രസിഡന്റ് സേവ്യര് തോമസ് കൊണ്ടോടി, സെക്രട്ടറി ജോസ് ഞാവള്ളി എന്നിവര് ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയിലെ സുനില് തടിക്കലിന്റെ തനി നാടന് ഫുഡ് പ്രോസസിംഗ് യൂണിറ്റിന് ഉത്പന്നങ്ങളും മെഷീനറികളും അടക്കം ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. കാര്ഷിക ഉപകരണ നിര്മാണ ശാലയായ വിജയകുമാറിന്റെ ഫാക്ടറിയിലെ ലക്ഷക്കണക്കിന് വിലവരുന്ന മോട്ടോറുകളും അനുബന്ധ സാമഗ്രികളും വെള്ളം കയറി നശിച്ചിട്ടുള്ളതാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി വ്യവസായ ശാലകള്ക്ക് നഷ്ടം സംഭവിച്ചതായും ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള് സര്ക്കാര് ചെയ്തുനൽകണമെന്നും ഭാരവാഹികള് പറഞ്ഞു.
മൂന്ന് കുടുംബങ്ങളെമാറ്റി പാര്പ്പിച്ചു
എരുമേലി: കനത്ത മഴ തുടരുകയും വലിയ തോട്ടില് ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില് മൂന്ന് കുടുംബങ്ങളെക്കൂടി കൊരട്ടി ഡിടിപിസിയിലേക്ക് മാറ്റി പാര്പ്പിച്ചു. ഇതോടെ എട്ട് കുടുംബങ്ങളിലായി 14 പേരെയാണ് മാറ്റി പാര്പ്പിച്ചിരിക്കുന്നത്. കരിങ്കല്ലുംമൂഴി മുതല് കൊരട്ടി വരെ വലിയ തോടിന്റെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് എല്ലാവരും.
വലിയതോട്ടിലെ വെള്ളപ്പൊക്കത്തില് വീടിന് ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന് സര്ക്കാര് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗങ്ങളായ പഞ്ചായത്തംഗങ്ങളായ നാസര് പനച്ചി, അഭിരാമി ദേവരാജ്, ഷമീന ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില് എരുമേലിയില് വ്യാപകമായി വെള്ളം കയറി നാശനഷ്ടം ഉണ്ടായിരുന്നു. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ, കൃഷി വകുപ്പ് ഓഫീസ്, ആയുര്വേദ ആശുപത്രി, എരുമേലി ടൗണിലെ കടകള് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ധ്യാനം ഇല്ല
Kerala
കൊച്ചി: അഖില ഭാരതീയ വിദ്യാര്ഥി പരിഷത്തിന്റെ കേന്ദ്ര പ്രവര്ത്തകസമിതി യോഗം ഇന്നും നാളെയും എറണാകുളത്ത്.
ദേശീയ ഭാരവാഹികള്, ക്ഷേത്രീയ സംഘടന സെക്രട്ടറിമാര്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുമുള്ള വിദ്യാര്ഥി നേതാക്കള് എന്നിവര് പങ്കെടുക്കും.
Kerala
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്.
അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിനുശേഷം ഘടകകക്ഷികൾ കാത്തിരുന്ന യുഡിഎഫ് യോഗം നാളെ. ചർച്ച ചെയ്യാൻ വിഷയങ്ങൾ ഏറെയാണ്. യുഡിഎഫ് ചെയർമാനും സെക്രട്ടറിയും കെപിസിസി അധ്യക്ഷനും മന്ത്രിസഭയുടെ ഭാഗമാണ്.
സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തിൽ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങൾ മാത്രമല്ല, സർക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും ചർച്ച ചെയ്യും.
ബോർഡ്-കോർപറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കുള്ള അനുമതിയിലെ കാലതാമസം, വിവിധ കമ്മീഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളേറെയുണ്ട്.
പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് എടുക്കുന്ന നിലപാട് നിർണായകമായിരിക്കും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ഈ പദവികൾ സംബന്ധിച്ച് നിലവിൽ യുഡിഎഫിൽ ഒരു ഫോർമുലയുണ്ട്. അത് അടിസ്ഥാനമാക്കി പദവികൾ വീതംവയ്ക്കും. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും.
എൽഡിഎഫ് സർക്കാരിന്റെകാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളിലെ പദവികളും വിഭജിച്ചുനൽകും. വിവിധ സ്ഥാപനങ്ങളിൽ നിയമിക്കാവുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശ കണക്കെടുപ്പ് നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കുകയും ചെയ്തു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫിൽ ചർച്ചചെയ്യുമെന്നും സഖ്യകക്ഷികളുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനം മുന്നണി ചർച്ചകൾക്കുശേഷമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനുപുറമേ പ്രിയദർശിനി സൗജന്യബസ് യാത്രയുടെ പുരോഗതിയും ചർച്ചയാകും. ഇതിലുണ്ടാകേണ്ട മാറ്റത്തക്കുറിച്ചും ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
പുതുക്കിയ ബജറ്റിനുശേഷം മുന്നണി യോഗം വിളിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അതു നടപ്പായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങിയ തിരക്കുകൾ ചൂണ്ടിക്കാട്ടി യോഗം നീണ്ടു പോകുകയായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റ് കൂടി വന്നതിനുശേഷം യോഗം ചെരുന്നതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചതോടെയാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്.
മുന്നണി യോഗങ്ങൾ നിശ്ചിത ഇടവേളകളിൽ ചേരുന്നതാണ് ആരോഗ്യകരമെന്ന അഭിപ്രായമാണ് മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുള്ളത്.
Sports
മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഇന്ത്യൻ ടീമിന്റെ തോൽവി വിലയിരുത്താൻ ബിസിസിഐ അടുത്ത മാസം അവലോകന യോഗം ചേരും.
ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോർട്ട് സ്റ്റാഫിന്റെ ഭാവിയും യോഗത്തിൽ ചർച്ചയാകും.
പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരന്പര ഇന്ത്യ 2-0ന് നഷ്ടപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 4-0ന്റെ തോൽവി ഇന്ത്യ ഏറ്റുവാങ്ങി.
Kerala
തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ പുനഃസംഘടന ചർച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി യോഗം 30ന് രാവിലെ 11നു ചേരും. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള യുഡിഎഫ് ഏകോപനസമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്.
ഘടകകക്ഷികളുമായി ആലോചിച്ച് ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് പറഞ്ഞു. ഘടകകക്ഷികൾക്ക് ആവശ്യം ഉന്നയിക്കാൻ അവകാശമുണ്ട്.
ഓരോ പാർട്ടിക്കും എന്തൊക്കെ നൽകുമെന്നതു ചർച്ച ചെയ്യും. പിന്നീട് അതാത് പാർട്ടികളാണ് ചെയർമാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത്.
എല്ലാ ഘടകകക്ഷികളുടെയും ആവശ്യങ്ങളും വികാരങ്ങളും പരിഗണിച്ച് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടു പോകും. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റശേഷം മുന്നണി യോഗം വിളിച്ചുചേർക്കാൻ വൈകിയെന്ന വിമർശനം അടൂർ പ്രകാശ് തള്ളി.
ബജറ്റ് സമ്മേളനവും തുടർന്നുള്ള പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകളാണ് യോഗം വൈകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാന്റെയും ഘടകകക്ഷി നേതാക്കളുടെയും സൗകര്യംകൂടി പരിഗണിച്ചാണ് തീയതി നിശ്ചയിച്ചത്.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവയ്പ് മുൻകാലങ്ങളിലെ രീതിയിൽ തുടരില്ലെന്നും ആവശ്യമായ മാറ്റങ്ങളോടെ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യം.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പ്രതിഷേധത്തിൽ മുങ്ങി.
നീറ്റ് ക്രമക്കേടും പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് എതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രതിപക്ഷം ചോദ്യം ചെയ്തു. ആദ്യം ചർച്ചയ്ക്ക് തയാറാകാതിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയപ്പോൾ ധർമേന്ദ്ര പ്രധാന്റെ രാജിക്കു ശേഷം ചർച്ച എന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം ചുവട് മാറി. ഇതോടെ സമ്മേളനത്തിന്റെ ആദ്യ അഞ്ച് ദിവസവും നടപടികൾ പൂർത്തിയാക്കാതെ ഇരു സഭകളും പിരിയുകയാണുണ്ടായത്. വന്ദേമാതരത്തിന് നിയമ സംരക്ഷണം നൽകുന്ന ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
ഇന്നലെ രാവിലെ 11ന് പാർലമെന്റിന്റെ ഇരുസഭകളും ചേർന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ 12 വരെ ഇരു സഭകളും നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ ചർച്ചയ്ക്ക് തയാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
എന്നാൽ പ്രതിപക്ഷ എംപിമാർ ഇസ്തിഫാ ദോ (രാജി നൽകൂ) എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പ്രതിപക്ഷത്തെ പല എംപിമാരും ചർച്ച വേണമെന്ന് ആഗ്രഹിക്കുമ്പോൾ രാഹുൽ അതിന് സമ്മതിക്കുന്നില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.
തുടർന്ന് ലോക്സഭയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എണീറ്റപ്പോൾ സ്പീക്കർ ചേംബറിൽ ഉണ്ടായിരുന്ന പാനൽ അംഗം ജഗദംബിക പാൽ അദ്ദേഹത്തിന് അനുമതി നൽകിയില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സംസാരിക്കാൻ അനുമതി നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട് നൽകിയില്ല. തുടർന്ന് രാഹുൽ ഗാന്ധി സഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ മറ്റ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ശക്തമാക്കി. ഇതോടെ സഭ പിരിയുകയായിരുന്നു.
Kerala
കോതമംഗലം: വാഹനാപകടത്തില് മരിച്ച സുഹൃത്തിന്റെ വീട്ടിൽപോയി അന്തിമോപചാരം അര്പ്പിച്ചു മടങ്ങവെ, തട്ടേക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ക്രോസ് ബാറില് തലയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി ആല്പ്പാറ വഴേപ്പറമ്പില് മോന്സി ജോര്ജ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.40നായിരുന്നു അപകടം.
ചെക്കുപോസ്റ്റ് ക്രോസ് ബാറില് തല ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് രക്തംവാര്ന്ന മോൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
പൂയംകുട്ടിയിൽ വാഹനാപകടത്തില് മരിച്ച സുഹൃത്തിനെ കണ്ട് മടങ്ങവെയായിരുന്നു അപകടം.
പരേതരായ ജോര്ജ് -ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്: ഗ്രേസി, ബിന്സി.
Kerala
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസമായി യുഡിഎഫ് മുന്നണി യോഗം ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയിലാണ് ടീം യുഡിഎഫ് ഒടുവിൽ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുൻപാണ് നടന്നത്.
പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് നീട്ടാനാകില്ലെന്ന കർശന നിലപാടിലാണ് ഘടകകക്ഷികൾ.
കൃത്യമായ ഇടവേളകളിൽ മുന്നണി യോഗം ചേരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം, പിഎം ശ്രീ വിഷയത്തിലെ മുന്നണി നിലപാട്, സർക്കാർ നിയമന വിവാദങ്ങൾ തുടങ്ങി പ്രധാനപ്പെട്ട പല വിഷയങ്ങളിലും മുന്നണിയിൽ കൃത്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതോടൊപ്പം ബോർഡ് കോർപ്പറേഷൻ വിഭജനം, കാബിനറ്റ് പദവികൾ ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങളുടെ നിർണയം എന്നിവ പൂർത്തിയാക്കാനും യുഡിഎഫ് യോഗം ചേരേണ്ടതുണ്ട്.
പുതിയ കെപിസിസി പ്രസിഡന്റ് വന്ന ശേഷം യോഗം ചേരാമെന്ന് കരുതുന്നത് കൂടുതൽ വൈകലിന് ഇടയാക്കുമെന്ന ആശങ്കയും ഘടകകക്ഷികൾക്കുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും മുന്നണി യോഗം വിളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചകളും നടന്നില്ലെന്നാണ് വിവരം.
District News
പേരൂര്ക്കട: ട്രിവാന്ഡ്രം ക്ലബ്ബ് സീനിയര് ഫോറത്തിന്റെ 2026-27 വര്ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുയോഗവും തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില് ചേര്ന്നു. ഫോറം പ്രസിഡന്റ് കെ.ആര്.ജി ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. സീനിയര് ഫോറം സെക്രട്ടറി എന്.ഒ കുരുവിള, വൈസ്പ്രസിഡന്റ് ജ്യോതീന്ദ്രകുമാര് എന്നിവര് പങ്കെടുത്തു. പ്രസിഡന്റ് മുരളീധരക്കുറുപ്പ് ആശംസാ പ്രസംഗം നടത്തി. ലക്ഷ്മി കുമാരന്, ലത്തീഷ, ശിവജി എന്നിവര് അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള എസ്ഐടിയുടെ റിപ്പോർട്ട് മന്ത്രിസഭയിൽ എത്തിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ ശ്രമം. മന്ത്രിസഭയിൽ എത്തിക്കാനായാൽ അജിത്തിനെതിരേയുള്ള തുടർ നടപടിയോ തുടരന്വേഷണമോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരം എഡിജിപി എം.ആർ. അജിത്കുമാർ എസ്ഐടിയുടെ കണ്ടെത്തലുകളെല്ലാം നിഷേധിച്ച് എഴുതി തയാറാക്കിയ വിശദീകരണം പ്രത്യേക ദൂതൻ വശം ഡിജിപിക്ക് കൈമാറി. കേസ് അട്ടിമറിയിൽ തനിക്ക് പങ്കില്ലെന്നും കേസ് ഡയറി തിരുത്താൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും അജിത്തിന്റെ വിശദീകരണത്തിൽ ഉള്ളതായാണ് വിവരം.
അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോൾ താൻ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ ആയിരുന്നെന്നാണ് വിശദീകരിച്ചത്. ഡിജിപിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷിയോഗത്തിലേക്കു വിമത തൃണമൂൽ എംപിരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി . തൃണമൂലിന്റെ വിമത എംപിമാർ ലയിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന കക്ഷിയെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നൽകുന്നതിനു ലോക്സഭാ സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ എംപിമാരുടെ എൻസിപിഐയിലുള്ള ലയനം ഇപ്പോഴും പരിഗണനാവിഷയമാണ്.
പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലില്ലെന്നും തിരിച്ചറിയപ്പെടാത്ത പ്രതിപക്ഷകക്ഷിയെ എങ്ങനെയാണ് സർക്കാർ വിളിച്ചുകൂട്ടുന്ന ഒരു ഔദ്യോഗിക സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കുക എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ എൻസിപിഐ ലോക്സഭാ സ്പീക്കറോട് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നുമാണ് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം.
ന്യൂഡൽഹി: രാഷ്ട്രീയ കൂറുമാറ്റങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കുമിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ആരംഭം.
അയോധ്യയുൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ സംഭാവനത്തട്ടിപ്പ്, പരീക്ഷാ ക്രമക്കേടുകൾ, ഇ20 വിവാദം, മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര കൃഷിസഹമന്ത്രിയും പദവികൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ, സോനം വാംഗ്ചുക്കിന്റെ കസ്റ്റഡി, വിലക്കയറ്റം, വിദേശനയത്തിലെ വീഴ്ച തുടങ്ങിയ ഒരു വലിയ ആയുധശേഖരവുമായി സർക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷകക്ഷികൾ ശ്രമിക്കുക. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ), ഉന്നത വിദ്യാഭ്യാസ ബിൽ തുടങ്ങിയ വിവാദ സ്വഭാവമുള്ള ബില്ലുകൾ അവതരിപ്പിച്ചാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.
പുതിയ പ്രതിപക്ഷ സമവാക്യം
ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുന്നതിനായി ശ്രമിക്കുന്ന എൻഡിഎ സർക്കാർ ഇതിനോടകം പ്രതിപക്ഷ നിരയിൽനിന്ന് എംപിമാരെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരെ തങ്ങളുടെ കൂടാരത്തിലേക്കെത്തിച്ച ബിജെപി തൃണമൂൽ കോൺഗ്രസിന്റെ 20 എംപിമാരെയും ശിവസേന (ഉദ്ധവ്) വിഭാഗത്തിന്റെ ആറ് എംപിമാരെയും അതത് പാർട്ടികളിൽനിന്ന് പിളർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽനിന്ന് ഡിഎംകെയും എൻസിപി (ശരദ്) വിഭാഗവും അകലം പാലിക്കുന്നതും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസിനോട് എതിർപ്പ് വ്യക്തമാക്കി പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം ചോദിച്ച ഡിഎംകെക്ക് ലോക്സഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയിൽ ലയിച്ച 20 തൃണമൂൽ എംപിമാരും ലോക്സഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരിക്കും ഇനി.
നിർണായക ബില്ലുകൾ
മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ഭരണഘടനയുടെ 131-ാം ഭേദഗദതി ബിൽ വർഷകാല സമ്മേളനത്തിന്റെ തുടക്കത്തിൽ സർക്കാർ അവതരിപ്പിക്കില്ലെങ്കിലും സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ സർക്കാർ അപ്രതീക്ഷിതമായി അവതരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്.
എഫ്സിആർഎ ബില്ലും ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലും വീണ്ടും പാർലമെന്റിലെത്തുന്നത് ബഹളങ്ങൾക്കു വഴിവയ്ക്കുമെന്നുറപ്പാണ്. ഇതിനോടൊപ്പം ആദായനികുതി ഭേദഗതി ബിൽ, ജനന- മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, എംഎസ്എംഇ വികസന ഭേദഗതി ബിൽ എന്നിവയും സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ദേശീയ ഗാനമായ ജനഗണമനയ്ക്കു ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ദേശീയ ഗീതമായ വന്ദേമാതരത്തിനു നൽകുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നു റിപ്പോർട്ടുണ്ട്. പുതിയ നിയമപ്രകാരം ഏതെങ്കിലുമൊരു വ്യക്തി വന്ദേമാതരത്തെ മനഃപൂർവം അപമാനിച്ചാലോ ദേശീയഗീതം പാടുന്നത് തടസപ്പെടുത്തിയാലോ മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാം.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട് സോളാര് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ പരിഗണിക്കും.
ഒരു വര്ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും. പീക്ക് സമയത്ത് സംസ്ഥാനം നേരിടുന്നത് 400 മുതൽ 500 മെഗാവാട്ടിന്റെ കുറവാണ്.
Kerala
കൊച്ചി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില് രണ്ടു ദിവസത്തെ നിര്ണായക അവലോകന യോഗം കൊച്ചിയില് ചേരുന്നു. സിഎംആര്എല് -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്പ്പെടെ നിലവില് അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള് യോഗത്തില് വിലയിരുത്തും.
സിഎംആര്എല് - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് അന്വേഷണത്തിന്റെ തുടര്നടപടികളാണ് പ്രധാനമായും ചര്ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്റെ ആസ്തിവിവരങ്ങള് ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര് അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില് ശേഖരിച്ച തെളിവുകളും യോഗത്തില് പരിശോധിക്കും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളെയും ഡോക്ടര്മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.
തുടരന്വേഷണത്തിന്റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില് തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര് ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില് ചര്ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര് നിയമനടപടികള് എന്നിവയും യോഗത്തില് പരിഗണിക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടതുമുന്നണി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി.
ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണു നിയമസഭാ സമ്മേളന സമയത്തു പോലും ചേരാത്ത മുന്നണി യോഗം വിളിച്ചു ചേർക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായിരുക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിലപാടാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്. ഇതിൽ കേരള കോണ്ഗ്രസ്-എം ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കഴിഞ്ഞ ദിവസം ആവർത്തിച്ചു. സംസ്ഥാനത്തെ നേതാക്കളും പരസ്യമായിത്തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മാകട്ടെ സിപിഐക്ക് ഉപനേതാവ് സ്ഥാനം നൽകില്ലെന്ന പിടവാശിയിലുമാണ്. ഈ സാഹചര്യത്തിലാണ് വരുന്ന ചൊവാഴ്ച പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടക്കും. 13,14 തീയതികളിൽ സിപിഐ നേതൃയോഗം ചേരുന്നുണ്ട്.
ഇടതുമുന്നണി കണ്വീനർ ടി.പി.രാമകൃഷ്ണനും ബിനോയ് വിശ്വവും തമ്മിൽ മുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഎം-സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചത്.
തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതാവ് പദവി
യുഡിഎഫ് സർക്കാരിനെതിരേ ഇടതുമുന്നണിയെന്ന നിലയിൽ ഇതുവരെയും സമരപരിപാടികളൊന്നും ആലോചിക്കാനോ സംഘടിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം.
അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനു മുന്പായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന ധാരണയാണു ഇപ്പോൾ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടു സിപിഐ സ്വീകരിച്ചാൽ സിപിഎം വെട്ടിലാകും.
Kerala
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകും. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.
നേരത്തെ പിഎസ്സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പിഎസ്സി. രജിസ്റ്റർ ചെയ്ത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പിഎസ്സി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.
DCL (Deepika Children’s League)
തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്റ് തോമസ് യു .പി സ്കൂളിൽ നടക്കും .
കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിലും ഉണ്ടായിരിക്കും .
ഡയറക്ടേഴ്സ് മീറ്റ്
പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ ശൃംഖലകൾ പൂർണമായും ഇല്ലാതാക്കുകയാണ് ഈ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ലഹരിമാഫിയക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ തീരുമാനിക്കും. അയൽസംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്.
ബുധനാഴ്ച ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്.
Movies
താരസംഘടനയായ 'അമ്മ'യില് അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന് പ്രസിഡന്റ് ആയ ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. രമേഷ് പിഷാരടി കണ്വീനറായ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.
ഉടന് ജനറല് ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്ന്നശേഷമായിരിക്കും ജനറല് ബോഡി വിളിക്കുക.
ജൂണ് 21ലെ ജനറല് ബോഡിയില് സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്ന്ന് രൂക്ഷ വിമര്ശനം ഉയര്ന്നതോടെ ശ്വേത മേനോന്റെ കമ്മിറ്റി രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിനെ തുടർന്നാണ് സംഘടനയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി വന്നത്.
രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര് രാജി ഔദ്യോഗികമായി സമര്പ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്ഹോക് കമ്മിറ്റി നിലവില് വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില് ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.
മയക്കുമരുന്നിനെതിരേ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദം കൊടുംപിരികൊണ്ട് നിൽക്കവേ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിര്ണായക യോഗം ഇന്ന് ചേരും. യോഗത്തിൽ ചമ്പത് റായിയുടേത് ഉൾപ്പെടെയുള്ള രാജി അംഗീകരിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് അയോധ്യയിലാണ് യോഗം. എന്നാൽ രാജിവച്ച പദവികളിലേക്ക് ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്നത്തെ യോഗത്തില് ചമ്പത് റായി പങ്കെടുത്തേക്കില്ല. ചമ്പത് റായിക്ക് ക്ഷേത്രക്കൊള്ളയില് വീണ്ടും കുരുക്ക് മുറുകയയാണ്.
അഞ്ച് കോടി വിലമതിക്കുന്ന സ്വർണത്തിൽ തീര്ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്കിയെന്നും ഇപ്പോള് ഒരു വിവരവുമില്ലെന്നും മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി പോർട്ട് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി എംഎസ്സി കപ്പൽ കന്പനിക്ക് കൈമാറിയ വിവാദം നിലനിൽക്കേ മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ ഡയറക്ടർ ബോർഡ് യോഗം വിളിച്ചുചേർക്കുന്നതും ആലോചനയിൽ.
അദാനിയുടെ 13,200 കോടിയുടെ ഓഹരി സർക്കാരിനെ അറിയിക്കാതെ കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും വിദഗ്ധ സമിതിയും പരിശോധിച്ച ശേഷമാകും ഡയറക്ടർ ബോർഡ് വിളിച്ചുചേർക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
മുഖ്യമന്ത്രിയെക്കൂടാതെ റവന്യു മന്ത്രിയടക്കമുള്ള വിവിധ വകുപ്പു മന്ത്രിമാരും ഡയറക്ടർ ബോർഡിലുണ്ട്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമവകുപ്പും പരിശോധിക്കും.
ബന്ധപ്പെട്ട ഭാഗങ്ങളാകും പരിശോധിക്കുക. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരികൈമാറ്റം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ ഏറെ കരുതലോടെ നീങ്ങാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായുള്ള നടപടികളാകും സ്വീകരിക്കുക.
DCL (Deepika Children’s League)
ഡിസിഎൽ കോട്ടയം പ്രവിശ്യയിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂലൈ ആറിന് തുടക്കംകുറിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിനു ജോബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കേന്ദ്രസമിതിയംഗം ആൻസി മേരി ജോൺ, ജോഷി കൊല്ലാപുരം തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്പായി ചങ്ങനാശേരി, കോട്ടയം, തിരുവല്ല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും നടക്കും.