ന്യൂഡൽഹി: ബിജെപിയുടെ നിർണായക തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകുന്നേരം ചേരും. ബിജെപി ആസ്ഥാനത്ത് ആദ്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന പാർലമെന്ററി ബോർഡ് യോഗം ചേരും. ഇതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാനത്തെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും ചേരും.
50 സീറ്റുകളിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കാര്യമായ സർപ്രൈസുകളില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയ്ക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അംഗീകാരം നൽകും. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ എല്ലാം ഡൽഹിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും അടക്കം മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.
അതേസമയം, തിരുവനന്തപുരത്തും പാലക്കാടും തൃശൂരും അടക്കം ബിജെപി ചുവരെഴുത്തുകൾ തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി.
Tags : bjp Central Election Committee meeting assembly election kerala