ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ പലയിടങ്ങളിലായി ഉയർന്നു കേൾക്കുന്നു. എംഎൽമാരായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാർക്കും പകരക്കാരെത്തും.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷനും മുദ്രാവാക്യങ്ങൾ ഉയർത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.