കോതമംഗലം : പഴയ ആലുവ - മൂന്നാർ രാജപാത സന്ദർശിച്ചശേഷം മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ കോതമംഗലം ബിഷപ്സ് ഹൗസിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതും ഉദ്യോഗസ്ഥർ വിശദമാക്കിയതും നാട്ടുകാരിൽനിന്നും ത്രിതലപഞ്ചായത്ത് ജനപ്രതിധികളിൽനിന്നും വ്യക്തമായതുമായ കാര്യങ്ങളും തുടർ നടപടികളും കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
രാജപാതയുടെ ആവശ്യവും അതുമായി ബന്ധപ്പെട്ട് നാടിനും ആദിവാസി ഉന്നതികൾക്കും ഉണ്ടാകാൻ പോകുന്ന വികസനസാധ്യതകളും ബിഷപ്പുമാർ വിശദീകരിച്ചു. നാളുകളായി ഈ വിഷയവുമായി ബന്ധപ്പെട്ട് സഭയും ബിഷപ്പുമാരും വൈദികരും സംഘടനകളും ജനങ്ങൾക്കൊപ്പംനിന്നു നടത്തിയ സമരങ്ങളും വ്യക്തമാക്കി.
നവതിയുടെ നിറവിലെത്തിയ മാർ പുന്നക്കോട്ടിലിനെതിരേ സമാധാനപരമായി സമരം നടത്തിയതിന് വനംവകുപ്പെടുത്ത കേസിനെപ്പറ്റിയും ചർച്ച ചെയ്തു.
വനാതിർത്തി ഗ്രാമങ്ങളിലെ നിർധനകുടുംബങ്ങളും കർഷകരും നേരിടുന്ന വന്യമൃഗ ആക്രമണങ്ങളും വന്യമൃഗ ശല്യം മൂലം യാതൊരുതരത്തിലും ജീവിക്കാൻ മാർഗമില്ലാതെ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പല ഗ്രാമങ്ങളിൽനിന്നും ആളുകൾ പലായനം ചെയ്തു വാടകയ്ക്കും ബന്ധുവീടുകളിലും കഴിയുന്ന ഗതികേടുകളും ബിഷപ്പുമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
രാജപാതയുടെ കാര്യവും വന്യമൃഗ പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ശ്രദ്ധയിൽപ്പെടുത്താമെന്നും അടിയന്തര പരിഹാരങ്ങൾക്കു ശ്രമിക്കുമെന്നും ഉറപ്പ് നൽകിയാണു മന്ത്രി മടങ്ങിയത്.
കൂടിക്കാഴ്ചയിൽ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം, രാജപാത വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വൈദികർ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കാസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവരുമുണ്ടായിരുന്നു.
Tags : Nattuvishesham Local News Minister Shibu Baby John meeting Bishop of Kothamangalam