ആലപ്പുഴ: നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.70 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വേസ്റ്റ് ട്രാൻസ്ഫോർമർ മെഷിനറിയുടെ നിർമാണ-സ്ഥാപന പ്രവർത്തനങ്ങൾ ആലിശേരി വാർഡിൽ പുരോഗമിക്കുന്നു.
നഗരസഭയിലെ വർധിച്ചുവരുന്ന മാലിന്യ സംസ്കരണ വെല്ലുവിളികൾക്ക് ശാശ്വതപരിഹാരം ലക്ഷ്യമിട്ടാണ് ഈ അത്യാധുനിക വേസ്റ്റ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്.
ദിവസേന അഞ്ചു ടൺ വരെ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള സംവിധാനം, വിവിധ തരത്തിലുള്ള ഖരമാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കാൻ സഹായിക്കും.
മാലിന്യം കത്തിക്കുന്ന പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി, പരിസ്ഥിതിയിലേക്ക് ഹാനികരമായ പുക, വിഷവാതകങ്ങൾ തുടങ്ങി ഒന്നും തന്നെ പുറന്തള്ളാതെ, പൂർണമായും പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ രീതിയിലാണ് മാലിന്യസംസ്കരണം നടത്തുക. നിലവിൽ ആലപ്പുഴ നഗരസഭാ പരിധിയിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ടൂറിസം മേഖല, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പ്രതിദിനം ഗണ്യമായ അളവിൽ ഖരമാലിന്യം രൂപപ്പെടുന്നുണ്ട്. ഈ മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം നഗരസഭയ്ക്ക് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ നഗരസഭയുടെ മാലിന്യസംസ്കരണ ശേഷി ഗണ്യമായി വർധിക്കുകയും മാലിന്യകൂമ്പാരങ്ങൾ കുറയുകയും പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുകയും ചെയ്യും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരസഭയുടെ സമഗ്ര ഖരമാലിന്യ മാനേജ്മെന്റ് സംവിധാനത്തിന് വലിയ കരുത്തേകുന്നതോടൊപ്പം, ശുചിത്വ നഗരമെന്ന ലക്ഷ്യത്തിലേക്കുള്ള ആലപ്പുഴയുടെ മുന്നേറ്റത്തിന് ഇത് നിർണായക സംഭാവന നൽകുമെന്നും ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതികൾ ലഭ്യമാക്കിയ ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണപ്രവർത്തനങ്ങളും അനുബന്ധ സംവിധാനങ്ങളും എത്രയും വേഗം പൂർത്തീകരിച്ച് വേസ്റ്റ് ട്രാൻസ്ഫോർമർ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻതന്നെ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ കമ്മീഷൻ ചെയ്യുമെന്നും ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ എന്നിവർ അറിയിച്ചു.
Tags : Nattuvishesham Local News Waste Municipal Corporation