കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണ ഫലങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവയ്ക്കുന്നതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങളെയും ഏജൻസികളെയും കോർത്തിണക്കി 'നോളജ് ക്ലസ്റ്റർ' സർക്കാറിന്റെ പരിഗണയയിലാണെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ലോക സമുദ്ര ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഈ കൂട്ടായ്മ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിരമായ മത്സ്യബന്ധന മാനേജ്മെന്റിനായി സംയുക്ത ഗവേഷണങ്ങൾക്കും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും 'നോളജ് ക്ലസ്റ്റർ' വഴിതുറക്കും.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഈ ഏകോപനം നടപ്പിലാക്കുക. കാലാവസ്ഥാ വ്യതിയാനവും അത് മൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ഒരുകാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളുടെയും ലഭ്യതയിൽ ഇപ്പോൾ വലിയ കുറവുണ്ടാകുന്നുണ്ട്.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ഡോ ശോഭ ജോ കിഴക്കൂടൻ പ്രസംഗിച്ചു.
സിഎംഎഫ്ആർഐയിൽ നടന്ന അവലോകന യോഗത്തിൽ മുനമ്പം ഫിഷറീസ് ഹാർബർ വികസനത്തിനായുള്ള പ്രാഥമിക പദ്ധതി നിർദേശം മന്ത്രി അബ്ദുൾ ഗഫൂർ വിലയിരുത്തി. 200 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ മുനമ്പം ഹാർബറിനെ അന്താരാഷ്ട്ര കയറ്റുമതി നിലവാരമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
Tags : fisheries minister v e abdul ghafoor speech cmfri program