കോഴിക്കോട്: താമരശേരിയിൽ ബാറിൽവെച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇന്ന് വൈകുന്നേരം നാലിന് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം.
ആക്രമത്തിൽ പരിക്കേറ്റ ബാലുശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ പയ്യോളി പുതിയോട്ടിൽ ഫഹദ് , മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി , വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെ താമരശേരി പോലീസ് അറസ്റ്റു ചെയ്തു.
മർദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും പരിചയക്കാരാണ്. മുമ്പ് അവർ ഒരുമിച്ച് മദ്യപിച്ച സമയം ഫഹദിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. ഇത് വിഷ്ണു എടുത്തു എന്നാണ് ഫഹദ് ആരോപിക്കുന്നത്. സംഭവത്തിനുശേഷം ഇന്ന് ഫഹദ് ബാറിൽവെച്ച് വിഷ്ണുണുവിനെ നേരിൽ കണ്ടപ്പോൾ ഇതേപ്പറ്റി ചോദിച്ചതാണ് പരസ്പരം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
ഇടിക്കട്ടകൊണ്ടും കൈകൊണ്ടും പ്രതികൾ ക്രൂരമായി മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പ്രതികളെ സംഭവസ്ഥലത്തുവെച്ച് പിടികൂടിയത്. മെഡിക്കൽ ചെക്കപ്പിനായി താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ആശുപത്രിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Tags : young men attacked arrest police thamarassery