കോട്ടയത്ത് പ്രളയദുരിതം തുടരുന്നു.
കോട്ടയം: നാലാം ദിനത്തിലും കോട്ടയത്ത് പ്രളയദുരിതം തുടരുന്നു. ഇന്നലെ പകല്‍ കാര്യമായി മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറന്‍ മേഖല ഇപ്പോഴും വെള്ളത്തിലാണ്.
വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍ തന്നെയാണ്. കുമരകം, തിരുവാര്‍പ്പ്, അയ്മനം, അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ താഴ്ന്ന പ്രദേശങ്ങളിലുമാണ് ഏറ്റവും അധികം വെള്ളക്കെട്ടും ദുരിതവും. കോട്ടയം-കുമരകം റോഡില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ഗതാഗതം സാധ്യമല്ല. നാലു ദിവസമായി റോഡില്‍ വെള്ളക്കെട്ടാണ്.
എണ്ണായിരത്തോളം ആളുകളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ വീടുകളിലേക്കു മടങ്ങുന്നുണ്ട്. വീടുകളും സ്ഥാപനങ്ങളും ശുചീകരണം നടത്തിയാണ് തിരിച്ചു കയറുന്നത്.
മഴയുടെ ശക്തി കുറഞ്ഞതിനാല്‍ മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് താഴ്ന്നു. വൈക്കം താലൂക്കിലും ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറന്‍ പ്രദേശത്തും വെളളക്കെട്ട് ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ് എസി റോഡിന്റെ സമീപത്തുള്ള വീടുകള്‍ വെള്ളം കയറി മൂടിയിരിക്കുകയാണ്.
ഇവിടെയുള്ളവരെല്ലാം വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലാണ്. റോഡില്‍ പലയിടത്തും വെള്ളക്കെട്ടുമുണ്ട്. മഴ രാത്രികൂടി മാറിനിന്നാല്‍ നാളെ പൂര്‍ണമായും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അപ്പര്‍കുട്ടനാട് നിവാസികള്‍.
കോട്ടയം: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കാരിത്താസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസും സംയുക്തമായി കരുതലായി കാരിത്താസ് എന്ന പേരില്‍ വിപുലമായ മെഡിക്കല്‍ സഹായ പദ്ധതിക്ക് തുടക്കമിടുന്നു.
പദ്ധതിയുടെ ഭാഗമായി ഇന്നു രാവിലെ എട്ടിന് കാരിത്താസ് ആശുപത്രിയില്‍നിന്ന് 10 മെഡിക്കല്‍ സംഘങ്ങള്‍ ക്യാമ്പുകളിലേക്ക് പുറപ്പെടും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘങ്ങള്‍ ജില്ലയിലെ വിവിധ പ്രളയബാധിത മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ദുരിതബാധിതര്‍ക്ക് ചികിത്സയും ആവശ്യമായ ആരോഗ്യസേവനങ്ങളും ലഭ്യമാക്കും.
മെഡിക്കല്‍ സംഘങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി മോന്‍സ് ജോസഫ് നിർവഹിക്കും. എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോൻ, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
മെഡിക്കല്‍ ക്യാമ്പുകളിലൂടെ പൊതുവായ രോഗപരിശോധന, ആവശ്യമായ മരുന്നുകളുടെ വിതരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുള്ള തുടര്‍പരിചരണം, മാനസിക-സാമൂഹിക പിന്തുണ, ആരോഗ്യബോധവത്കരണം എന്നിവ ഉറപ്പാക്കും. ദുരിതകാലത്ത് സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുകയെന്ന കാരിത്താസ് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഏകോപനത്തോടെയാണ് മെഡിക്കല്‍ സംഘങ്ങള്‍ വിവിധ ദുരിതബാധിത മേഖലകളില്‍ സേവനം അനുഷ്ഠിക്കുക.
Tags : WaterLevels WesternKottayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash