അജ്ഞാത ജീവിയെ പിടികൂടുന്നതിനായി കൂട് എത്തിച്ചപ്പോൾ.
കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് ബദരിയ പള്ളിക്ക് സമീപം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുമ്മങ്കോട് എരഞ്ഞിക്കൽ സിനാൻ (19), കുഞ്ഞാമി (65) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീടിനോട് ചേർന്ന പറമ്പിൽ കാട് വെട്ടുന്നതിനിടെയായിരുന്നു സംഭവം. അജ്ഞാത ജീവിയുടെ ആക്രമണത്തിൽ സിനാന്റെ നെഞ്ചിലും തലയുടെ പിൻഭാഗത്തും കുഞ്ഞാമിയുടെ മുഖത്തുമാണ് പരിക്കേറ്റത്.
നാട്ടുകാർ ചേർന്ന് ഇരുവരെയും നാദാപുരത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജ്ഞാത ജീവി ഓടിപ്പോകുന്നത് സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരൻ കണ്ടിരുന്നു. ഇതിനിടെ കുമ്മങ്കോട് സ്വദേശി നൊട്ടീന്റവിട റംഷാദ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലും ജീവി ഓടിപ്പോകുന്നത് കാണാം. ദൃശ്യത്തിലുള്ളത് പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം.
കഴിഞ്ഞ മൂന്ന് ദിവസമായി കുമ്മങ്കോട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് നാദാപുരം ഡിവൈഎസ്പി പി.എം. മനോജിന്റെ നേതൃത്വത്തിൽ പൊലിസും കുറ്റ്യാടിയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും പെരുവണ്ണാമൂഴി, താമരശേരി എന്നിവിടങ്ങളിൽ നിന്നുള്ള ആർആർ.ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കെ.എം. അഭിജിത്ത് എംഎൽഎ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വാർഡ് അംഗം പി. വാസു എന്നിവരും സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. അജ്ഞാത ജീവിയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.
Tags : UnidentifiedAnimal TigerAlert Wildlife Nadapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash