വി. അബ്ദുറഹിമാൻ.
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻകായികമന്ത്രി വി. അബ്ദുറഹിമാനെതിരെ കൂടുതൽ സ്റ്റാഫംഗങ്ങളുടെ മൊഴി. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നും വകുപ്പിലെ കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചെന്നുമാണ് സ്റ്റാഫംഗങ്ങൾ എസ്ഐടിക്ക് നൽകിയ മൊഴി.
മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി.ആർ. രമേശാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചു. എയ്ഡഡ് കോളജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇതും മന്ത്രി പരിഗണിച്ചില്ലെന്നാണ് രമേശിന്റെ മൊഴി. മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ ഒരു വ്യക്തിക്ക് ഔദ്യോഗിക ഇ-മെയിലുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു. വകുപ്പിലെ വിവിധ കാര്യങ്ങളിൽ മന്ത്രിയുടെ താൽപര്യപ്രകാരമാണ് തീരുമാനങ്ങളെടുത്തിരുന്നതെന്നും രമേശ് എസ്ഐടിയോട് വ്യക്തമാക്കി.
മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലും അബ്ദുറഹിമാനെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. സ്പോൺസറെ നിയോഗിക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നാണ് സത്യപാലിന്റെ മൊഴി. ടെൻഡറില്ലാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നും സത്യപാലൻ മൊഴി നൽകി.
സ്പോൺസറുമായി ബന്ധപ്പെട്ട ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതും മന്ത്രി അവഗണിച്ചെന്നാണ് ആരോപണം. എസ്ഐടിയുടെ ചോദ്യം ചെയ്യലിലാണ് ഇരുവരും മൊഴി നൽകിയത്.
Tags : Messi FraudCase V.Abdurahiman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash