പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഒക്ടോബർ 20ന് പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയൽ. ന്യൂസിലൻഡിലേക്കുള്ള നൂറ് ശതമാനം ഇന്ത്യൻ കയറ്റുമതികൾക്കും ഡ്യൂട്ടി ഫ്രീ വ്യാപാരം തുറന്നുനൽകുന്ന കരാർ ഏപ്രിൽ 27നാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. കരാറിന് ഈ മാസമാദ്യം ന്യൂസിലൻഡ് പാർലമെന്റ് അംഗീകാരം നൽകിയതിനു പിന്നാലെ കരാർ നടപ്പിലാക്കുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി.
നൂറ് ശതമാനം ഡ്യൂട്ടി ഫ്രീ വ്യാപാരം
ഇന്ത്യയുടെ എല്ലാ കയറ്റുമതികൾക്കും ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം തുറന്നുനൽകുന്നത് ഇന്ത്യയിലെ തൊഴിൽ കേന്ദ്രീകൃത മേഖലകളായ ടെക്സൈ്റ്റൽ, ലെതർ, ചെരിപ്പുകൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കൈത്തറി-എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഗുണകരമാകും. സമുദ്രോത്പന്ന കയറ്റുമതിയിൽ വൈവിധ്യവത്കരണം സാധ്യമാക്കുന്ന കരാർ രാജ്യത്തിന്റെ ചെമ്മീൻ കയറ്റിമതിയെയും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിലൂടെ കേരളത്തിന്റെ ഏലം, കുരുമുളക് എന്നിവയ്ക്ക് ഉയർന്ന ആവശ്യകതയുണ്ടാകുമെന്നും മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങൾക്ക് ഊർജമാകുമെന്നും കേന്ദ്രം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കും തൊഴിലാളികൾക്കും നേട്ടം
രാജ്യത്തെ ചില നൈപുണ്യ തൊഴിലാളികൾക്ക് മൂന്നുവർഷം വരെ ന്യൂസിലൻഡിൽ തങ്ങാവുന്ന രീതിയിൽ 5000 വീസ ക്വോട്ടകൾ കരാർ തുറന്നിടുന്നുണ്ട്. ഐടി , എൻജിനിയറിംഗ്, ആരോഗ്യം എന്നീ മേഖലകളിലെ നൈപുണ്യ തൊഴിലുകൾക്ക് പുറമെ ആയുഷ് പരിശീലകർക്കും യോഗ പരിശീലകർക്കും ഷെഫുകൾക്കും ഈ ക്വാട്ടയിൽ ന്യൂസിലൻഡ് ജോലി വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെ ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും നിരവധി ആനുകൂല്യങ്ങൾ കരാർ പ്രദാനം ചെയ്യുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർവരെ ജോലി ചെയ്യാൻ ന്യൂസിലൻഡ് ഇനി അനുവദിക്കും.
വർക്കിംഗ് ഹോളിഡേ വീസയിലൂടെ പ്രതിവർഷം ചെറുപ്പക്കാരായ 1000 ഇന്ത്യക്കാർക്ക് 12മാസ കാലയളവിലേക്കായി ഒന്നിലധികം തവണ ന്യൂസിലൻഡ് സന്ദർശിക്കാനും കരാർ അവസരം ഒരുക്കുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews No duties on 100% of exports;