പി.എസ്. സഞ്ജീവ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്റെ യാത്രയ്ക്കായി ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാനായിരുന്നു വിമാനയാത്ര.
മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടേർഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്ന വിശദീകരണത്തെ ചോദ്യം ചെയ്ത സഞ്ജീവ് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യംപറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിലൂടെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശനവുമായി രംഗത്തെത്തിയത്. ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആരാണ് ഈ സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ യുഡിഎഫ് കേന്ദ്രങ്ങൾ ചോദ്യമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും സഞ്ജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ ഈ അഴിമതിക്കാർ തയാറായാലും യുഡിഎഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
Tags : VDSatheesan SFI PSSanjeev NewsUpdate Headlines