പി.എം. വർക്കി
തൃശൂർ: തൃശൂരിന്റെ ആരോഗ്യമേഖലയ്ക്കു വഴികാട്ടിയായ ഹൃദ്രോഗ വിദഗ്ധൻ ഡോ. പി.എം. വർക്കി (97) അന്തരിച്ചു.തൃശൂർ സണ്‍ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിന്റെ (ട്രിച്ചൂർ ഹാർട്ട് ഹോസ്പിറ്റൽ) സ്ഥാപകനും അമല ആശുപത്രി, തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി എന്നിവയുടെ സ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ചയാളുമാണ്.
കേരള ക്യാൻസർ സൊസൈറ്റി, തൃശൂർ ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എന്നീ പദവികൾ വഹിച്ചു. 25ന് രാവിലെ ഏഴു മുതൽ എട്ടുവരെ സണ്‍ ആശുപത്രിയിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം നാലിനു മിഷൻ ക്വാർട്ടേഴ്സിലുള്ള പനന്താനം ഭവനത്തിൽനിന്ന് ആരംഭിച്ച് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ നടത്തും.
1929 സെപ്റ്റംബർ 17ന് കോട്ടയം ജില്ലയിലെ വയലായിൽ പരന്പരാഗത ആയുർവേദ വൈദ്യനായ പനന്താനം വി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകനായാണ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസിൽനിന്ന് 1955ൽ എംബിബിഎസും യുകെയിൽനിന്ന് എംആർസിപിയും എഫ്ആർസിപിയും പൂർത്തിയാക്കി. എറണാകുളം ജനറൽ ആശുപത്രിയില അസിസ്റ്റന്റ് സർജനായി സേവനമാരംഭിച്ചു. വിവിധ ആശുപത്രികളിലെ സേവനത്തിനുശേഷം പഠനത്തിനായി യൂറോപ്പിലേക്കു പോയി. തിരിച്ചെത്തി തൃശൂർ ഗവ. ജില്ലാ ആശുപത്രിയിൽ മെഡിക്കൽ യൂണിറ്റ് മേധാവിയായി. നാലുവർഷത്തിനുശേഷം ഡെപ്യൂട്ടേഷനിൽ ജില്ലാ സഹകരണ ആശുപത്രി സൂപ്രണ്ടായി.
1977ൽ ജില്ലാ മെഡിക്കൽ ഓഫിസർ പദവിയിലിരിക്കേ സ്വയം വിരമിച്ചു. 1990 വരെ സഹകരണ ആശുപത്രി ഓണററി മെഡിക്കൽ സൂപ്രണ്ട് പദവിയും വഹിച്ചു.
ഇരിങ്ങാലക്കുട സ്വദേശിനി പരേതയായ മേരിയാണു ഭാര്യ. മക്കൾ: ഡോ. മോളി ജോസഫ് ജോയ്, ഡോ. ലീന സെക്വീറ (യുകെ), മോഹൻ വർക്കി (ബിസിനസ്), പ്രതാപ് വർക്കി (മാനേജിംഗ് ഡയറക്ടർ, സണ്‍ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ). മരുമക്കൾ: ഡോ. ജോസഫ് ജോയ് (കാർഡിയോളജിസ്റ്റ്), ഡോ. റിച്ചാർഡ് സെക്വീറ (റേഡിയോളജിസ്റ്റ്, അബുദാബി), ലിസമ്മ മോഹൻ, ആശ പ്രതാപ് (ഡയറക്ടർ, ഓപ്പറേഷൻസ്, സണ്‍ ഹോസ്പിറ്റൽ).
Tags : Deepika DeepikaNewspaper BreakingNews P.M. Varkey passes away