മന്ത്രി രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
തൃശൂർ: ലഹരിവിമുക്ത കേരളത്തിനായി നാഷണൽ സർവീസ് സ്കീം കേരളം നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയായ തൂഫാൻ കമാൻഡോസ് സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു തെക്കേഗോപുരനടയിൽ മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് വോളന്റിയർമാരെയും തൂഫാൻ കമാൻഡോസായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ തൂഫാൻ കമാൻഡോ എന്ന് ആലേഖനം ചെയ്ത തൊപ്പിയും അദ്ദേഹം അവരെ അണിയിക്കും.
കേരളമൊട്ടാകെയുള്ള യൂണിറ്റുകളിലെ മൂന്നര ലക്ഷത്തോളം എൻഎസ്എസ് വോളന്റിയർമാരും പൊതുജനങ്ങളും മന്ത്രിമാരും ഉൾപ്പടെയുള്ളവരും പരിപാടിയുടെ ഭാഗമാകും. തുടർന്ന് ‘യുവതേ നാം ഒന്നാകണം, ലഹരിക്കെതിരേയാകണം’എന്ന ഗാനത്തിന് വോളന്റിയർമാർ ചുവടു വയ്ക്കും.
കേരള പൊലിസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ വോളന്റിയർമാർക്ക് പരിശീലനം നൽകിയാണ് പദ്ധതി ആരംഭിക്കുന്നത്.
പത്രസമ്മേളനത്തിൽ ഡോ.വി. മനു, ഡോ. എസ്. സന്തോഷ്, കെ.എ. വർഗീസ്, കെ.ആർ. ദേവദാസ്, മഖ്ബൂൽ മോനൂട്ടി എന്നിവർ പങ്കെടുത്തു.
Tags : Thrissur RemeshChennithala ToofanCommandos DrugFreeKerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash