കെ.ജി. ശരത്
കാക്കനാട്: കേരളത്തിൽ പലയിടങ്ങളിലായി നിർമാണ കരാറെടുത്ത ശേഷം ഉടമകളിൽനിന്നും കോടികൾ തട്ടിയെന്ന കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചർ എംഡി കെ.ജി. ശരത് ചെന്നൈയിൽ പിടിയിലായി.
കാക്കനാട് ഇൻഫോ പാർക്ക് പൊലിസാണു ചെന്നൈയിൽനിന്നു ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
നിർമാണക്കരാറിനു ശേഷം വൻതുക മുൻകൂറായി കൈപ്പറ്റിയ ശേഷം നിർമാണം പൂർത്തിയാക്കാതെ ഉപയോക്താക്കളെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു പ്രതികളായ കമ്പനി സിഇഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തെങ്ങോട് അംബേദ്കർ കോളനി റോഡിൽ 4.3 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി ആറ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 3,424 ചതുരശ്രയടി കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ മക്കളായ ഷാബിൻ, ഷെറിൻ എന്നിവരുടെ പേരിലുള്ള സ്ഥലത്തായിരുന്നു നിർമാണം.
കരാർ പ്രകാരം പല തവണയായി 40.67 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 18.51 ലക്ഷം രൂപയുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. പിന്നീട് നിർമാണം തുടരാതെയും ബാക്കി തുക തിരികെ നൽകാതെയും വഞ്ചിച്ചതോടെയാണ് ഉടമകൾ പൊലിസിൽ പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പ്രതികൾക്കെതിരേ 35ലേറെ പരാതികൾ ലഭിച്ചതായാണു വിവരം. ഏകദേശം 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Tags : MasterBuilt construction contracts Fraud Arrested Infrastructure KGSarath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash