മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പുറത്തേക്കു വരുന്നു.
കൊച്ചി: കാല്‍പ്പന്തുകളിയുടെ ഇതിഹാസങ്ങള്‍ ഒരേ മൈതാനത്ത് ബൂട്ടണിയുമ്പോള്‍ കലൂര്‍ സ്റ്റേഡിയം ഇന്ന് രാത്രി ആവേശക്കടലാകും. ബ്രസീലിയന്‍ ഫുട്ബോളിന്റെ മാന്ത്രികന് റൊണാള്‍ഡീഞ്ഞോയും ഇന്ത്യന്‍ ഫുട്ബോളിന്റെ സ്വന്തം ഇതിഹാസം ഐ.എം. വിജയനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അത് കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കു മറക്കാനാവാത്ത വിരുന്നായിരിക്കും.
ബ്രസീല്‍ ഫുട്ബോള്‍ ലെജന്‍ഡ്സും ഇന്ത്യന്‍ ഓള് സ്റ്റാര്‍സും നേര്‍ക്കുനേര്‍ എത്തുന്ന റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ് കേരള എഡിഷന് 2026 പ്രദര്‍ശന മത്സരത്തിലാണ് ഇരുവരും ഗ്രൗണ്ടിലിറങ്ങുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഗാമന്‍ സ്പോര്‍ട്സാണു മത്സരം സംഘടിപ്പിക്കുന്നത്.
റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം 2002 ലോകകപ്പ് ജേതാവായ മറ്റൊരു ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോയും കളത്തിലിറങ്ങുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഇവര്‍ക്കു പുറമേ എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഗോള്‍കീപ്പര്‍ ഗോമസ്, അമാറല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവേര, ജോര്‍ജീഞ്ഞോ, കമാന്ഡുക്കായ, എലിവെല്‍ട്ടണ്‍, സൂസ, പാരാ, ഡിയോഗോ തുടങ്ങി വമ്പന്‍ താരനിരയാണു ബ്രസീല്‍ ടീമിലുള്ളത്. ലെജന്‍ഡ്സ്. പാഷന്. ഫുട്ബോള്‍. കേരള വെല്ക്കംസ് ദി ടൈറ്റന്‍സ് എന്ന സന്ദേശവുമായാണു മുന്‍ ലോകചാമ്പ്യന്മാര് കളത്തിലിറങ്ങുന്നത്.
മറുഭാഗത്ത്, സ്വന്തം കാണികള്‍ക്കു മുന്നില്‍ ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ ഓള് സ്റ്റാര്‍സ് ടീമും സജ്ജമാണ്. മലയാളി താരങ്ങളായ ഐ.എം.വിജയന്, സി.കെ.വിനീത്, മുഹമ്മദ് റാഫി, ജോ പോള്‍ അഞ്ചേരി, റിനോ ആന്റോ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയയും കളത്തിലുണ്ടാകും.
ക്ലൈമാക്സ് ലോറന്‍സ്, എം.വി. നെല്‍സണ്‍, ഗൗരമാംഗി സിംഗ്, അര്‍ണാബ് മണ്ഡല്, മഹേഷ് ഗാവ്ലി, മെഹ്റാജുദ്ദീന് വാദൂ, മെഹ്താബ് ഹുസൈന് തുടങ്ങിയ പ്രഗത്ഭരും ഇന്ത്യന്‍ നിരയെ പ്രതിനിധീകരിക്കുന്നുണ്ട്. കാണികള്‍ക്ക് വൈകുന്നേരം 5.30 മുതല്‍ ഗാലറിയില്‍ പ്രവേശിക്കാം.
Tags : LegendsCalsh Ronaldinho IMVijayan Faceoff Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash