ഏഷ്യൻ ഗെയിംസ് വനിതാക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീം.
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണമണിഞ്ഞത്. ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചുറിയുമായി തിളങ്ങി. 45 പന്തുകൾ നേരിട്ട സ്മൃതി ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റൺസാണ് അടിച്ചെടുത്തത്. 22 പന്തിൽ 49 റൺസുമായി റിച്ച ഘോഷും 29 പന്തിൽ 48 റൺസുമായി ഓപ്പണർ ഷെഫാലി വർമയും ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 29 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവരും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നു. ഏഴു ശ്രീലങ്കൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ച് പാക്കിസ്ഥാൻ വെങ്കലം സ്വന്തമാക്കി.
Tags : AsianGames Gold India WomensCricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash