ടി റെക്സ് ദിനോസർ.
ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭീകരനായ ഇരപിടിയൻ ജീവികളിലൊന്നായ ടൈറനോസോറസ് റെക്സിന്റെ (ടി റെക്സ്) ശരീരതാപനില തിട്ടപ്പെടുത്തി ഗവേഷകർ. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകസംഘമാണ് ടി റെക്സിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലിനു പിന്നിൽ. ക്രൂരനായ വേട്ടക്കാരന്റെ ശരീരതാപനില 36 ഡിഗ്രി സെൽഷ്യസ് (97 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നുവത്രെ! ഇതു മനുഷ്യരുടെ ശരീരതാപനിലയോടു വളരെ അടുത്തനിൽക്കുന്നതാണ്. 'സയൻസ് അഡ്വാൻസസ്' എന്ന ജേണലിലാണു ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിനോസറുകൾ തണുത്ത രക്തമുള്ളവയായിരുന്നുവെന്നാണു ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ ടി റെക്സുകൾ ഉഷ്ണരക്തമുള്ളവ ആയിരുന്നുവെന്ന വാദത്തിനു ബലമേകുന്നതാണു പുതിയ കണ്ടെത്തൽ. ടി റെക്സിന്റെ പല്ലുകളിലെ ഇനാമലിന്റെ രാസഘടന പരിശോധിച്ചാണു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഇനാമലിൽ അടങ്ങിയിരിക്കുന്ന കാർബൺ, ഓക്സിജൻ ഐസോടോപ്പുകളുടെ നിക്ഷേപം താപനിലയ്ക്കനുസരിച്ചു വ്യത്യാസപ്പെടുന്നു. ഇതിനെ ഒരു പ്രകൃതിദത്ത തെർമോമീറ്റർ പോലെ ഉപയോഗിച്ചാണു ശാസ്ത്രജ്ഞർ കൃത്യമായ താപനില കണക്കാക്കിയത്.
ഗവേഷകസംഘം ഒരു പതിറ്റാണ്ടിലേറെയായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിലൂടെ ഫോസിലുകളിൽനിന്നു വളരെ കുറഞ്ഞ അളവിലുള്ള സാമ്പിളുകൾ മാത്രം ഉപയോഗിച്ചു പഠനം നടത്താൻ സാധിച്ചു. 2003-ൽ മൊണ്ടാനയിൽനിന്നു കണ്ടെത്തിയതും കാര്യമായ നാശം സംഭവിക്കാത്തതുമായ ടി റെക്സിന്റെ പല്ലുകളാണു പഠനത്തിനായി ഉപയോഗിച്ചത്.
ശരീരതാപനില ഉയർന്നതായതുകൊണ്ട് ടി റെക്സുകൾക്കു കൂടുതൽ ഭക്ഷണം ആവശ്യമായിരുന്നിരിക്കണം. മന്ദഗതിയിൽ നീങ്ങുന്ന ജീവിയാകാതെ, സജീവമായി ഇരപിടിക്കാനും ദീർഘദൂരം സഞ്ചരിക്കാനും ഇവയ്ക്കു സാധിച്ചിരുന്നുവെന്നു കണ്ടെത്തൽ വ്യക്തമാക്കുന്നു. ഏകദേശം 6.6 കോടി വർഷങ്ങൾക്കു മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിലാണ് ടി റെക്സുകൾ ജീവിച്ചിരുന്നത്.