പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പുതിയ ഐഫോൺ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. മൂന്ന് ദിവസം മുമ്പ് വാങ്ങിയ ഐഫോൺ 18 പ്രോ ആണ് നഷ്ടപ്പെട്ടത്. ശുഭി ഭണ്ഡാരി എന്ന യുവതിയുടെ ഫോൺ ആണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഓട്ടോയിൽ യാത്ര ചെയ്തതിന്റെ പണം ഓൺലൈനായി നൽകാൻ ഫോൺ പുറത്തെടുത്തപ്പോൾ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ യുവതിയെ സമീപിച്ചു. വഴി ചോദിക്കുന്ന വ്യാജേന അടുത്തെത്തിയ ഇവർ "ഇത് പുതിയ ഐഫോൺ ആണോ?" എന്ന് അന്വേഷിക്കുകയായിരുന്നു. അതെ എന്ന് മറുപടി നൽകിയ ഉടൻ സംഘത്തിലൊരാൾ യുവതിയുടെ കൈയിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ കുടുംബം പൊലിസിൽ പരാതി നൽകി. മൂന്ന് ദിവസം മുമ്പ് 1,64,900 രൂപ നൽകി വാങ്ങിയ ഫോണാണ് നഷ്ടപ്പെട്ടതെന്ന് ശുഭിയുടെ ഭർത്താവ് സാകേത് ഗുപ്ത പറഞ്ഞു.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Phone Snatch