കോട്ടയത്തെ ആകാശപ്പാത
തിരുവനന്തപുരം: കോട്ടയത്തെ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മന്ത്രി സി.പി. ജോണിന്റെയും നേതൃത്വത്തിൽ ഉന്നതതലയോഗം ബുധനാഴ്ച നിയമസഭാ കോംപ്ലക്സിൽ ചേരും.
വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തിൽ ഗതാഗത, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആകാശപ്പാതയുമായി ബന്ധപ്പെട്ട് ചേരുന്ന നാലാമത്തെ യോഗമാണിത്. സ്പീക്കറുടെ അഭ്യർഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചറൽ വിഭാഗം പദ്ധതിയുടെ പുതുക്കിയ രൂപരേഖ ഇതിനകം തയാറാക്കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളായാണ് പുതിയ രൂപരേഖയിൽ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആകാശപ്പാതയുടെ റൗണ്ട് നിർമിക്കും. രണ്ടാംഘട്ടത്തിൽ തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ് വഴി റോഡ് മുറിച്ചുകടന്ന് മുനിസിപ്പൽ ബിൽഡിംഗ് വഴി ബേക്കറി ജംഗ്ഷനിലെത്തും. മുനിസിപ്പൽ ബിൽഡിംഗിന് സമീപത്തെ ഓപ്പൺ സ്പേസിനടുത്തും സിഎസ്ഐ കോംപ്ലക്സ് ഭാഗത്തും സ്റ്റെയർകേസും ലിഫ്റ്റും ഒരുക്കും.
മൂന്ന് ഭാഗങ്ങളിൽനിന്ന് ആകാശപ്പാതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളുടെ നിർമാണം ഒരേസമയം നടത്താനാണ് തീരുമാനം. പതിനെട്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സ്ഥലം എംഎൽഎകൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tags : Skywalk Kottayam Thiruvanchoor Radhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash