വെള്ളാപ്പള്ളി നടേശൻ
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന് അനുമതിയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാല്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വേണ്ടത്. സ്വകാര്യ വ്യക്തികള്‍ ആയതിനാല്‍ പ്രോസിക്യൂഷന് അനുമതി വേണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രോസിക്യൂഷന് അനുമതി വേണമെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന പിന്നോക്ക വിഭാഗ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ഇടക്കാല ഉത്തരവ് പറയാനായി കോടതി മാറ്റി.
കേസില്‍ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. 2016ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. നേരത്തെ പ്രോസിക്യൂഷന് അനുമതി നല്കാന് വൈകിയതില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ട് എന്ന് കോടതി വിമര്‍ശിച്ചിരുന്നു.
Tags : Microfinance fraud Prosecution sanction government