Kerala
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്, കശുവണ്ടി വികസന കോര്പറേഷന് മുന് മാനേജിംഗ് ഡയറക്ടര് കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന് സിബിഐക്ക് അനുമതി നല്കുന്നതില് പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.
പ്രോസിക്യൂഷന് അനുമതി നല്കിയ വിവാദ ഉത്തരവില് കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്.
Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് കേസിൽ വിധി പറയുക.
കേസിൽ വാദം പൂർത്തിയായി. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബിഎന്എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള് പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള് തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബക്രീദിന്റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.
Kerala
ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.
വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.
Kerala
കൊല്ലം: പരവൂര് പുറ്റിങ്ങല് ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസില് വിചാരണ നടപടികള് വേഗത്തിലാക്കി കോടതി.
പ്രോസിക്യൂഷന് സാക്ഷികളുടേയും കോടതിയില് ഹാജരാക്കിയ രേഖകളുടേയും വിശദമായ വിവരങ്ങള് നാലാം അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതിയില് സമര്പ്പിച്ചു. പ്രതിഭാഗത്തിന്റെ ആക്ഷേപങ്ങള് ബോധിപ്പിക്കുന്നതിനും കൂടുതല് രേഖകളില് വിശദീകരണം നല്കുന്നതിനുമായി ജഡ്ജി എം.സി ആന്റണി കേസ് മേയ് രണ്ടിലേക്ക് മാറ്റി.
2016 ഏപ്രില് ഒന്പതിനാണ് പുറ്റിങ്ങല് ക്ഷേത്രത്തിലെ മത്സരക്കമ്പത്തിനിടെയുണ്ടായ സ്ഫോടനത്തില് 110 പേര് മരിച്ചത്. 656 പേര്ക്ക് പരിക്കേല്ക്കുകയും 358 വീടുകള് തകരുകയും ചെയ്തിരുന്നു.
കെഎസ്ഇബിക്ക് ഉള്പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ കേസില് ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്പ്പിച്ചത്. കേസിലെ 59 പ്രതികളില് ഇതിനകം 15 പേര് മരണപ്പെട്ടു. മുപ്പതാം പ്രതിയായ അനുരാജിനെതിരേ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. ഇയാള്ക്കെതിരെയുള്ള നടപടികള്ക്കായി കേസ് ജൂലൈ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില് പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്ക്കാര് നടപടി കോടതിയലക്ഷ്യമെന്നു ഹൈക്കോടതി. സിബിഐ നല്കിയ അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28 ലെ ഉത്തരവും ജസ്റ്റീസ് എ. ബദറുദ്ദീന് റദ്ദാക്കി.
സിബിഐയുടെ അപേക്ഷ മേയ് 18നകം പുനഃപരിശോധിച്ച് ഉത്തരവിടണം. അന്നേദിവസം വ്യവസായ പ്രിന്സിപ്പല് സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില് നേരിട്ടു ഹാജരാകണമെന്നും കോടതി നിര്ദേശിച്ചു.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്ക്കാര് നിലപാട് സേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും കോടതി വിലയിരുത്തി. 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കേസില് പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകള് ബാധകമാണ്.
എന്നാല്, ഇതില് സര്ക്കാര് താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. 2015 സെപ്റ്റംബര് 23ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള് വിജിലന്സ് അന്വേഷണത്തിനാണു സര്ക്കാര് താത്പര്യം പ്രകടിപ്പിച്ചത്.
സിബിഐ അന്വേഷണത്തിനാണ് ഉത്തരവുണ്ടായതെങ്കിലും അതു സര്ക്കാരടക്കം ചോദ്യം ചെയ്യാത്തതിനാല് അന്തിമമാകുകയും ചെയ്തു. 2020 ഏപ്രില് 30നാണ് പ്രോസിക്യൂഷന് അനുമതി തേടി സിബിഐ അപേക്ഷ നല്കിയത്.
2020 ഒക്ടോബര് 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന് 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാര്ച്ച് 21നും ഒക്ടോബർ 28നും അപേക്ഷ നിരസിച്ചതാണ് നിലവില് കോടതിയലക്ഷ്യ ഹര്ജിക്കു കാരണമായത്.
Kerala
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി കേള്ക്കാനെത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.
വന്ദന ദാസ് കൊലപാതകത്തിൽ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അപൂർവങ്ങളിൽ അപൂവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്.
ജയിലുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്തകങ്ങള് വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള് വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്.
ആശുപത്രിയിൽ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞിരുന്നു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ അമ്മയും വാദം കേള്ക്കാനെത്തിയിരുന്നു.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
Kerala
തിരുവല്ല: പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരേയുള്ള കുറ്റകൃത്യങ്ങള് അതീവ ഗുരുതരമായതെന്ന് കോടതി നിരീക്ഷണം. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള് പൂര്ണമായും കോടതി തള്ളിക്കളഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം നിലനില്ക്കില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
യുവതി പരാതിയില് നേരിട്ട് ഒപ്പിട്ടില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഡിജിറ്റല് ഒപ്പ് മതി. രാഹുല് മാങ്കൂട്ടത്തില് നിലവില് എംഎല്എയാണ്. അദ്ദേഹത്തിനെതിരേ ഉയര്ന്ന ആരോപണങ്ങള് ഗൗരവമേറിയതാണ്. ഇരയായ യുവതിയെകൊണ്ട് സ്വകാര്യ ഹോട്ടലില് മുറി ബുക്ക് ചെയ്യിപ്പിച്ചത് രാഹുലാണ്. പുറത്ത് റസ്റ്ററന്റിലിരുന്നു സംസാരിക്കാമെന്ന് യുവതി പറഞ്ഞെങ്കിലും രാഹുല് സമ്മതിച്ചില്ല.
കേസില് ബലാത്സംഗക്കുറ്റം നിലനില്ക്കുമെന്ന് കോടതി വിലയിരുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മുറിയിലേക്ക് വന്നയുടനെ യുതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രേഖകള് പരിശോധിക്കുമ്പോള് ഇക്കാര്യം വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. തെളിവുകള് നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്. ഈസാഹചര്യത്തില് ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പോലീസ് കേസെടുത്തതെന്നും എഫ്ഐആര് ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന്റെ അറസ്റ്റ് നിലനില്ക്കുന്നതല്ല. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവില് സമാന കേസില് പ്രതിക്ക് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരേ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിനു ഹാജരാക്കിയ രേഖകള് പര്യാപ്തമല്ലെന്നു സെഷന്സ് കോടതി ഉത്തരവില് വ്യക്തമാക്കിയതോടെ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും തിരിച്ചടി.
ദിലീപില്നിന്ന് ഒന്നാം പ്രതി പള്സര് സുനി പണം വാങ്ങിയതിനു ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന് പ്രോസിക്യൂഷനായിട്ടില്ലെന്നു കോടതി ഉത്തരവില് പറയുന്നു.
ജയിലില്നിന്ന് ഒന്നാം പ്രതി ദിലീപിനെ ഫോണ് ചെയ്തുവെന്ന അന്വേഷണസംഘത്തിന്റെ വാദത്തിനു ബലം നല്കുന്ന തെളിവുകള് പര്യാപ്തമല്ല. ഡിജിറ്റല് രേഖകൾ ഹാജരാക്കിയതില് വീഴ്ചയുണ്ട്.
ദിലീപ് ഡിജിറ്റല് രേഖകളില് ക്രമക്കേട് നടത്തിയെന്ന വാദവും തെളിഞ്ഞിട്ടില്ല. അതേസമയം അറസ്റ്റിലായശേഷം ദിലീപ് ഫോണ് ഉപയോഗിച്ചത് എങ്ങനെയെന്ന ചോദ്യം ഉത്തരവില് കോടതി ഉന്നയിക്കുന്നുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
എറണാകുളം പ്രിന്സിപ്പള് സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര് നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര് പറഞ്ഞു. വിധി അന്തിമം അല്ലെന്നും മേൽകോടതികളുണ്ടെന്നും കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ബി. സന്ധ്യ പ്രതികരിച്ചു.
അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറുവരെയുള്ള പ്രതികള് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.
Kerala
കൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപ് നേരത്തെയും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ.
2017 ജനുവരി മൂന്നിന് ഗോവയില് വച്ച് കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതിയിട്ടത്. നടി നായികയായ സിനിമ ചിത്രീകരിച്ചിരുന്നത് ഗോവയില് വച്ചായിരുന്നു. അപ്പോള് ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്.
അന്ന് നടിയെ വിമാനത്താവളത്തില് നിന്നും കൂട്ടിയത് പള്സര് സുനിയാണ്. തുടര്ന്നുള്ള ദിവസങ്ങളിലും ഇയാള് തന്നെയാണ് നടിയുടെ ഡ്രൈവറായിരുന്നത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് നടി റോഡു മാര്ഗം കൊച്ചിയിലേക്ക് വരുമെന്നായിരുന്നു സംഘം കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു പദ്ധതി. നടിയോടൊപ്പം മേക്കപ്പ് ആര്ട്ടിസ്റ്റ് ശരവണനും ഉണ്ടായിരുന്നത് ആദ്യം പദ്ധതി നടപ്പാക്കുന്നതിനു തടസമായി.
ഒരു ട്രാവലറിൽ വച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്ത്താനായിരുന്നു പള്സര് സുനിയുടെ ക്വട്ടേഷന്. ഇതിനായി വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്സര് സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്കുമാറിനെ വിളിച്ചു. നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില് കുമാര് ഗോവയില് നിന്ന് വിളിച്ചിരുന്നു.
ജനുവരി അഞ്ചിന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്.