സള്‍ഫർ
ന്യൂഡല്‍ഹി: റഷ്യന്‍-യുക്രെയ്ന് യുദ്ധവും അമേരിക്ക-ഇറാന് യുദ്ധവും ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുന്നു. യുദ്ധം സള്‍ഫര്‍ വിതരണത്തെ സാരമായി ബാധിച്ചത്തോടെ വളം നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്.
രാജ്യത്തെ സള്‍ഫറിന്റെ ഇറക്കുമതിയില്‍ റിക്കാര്‍ഡ് കുറവാണുണ്ടായിരിക്കുന്നത്. വളംനിര്മാണത്തില് മുഖ്യഘടകമായ സള്‍ഫര്‍ പ്രധാനമായും റഷ്യയില്‍ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയുന്നത്. പ്രതിവര്‍ഷം ആഗോളതലത്തില്‍ ഉപയോഗിക്കുന്ന 70 ദശലക്ഷം ടണ്‍ സള്‍ഫറില്‍ ഏകദേശം 60 ശതമാനവും വളം നിര്‍മാണ മേഖലയിലാണ്.
സള്‍ഫറിന്റെ ലഭ്യത കുറഞ്ഞതോടെ ഗോതമ്പ്, നെല്ല്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു തുടങ്ങിയവയുടെ കൃഷികള്‍ക്ക് ഉപയോഗിക്കുന്ന ഡിഎപി (അമോണിയം ഫോസ്ഫേറ്റ്), എസ്എസ്പി (സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്) എന്നിവ ഉള്‍പ്പടെയുള്ള പ്രധാന വളങ്ങളുടെ നിര്‍മാണം നിലച്ച അവസ്ഥയിലാണ്. സള്‍ഫറിനൊപ്പം ഫോസ്ഫോറിക് ആസിഡിന്റെ വില വര്‍ധിച്ചതും വളം നിര്‍മാണത്തിന് തിരിച്ചടിയായി.
രാജ്യാന്തര വിപണിയില്‍ സള്‍ഫറിന്റെ വില കഴിഞ്ഞ 12 മാസത്തിനിടെ വര്‍ധിച്ചത് മൂന്നിരട്ടിയാണ്. 2025ന്റെ അവസാനത്തോടെ ടണ്ണിന് ഏകദേശം 550 ഡോളറായിരുന്നത് 2026 സെപ്റ്റംബര്‍ മാസത്തോടെ ടണ്ണിന് 1,050-1,100 ഡോളറിലെത്തി.
ഇന്ത്യ പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 37-39 ലക്ഷം ടണ്‍ സള്‍ഫറാണ്. ഇതില്‍ വളംനിര്മാണത്തിനായി ഉപയോഗിക്കുന്നത് 20-22 ലക്ഷം ടണാണ്. രാജ്യത്തെ സള്‍ഫറിന്റെ ഉപയോഗത്തിന്റെ 51-55 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഡിഎപി 50 കിലോ ചാക്കിന് 1,350 രൂപയ്ക്ക് മുകളിലേക്കുവരെ ഇപ്പോള്‍ എത്തിയുണ്ട്. ഫോസ്ഫറസ് ഉള്‍പ്പെടുന്ന പല വളങ്ങളും ഉപയോഗിക്കുന്നതിനാല്‍ ഈ വിലവര്‍ധന കനത്ത തിരിച്ചിടിയുണ്ടാക്കും.
ഫോസ്ഫോറിക് ആസിഡിന്റെ വില ഉയര്‍ന്നത് ഡിഎപി ഉള്‍പ്പടെയുള്ള വളങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിലാക്കി.
2025-ല്‍ 725-750 ഡോളറില്‍ ഇറക്കുമതി ചെയ്തിരുന്ന ഡിഎപി ഇപ്പോള്‍ 930-935 ഡോളറിലെത്തിയതോടെ വളം നേരിട്ട് ഇറക്കുമതി ചെയ്യുന്നതും ചെലവേറിയതായി.
Tags : Sulfur Shortage AgriculturalSector Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash WestAsianConflict