പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പൊലിസ് വേരിഫിക്കേഷന് നടപടികള്‍ ഓണ്‍ലൈൻ വഴിയാക്കി.
ഇനി ജീവനക്കാരുടെ പൊലിസ് വേരിഫിക്കേഷനുള്ള അപേക്ഷകള്‍ കേരള പൊലിസിന്റെ ഔദ്യോഗിക സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലായ ‘തുണ’(https://thuna.keralapolice.gov.in) വഴി സമര്‍പ്പിക്കാം.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദ്യം ‘തുണ’ പോര്‍ട്ടലില്‍ ഓര്ഗനൈസേഷന് അക്കൗണ്ട് ആരംഭിക്കണം. ഇതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊലിസ് സ്റ്റേഷനില്‍ അപേക്ഷ പരിശോധിച്ച് അംഗീകാരം നല്‍കുന്നതോടെ സ്ഥാപനത്തിനു ജീവനക്കാരുടെ പൊലിസ് വേരിഫിക്കേഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചുതുടങ്ങാം.
‘തുണ’ പോര്‍ട്ടല്‍ വഴി സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന വേരിഫിക്കേഷന് അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസില്‍ ലഭ്യമാകും. ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കല്‍ മുതല്‍ പൊലിസ് വെരിഫിക്കേഷന് നടപടികള്‍ പൂർത്തിയാകുന്നതു വരെയുള്ള പ്രക്രിയ കൂടുതല്‍ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.
തുണ വഴിയുള്ള ഈ സേവനത്തിനു ഫീസ് നിരക്കുകള്‍ ബാധകമായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരവരുടെ ജീവനക്കാരുടെ പൊലിസ് വേരിഫിക്കേഷനായി ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്നു കേരള പൊലിസ് അറിയിച്ചു.
Tags : PoliceVerification Online