സോണിയാ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി 1983-ൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ്, 1980-ൽ ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത വാക്പോര്. സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി, ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചതോടെയാണ് വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയായത്.
കോൺഗ്രസ് ബിജെപിക്കെതിരെ നടത്തുന്ന 'വോട്ട് ചോരി' ആരോപണങ്ങൾക്ക് മറുപടിയായി, കോൺഗ്രസ് നടത്തിയത് "ജനാധിപത്യത്തിന്റെ മോഷണമാണ്" എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. എന്നാൽ 1980-ൽ ന്യൂഡൽഹി പാർലമെന്റ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സഫ്ദർജംഗ് റോഡിലെ വിലാസത്തിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
1980-ൽ ഉൾപ്പെടുത്തിയ പേര് 1982-ൽ ഒഴിവാക്കുകയും, പൗരത്വം ലഭിച്ച 1983-ൽ വീണ്ടും ചേർക്കുകയും ചെയ്തുവെന്ന് ഹർജിക്കാരനായ അഭിഭാഷകൻ വികാസ് ത്രിപാഠി ആരോപിക്കുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എന്തെങ്കിലും തരത്തിലുള്ള വ്യാജരേഖ ചമയ്ക്കൽ നടന്നിട്ടുണ്ടോ എന്നും കോടതി പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നേരത്തെ ഈ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ നിയമപരമായ പോരായ്മകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ കേസ് വീണ്ടും പരിഗണിക്കാൻ ഉത്തരവിട്ടത്. പൊലിസിൽ നിന്ന് സ്റ്റാറ്റസ് റിപ്പോർട്ട് തേടിയ ശേഷം, സെപ്റ്റംബർ 29-നകം വ്യക്തമായ കാരണം വ്യക്തമാക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്.
Tags : Sonia Gandhi Voter Roll Controversy Rouse Avenue Court BJP vs Congress Theft of Democracy Pradeep Bhandari Indian Citizenship 1983 FIR Plea.