ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിൽ സിബിഐ ഉദ്യോഗസ്ഥരെ കണക്കിന് വിമർശച്ച് ഡൽഹി റൗസ് അവന്യൂ കോടതി. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രം വെറും പ്രഹസനമാണെന്നും തെളിവുകളില്ലാതെ ഉന്നത പദവിയിലിരിക്കുന്നവരെ കേസിൽ കുടുക്കുകയായിരുന്നുവെന്നും കോടതി തുറന്നടിച്ചു.
അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കുറ്റപത്രത്തിൽ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കേസിന്റെ വിചാരണ സമയത്ത് ഭരണഘടനാ പദവി വഹിക്കുകയായിരുന്ന ഡൽഹി മുന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെയാണ് ഗൂഢാലോചന കുറ്റം ആരോപിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. നിയമവാഴ്ചയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും കോടതി നിരീക്ഷിച്ചു.
530 ദിവസം ജയിലിൽ കഴിഞ്ഞ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അഴിമതി നടത്തിയതിനോ പണം കൈപ്പറ്റിയതിനോ ഒരു തെളിവും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ല. നയരൂപീകരണത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന വാദം വെറും ആരോപണം മാത്രമായി അവശേഷിച്ചു. ഒരു ചെറിയ തെളിവ് പോലും ഇല്ലാതിരുന്നിട്ടും കേസിലെ ഒന്നാം പ്രതിയായി കുൽദീപ് സിംഗിനെ ഉൾപ്പെടുത്തിയത് എങ്ങനെയെന്നും കോടതി ചോദിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ മൊഴികളും തെളിവുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുറ്റപത്രത്തിൽ സിബിഐ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതികളായ 23 പേരെയും വെറുതെവിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. കോടതി വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
കുൽദീപ് സിംഗ്, നരേന്ദർ സിംഗ്, വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, അരുൺ പിള്ള, മൂത്ത ഗൗതം, സമീർ മഹേന്ദ്രു, മനീഷ് സിസോദിയ, അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ, ബുച്ചിബാബു ഗോരന്ത്ല, രാജേഷ് ജോഷി, ദാമോദർ പ്രസാദ് ശർമ, പ്രിൻസ് കുമാർ, അരവിന്ദ് കുമാർ സിംഗ്, ഡി കൻപ്രീത് സിംഗ്, ഡി. പഥക്, അമിത് അറോറ, വിനോദ് ചൗഹാൻ, ആശിഷ് ചന്ദ് മാത്തൂർ, ശരത് റെഡ്ഡി എന്നിവരാണ് കുറ്റവിമുക്തരായത്.