Kerala
കാക്കനാട്: കേരളത്തിൽ പലയിടങ്ങളിലായി നിർമാണ കരാറെടുത്ത ശേഷം ഉടമകളിൽനിന്നും കോടികൾ തട്ടിയെന്ന കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചർ എംഡി കെ.ജി. ശരത് ചെന്നൈയിൽ പിടിയിലായി.
കാക്കനാട് ഇൻഫോ പാർക്ക് പൊലിസാണു ചെന്നൈയിൽനിന്നു ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
നിർമാണക്കരാറിനു ശേഷം വൻതുക മുൻകൂറായി കൈപ്പറ്റിയ ശേഷം നിർമാണം പൂർത്തിയാക്കാതെ ഉപയോക്താക്കളെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു പ്രതികളായ കമ്പനി സിഇഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തെങ്ങോട് അംബേദ്കർ കോളനി റോഡിൽ 4.3 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി ആറ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 3,424 ചതുരശ്രയടി കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ മക്കളായ ഷാബിൻ, ഷെറിൻ എന്നിവരുടെ പേരിലുള്ള സ്ഥലത്തായിരുന്നു നിർമാണം.
കരാർ പ്രകാരം പല തവണയായി 40.67 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 18.51 ലക്ഷം രൂപയുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. പിന്നീട് നിർമാണം തുടരാതെയും ബാക്കി തുക തിരികെ നൽകാതെയും വഞ്ചിച്ചതോടെയാണ് ഉടമകൾ പൊലിസിൽ പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പ്രതികൾക്കെതിരേ 35ലേറെ പരാതികൾ ലഭിച്ചതായാണു വിവരം. ഏകദേശം 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
District News
അനുയോജ്യമായ സ്ഥലം ലഭ്യമായില്ല
മുക്കം: മണാശേരി സ്കൂൾ വളപ്പിൽ പ്രവർത്തിച്ചു വരുന്ന കുന്നമംഗലം ബിആർസി മാതൃക കെട്ടിട നിർമാണം പ്രതിസന്ധിയിൽ. കെട്ടിട നിർമാണത്തിനാവശ്യമായ അനുയോജ്യമായ ഭൂമി കണ്ടെത്തി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെട്ടിട നിർമാണത്തിനാവശ്യമായ ഒരു കോടി രൂപ അനുവദിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അനുയോജ്യമായ സ്ഥലം ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
മാതൃക ബിആർസി കെട്ടിട നിർമാണത്തിന് 20 സെന്റ് ഭൂമിയെങ്കിലും വേണമെന്നാണ് ചട്ടം. കൂടരഞ്ഞി, കാരശേരി, തിരുവമ്പാടി, കുന്നമംഗലം, കുരുവട്ടൂർ പഞ്ചായത്തുകളും മുക്കം നഗരസഭയും ചേർന്നതാണ് കുന്നമംഗലം ബിആർസി. നൂറിലധികം വിദ്യാലയങ്ങളാണ് ബിആർസിക്ക് കീഴിലുള്ളത്. ബിആർസിക്ക് കീഴിലെ സർക്കാർ വിദ്യാലയങ്ങളിലെ സ്ഥലപരിമിതിയും തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി പദ്ധതിക്ക് അനുയോജ്യമല്ലാത്തതുമാണ് വിനയായത്.
ബിആർസികളുടെ നിലവാരം ഉയർത്തുന്നതിനായി നടപ്പിലാക്കിയ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാതൃക കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചത്. ജില്ലയിൽ രണ്ടു ബിആർസികൾക്ക് എന്ന നിലയിൽ, സംസ്ഥാനത്ത് 28 ബിആർസികൾക്കാണ് ഓരോ വർഷവും തുക അനുവദിക്കുന്നത്. 2023 ൽ, പദ്ധതി ആരംഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ കുന്നമംഗലം ബിആർസിക്ക് തുക അനുവദിച്ചിരുന്നു.
എന്നാൽ, ഭൂമി കണ്ടെത്തി നൽകാത്തതിനാൽ ഈ തുക കൊടുവള്ളി ബിആർസിക്ക് കൈമാറി. തുടർന്ന് 2024 - 25 സാമ്പത്തിക വർഷവും വിദ്യാഭ്യാസ വകുപ്പ് കുന്നമംഗലം ബിആർസിയെ പരിഗണിച്ചങ്കിലും നിരാശയായിരുന്നു ഫലം. മണാശേരി ഗവ. യുപി സ്കൂളിലെ കെട്ടിടത്തിലാണ് നിലവിൽ ബിആർസി പ്രവർത്തിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്ന് അധ്യാപകർ പറയുന്നു.
മാത്രമല്ല പരമാവധി 50 പേർക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമേ ഈ കെട്ടിടത്തിലുള്ളൂ. നൂറു പേരോളം പങ്കെടുക്കുന്ന, പ്രധാനാധ്യാപകരുടെ യോഗങ്ങൾ സ്വകാര്യ ഓഡിറ്റോറിയങ്ങൾ വാടകയ്ക്കെടുത്താണ് ബിആർസി നടത്തുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.
മിക്ക സർക്കാർ വിദ്യാലയങ്ങളിലും ഭൂമി ലഭ്യമാകാതെ വന്നതോടെ മുത്തേരി ഗവ. എൽപി സ്കൂളിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചെങ്കിലും പ്രാദേശിക എതിർപ്പും സാങ്കേതിക പ്രശ്നങ്ങളും തിരിച്ചടിയാവുകയായിരുന്നു. മുത്തേരി ഗവ. എൽപി സ്കൂളിലെ ഭൂമി കെട്ടിടം നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാലെ ബിആർസി കെട്ടിടം നിർമിക്കാൻ സാധിക്കൂ.
ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകൾക്ക് സൗകര്യപ്രദമായ മുറികൾ കണ്ടെത്തിയാലെ ഈ കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയൂ. ഭൂമി ലഭ്യമാക്കിയാൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ഉരാളുങ്കൽ തയാറുമാണ്.
District News
ചാത്തന്നൂര്: ചാത്തന്നൂരില് 2009 ല് അനുവദിച്ച കണ്സ്ട്രക്ഷന് അക്കാദമിയുടെ (നിര്മാണ പരിശീലന കേന്ദ്രം) സ്ഥലമാകെ കാടു കയറി ഇഴജന്തുക്കള്ക്കും കുറുക്കന്മാര്ക്കും ആവാസ കേന്ദ്രമായി മാറിയത് പരിസരവാസികള്ക്ക് ഭീഷണിയായി മാറി. രാഷ്ട്രീയ സ്വാധീനത്താല് പദ്ധതി ചവറയിലേക്ക് പോയതോടെയാണ് കണ്സ്ട്രക്ഷന് അക്കാദമിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കാട് കയറിയ നിലയിലായത്.
പകരം കേരള സര്വകലാശാലയുടെ കീഴില് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന് കേരള എന്ന പേരില് സ്ഥാപനം ആരംഭിക്കാനായി ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് നീക്കം തുടങ്ങിയെങ്കിലും ഇതിന്റെ പ്രവര്ത്തനവും എങ്ങും എത്തിയില്ല.
തുടര്ന്നുവന്ന സര്ക്കാരുകളും പ്രതീക്ഷ ഉണര്ത്തി പുതിയ സംരംഭവുമായി എത്തിയെങ്കിലും എല്ലാം ഫയലില് ഒതുങ്ങുകയാണ്. കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില് കാമ്പൗണ്ടില് നിന്ന് പത്തേക്കര് സ്ഥലം സ്വന്തമാക്കിയാണ് കണ്സ്ട്രക്ഷന് അക്കാദമിക്ക് തുടക്കം കുറിച്ചത്.
സഹകരണ സ്പിന്നിംഗ് മില് നഷ്ടത്തില് ആയപ്പോള് സ്പിന്നിംഗ് മില്ലിനെ കരകയറ്റാനും അനുബന്ധമായി മികവാര്ന്ന സാങ്കേതികവിദ്യയില് വിദഗ്ധരായ തൊഴിലാളികളെ വാര്ത്തെടുക്കാനുമാണ് കണ്സ്ട്രക്ഷന് അക്കാദമി ആരംഭിക്കുകയായിരുന്നു ഇടതു സര്ക്കാരിന്റെ ലക്ഷ്യം.
2011 മാര്ച്ചില് അന്നത്തെ ടെക്സ്റ്റെയില് മന്ത്രി പി.കെ. ഗുരുദാസന് അക്കാദമിക്ക് തറക്കല്ലിട്ടു. വി.എസ്. സര്ക്കാര് മാറിയപ്പോള് കാര്യങ്ങള് തകിടംമറിഞ്ഞു. ചാത്തന്നൂരിന് അക്കാദമി നഷ്ടപ്പെട്ടു. ചാത്തന്നൂര് നിയോജകമണ്ഡലത്തിലെ വികസനപദ്ധതികള്ക്കെല്ലാം അയിത്തം കല്പിച്ച് ഇല്ലാതാക്കുന്ന സമീപനം കാലങ്ങളായി നടക്കുന്നതായാണ് ആക്ഷേപം.
എന്ത് വികസനപ്രവര്ത്തനം നടപ്പാക്കാനൊരുങ്ങിയാലും അത് പാതിവഴിയില് അവസാനിക്കുന്ന അനുഭവമാണെന്നും അതിന്റെ ഉദാഹരണമാണ് കണ്സ്ട്രക്ഷന് അക്കാദമി പദ്ധതിയെന്നും ജനങ്ങള് ചൂണ്ടികാട്ടുന്നു. ചാത്തന്നൂര്ക്കാരിയായ ബിന്ദു കൃഷ്ണ മന്ത്രിയായതോടെ ചാത്തന്നൂരിന്റെ വികസനമുരടിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
District News
ശ്രീകാര്യം: ശ്രീകാര്യം മേൽപാല നിർമാണവുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം ബിജെപി പ്രവർത്തകരും നാട്ടുകാരും തടഞ്ഞു. ചൊവ്വ രാത്രി 12 മണിയോടെയായിരുന്നു സം ഭവം. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയാണ് ട്രെയിലറുമായെത്തി നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണു നിർമാണ പ്രവൃത്തികൾക്കു കരാർ നൽകി യിരുന്നത്.
രണ്ടുവർഷം കഴിഞ്ഞിട്ടും സർവീസ് റോഡിന്റെ പണിപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സംഭവമറിഞ്ഞ് വി. മുരളീധരൻ എംഎൽഎ സ്ഥലത്തെത്തി. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടശേഷം സാധനങ്ങൾ കൊണ്ടുപോയാൽ മതിയെന്ന് എംഎൽഎ നിർദേശിച്ചു. തുടർന്നു കമ്പനി സാധനങ്ങൾ കൊണ്ടു പോകുന്നത് നിർത്തിവച്ചു.
District News
മഞ്ചേരി: മാസങ്ങളായി മുടങ്ങിക്കിടന്ന മഞ്ചേരി മെഡിക്കല് കോളജ് തീവ്രപരിചരണ വിഭാഗത്തിന്റെ നിര്മാണം പുനരാരംഭിച്ചു.
തടസമായി നിന്ന മണ്ണ് നീക്കിയതോടെയാണിത്. 4000-ത്തോളം ക്യുബിക് മീറ്റര് മണ്ണാണ് സ്ഥലത്ത് നിന്ന് നീക്കിയത്. അഡ്വ. എം. റഹ്മത്തുള്ള എംഎല്എയുടെ ഇടപെടലില് ജില്ലാ കളക്ടര് മഞ്ചേരി ലാന്ഡ് ട്രൈബ്യൂണല് തഹസില്ദാര് എം. മുകുന്ദനെ നോഡല് ഓഫിസറായി നിയമിച്ച് മണ്ണ് നീക്കാന് ഉത്തരവിടുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ നിര്മാണം പൂര്ത്തിയാകുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖലക്ക് കൂടുതല് ഊര്ജ്ജവും രോഗികള്ക്ക് മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കാനാകും.
മണ്ണുനീക്കലുമായി ബന്ധപ്പെട്ട് എംഎല്എ രണ്ടുതവണ ആശുപത്രി അധികൃതരെ ഉള്പ്പെടുത്തി യോഗം വിളിച്ചിരുന്നു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്, കരാര് കമ്പനി പ്രതിനിധികള് എന്നിവര്ക്കൊപ്പം ജില്ല കളക്ടറും ഈ യോഗങ്ങളില് പങ്കെടുത്തു. തുടര്ന്ന് ജില്ല വികസന സമിതി യോഗത്തിലും എംഎല്എ വിഷയം ഉന്നയിച്ചതോടെയാണ് നടപടികള് വേഗത്തിലായത്.
പുല്ലഞ്ചേരിയിലെ സര്ക്കാര് പുറമ്പോക്ക് ഭൂമിയിലാണ് നിബന്ധനകള്ക്ക് വിധേയമായി മണ്ണ് സംഭരിച്ചത്. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് ദിവസം 50 ലോഡിലധികം മണ്ണാണ് നീക്കം ചെയ്തത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില് പിഎം ആയുഷ്മാന് ഭാരത് ഹെല്ത്ത് ഇന്ഫ്രാസ്ട്രക്ചര് മിഷന് മുഖേനയാണ് മെഡിക്കല് കോളജ് ആശുപത്രിയില് അത്യാധുനിക തീവ്രപരിചരണ വിഭാഗം ഒരുക്കുന്നത്. ആശുപത്രിയോട് ചേര്ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം പ്രവര്ത്തിച്ചിരുന്ന 64 സെന്റ് ഭൂമിയിലാണ് നിര്മാണം.
ഇതില് 24 സെന്റില് 45,000 സ്ക്വയര്ഫീറ്റ് വിസ്തൃതിയുള്ള നാല് നില കെട്ടിടത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിര്മാണ ചുമതല. 23.75 കോടി രൂപയുടെ ടെന്ഡറില് 17.25 കോടി രൂപ കെട്ടിട നിര്മാണത്തിനും ബാക്കി തുക ആധുനിക മെഡിക്കല് ഉപകരണങ്ങള് വാങ്ങുന്നതിനുമാണ് വിനിയോഗിക്കുക.
District News
പത്തനംതിട്ട: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന തിരുവല്ല, അടൂർ കോടതി കെട്ടിടങ്ങളുടെ പണികൾ വേഗം പൂർത്തീകരിക്കണമെന്നും പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷന്റെ അപകടാവസ്ഥ കാരണം വാടക കെട്ടിടങ്ങളിലേക്ക് മാറ്റാൻ പോകുന്ന കോടതികൾ സ്വന്തം സ്ഥലത്തു കെട്ടിടം നിർമിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മുതിർന്ന അഭിഭാഷകൻ പിലിപ്പോസ് തോമസ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി. പ്രകാശ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി രാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള ബാർ കൗൺസിൽ അംഗം എസ്. മനോജ്, ദേശീയ കൗൺസിൽ അംഗം ആശ ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം നിഷാദ് തങ്കപ്പൻ, ഓമല്ലൂർ ശങ്കരൻ, ടി. സക്കിർ ഹുസൈൻ, ഡി. ഉദയൻ എന്നിവർ പ്രസംഗിച്ചു.
എഐഎൽയു ജില്ലാ ഭാരവാഹികളായി ബി.കെ. ബിജു - പ്രസിഡന്റ്, സി. പ്രകാശ് - സെക്ട്ടറി, ബിജോയ് വർഗീസ് കോശി - ട്രഷറാർ, വിജയകുമാർ, കിരൺരാജ്, എൻ.സി. പ്രെനി, സിറിൽ ടി. ഈപ്പൻ - വൈസ് പ്രസിഡന്റുമാർ, നിഷാദ് തങ്കപ്പൻ, എം. പ്രിജി, ദീപു പീതാംബരൻ, ബിജി കുമാരി - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.
District News
തുറവൂർ: ദേശീയപാത വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തുറവൂരിൽ കാൽനടയാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം. തുറവൂർ താലൂക്ക് ആശുപത്രി, യുപി സ്കൂൾ, ആരാധനാലയങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് സുരക്ഷിതമായ നടപ്പാതകളില്ലാത്തത് അപകടഭീഷണി വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആലക്കാപറമ്പ് ഭാഗത്തുനിന്ന് തുറവൂർ കവല, താലൂക്ക് ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവർ നിലവിൽ റോഡരികിലെ കാനയുടെ മുകൾഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി പറയുന്നു. ചിലയിടങ്ങളിൽ മണ്ണ് കൂട്ടിയിട്ടതും കുറ്റിച്ചെടികൾ വളർന്നതും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
ആലക്കാപറമ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥിതിയാണ്.
ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്ക്കുന്നതിനായി തുറവൂർ ക്ഷേത്രത്തിന് സമീപമുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പ് താത്കാ ലികമായി കവലയുടെ വടക്കുഭാഗത്തേക്കും സ്വകാര്യ ബസ് സ്റ്റോപ്പ് കവലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റണമെന്നാണ് നാട്ടുകാരുടെ നിർദേശം. കൂടാതെ ഇരുചക്ര വാഹനങ്ങൾ ആലക്കാപറമ്പ് റോഡിലൂടെ പടിഞ്ഞാറോട്ട് തിരിച്ചുവിട്ട് സമാന്തര റോഡിലൂടെ തുറവൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം കടന്ന് തുറവൂർ–ചാവടി റോഡിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലുള്ള ഗതാഗത ക്രമീകരണം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്ത് അടിയന്തര പരിശോധന നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കൊട്ടാരക്കര: നെടുവത്തൂര് ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം ഗവ.എല്പി സ്കൂളിന്റെ പുതിയ കെട്ടിടം പൂര്ത്തീകരണത്തിലേക്ക്. പുതിയ കെട്ടിടത്തിന്റെ സിമന്റ് പൂശലും വെള്ളയടിക്കലും കഴിഞ്ഞു. ടൈല്സ് പാകലും പ്ലംബിംഗ്, വയറിംഗ് ജോലികളും പെയിന്റിംഗുമാണ് ഇനി ശേഷിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികളും ഓഫീസ് മുറികളുമടങ്ങുന്ന മനോഹരമായ കെട്ടിടമാണ് സജ്ജമാകുന്നത്.
ടോയ്ലറ്റുകള്, അടുക്കള തുടങ്ങിയവയും ഇതിനൊപ്പമുണ്ടാകും. മന്ത്രിയായിരിക്കെ കെ.എന്. ബാലഗോപാല് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്മിച്ചത്. 1917ല് ആണ് തേവലപ്പുറത്ത് വിദ്യാലയം പ്രവര്ത്തനം തുടങ്ങിയത്. തൊട്ടടുത്ത വര്ഷം സര്ക്കാര് അംഗീകാരം നല്കി. 1948ല് ആണ് സര്ക്കാര് ഏറ്റെടുത്തതാണ്. സ്ഥല പരിമിതിയായിരുന്നു പ്രവര്ത്തനങ്ങള്ക്ക് തടസം. പുതിയ കെട്ടിടം വരുന്നതോടെ ആ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയാണ്. ഒരു മതിലിനപ്പുറം എയ്ഡഡ് യുപി സ്കൂളുമുണ്ട്.
Kerala
കൊച്ചി: വിമാനയാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷന്റെ പ്രാരംഭഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ രൂപകല്പന ചെയ്തിരിക്കുന്ന സ്റ്റേഷനിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വന്ദേഭാരത് ഉൾപ്പടെയുള്ള ട്രയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം. പദ്ധതി പൂർത്തിയായാൽ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ടു ബന്ധമുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ലൈനിനോടു ചേർന്ന് മേൽപാലത്തിന്റെ അടിയിലാണ് റെയിൽവേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകൾ ഉൾക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ടു പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി വെയിറ്റിംഗ് ഹാൾ, ടിക്കറ്റ് ബുക്കിംഗ് ഓഫിസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.
റെയിൽവേ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്കു മാത്രമായി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്. വിമാനത്താവളത്തിൽനിന്നു നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാനയാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിൽനിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാൽ സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരില്ല. 19 കോടി രൂപയാണു നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 2010ൽ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിനുശേഷമാണ് ഇപ്പോൾ പദ്ധതി ജീവൻ വച്ചത്.
വരുന്നത് മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്
കര, ജല, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയിൽ വരുന്നത്. കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തിവരുന്നുണ്ട്.
വിമാനത്താവളത്തിനു മുന്നിലെ താജ് ഹോട്ടലിനു സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്. മെട്രോ സ്റ്റേഷനിൽനിന്ന് ടെർമിനലുകളിലേക്കു നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.
പദ്ധികൾ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയിൽവേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി നെടുമ്പാശേരി മാറും.
Kerala
കോഴിക്കോട്: അത്യാധുനിക രീതിയുള്ള ദേശീയപാത നിര്മാണമാണെന്നാണ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അവകാശപ്പെടുന്നത്. പക്ഷേ ചിലയിടങ്ങളില് ഒരു ദീര്ഘവീക്ഷണവുമില്ലാതെ, പാതയോരങ്ങളില് താമസിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ, വാഹന യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ എങ്ങനെയും ദേശീയപാത നിര്മിക്കുകയെന്നതാണ് കരാര് കമ്പനിയുടെ ലക്ഷ്യമെന്നു തോന്നിപ്പിക്കുന്നതാണ് ജനങ്ങള് ചൂണ്ടിക്കാട്ടുന്ന വിഷയങ്ങള്.
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള രാമനാട്ടുകര-വെങ്ങളം, വെങ്ങളം-അഴിയൂര് (വടകര) റീച്ചുകളിലെ അശാസ്ത്രീയമായ നിര്മാണപ്രവര്ത്തനങ്ങള് യാത്രക്കാര്ക്കും പ്രദേശവാസികള്ക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വടകര ഭാഗങ്ങളിലും കോഴിക്കോട് ബൈപാസ് പരിസരങ്ങളിലുമാണ് പ്രധാനമായും നിര്മാണ അപാകതകളുള്ളതായി ആക്ഷേപമുള്ളത്.
വടകര ടൗണ് ഭാഗത്ത് നിര്മിക്കുന്ന വലിയ ഫ്ളൈ ഓവറിന്റെ തൂണുകളിലേക്ക് ഗര്ഡറുകള് കൃത്യമായി അമര്ന്ന് ഇരിക്കുന്നില്ല. ഇത് നിര്മാണത്തിലെ ഗുരുതരമായ സാങ്കേതിക പിഴവാണെന്നാണ് ആരോപണം. വടകര-അഴിയൂര് മേഖലകളില് സര്വീസ് റോഡുകള് അശാസ്ത്രീയമായി ഉയര്ത്തിയത് കാരണം സമീപത്തെ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും വഴി പൂര്ണമായി തടസപ്പെട്ടിട്ടുണ്ട്. ആളുകള്ക്ക് പുറത്തിറങ്ങാന് കഴിയാത്ത സാഹചര്യം സംജാതമാകുകയും ചെയ്തു.
മീത്തലെ മുക്കാളി, പഴങ്കാവ് ഫയര് റോഡ് തുടങ്ങിയ ഭാഗങ്ങളില് പാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളില് മണ്ണിടിച്ചില് ഭീഷണിയുണ്ട്. മണ്ണിടിച്ചില് തടയാന് സോയില് നെയ്ലിംഗിന് ഉപയോഗിച്ച കമ്പികള് സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ കിണറുകളിലേക്ക് വരെ തുളച്ചുകയറിയ അവസ്ഥയിലാണ്. വടകര പുതിയ ബസ് സ്റ്റാന്ഡ് പരിസരം, കരിമ്പനപ്പാലം എന്നിവിടങ്ങളില് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ദേശീയപാതയ്ക്കായി തോട്ടില് നിര്മിച്ച തൂണുകള് സ്വാഭാവിക ജലമൊഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്.
അശാസ്ത്രീയമായ എക്സിറ്റുകള്
രാമനാട്ടുകര-വെങ്ങളം ബൈപാസ് റീച്ച് തുറന്നുകൊടുത്തെങ്കിലും പ്രവൃത്തി തുടര്ന്നുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ എക്സിറ്റുകളും ഗതാഗതക്കുരുക്കുമാണ് ഈ റീച്ചില് പ്രധാന തലവേദന. ജംഗ്ഷനുകളോട് ചേര്ന്ന് സര്വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന എക്സിറ്റുകള് നിര്മിച്ചത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
ആറുവരിപ്പാതക്ക് വീതിയുണ്ടെങ്കിലും പല പ്രധാന കേന്ദ്രങ്ങളിലും സര്വീസ് റോഡുകള്ക്ക് ആവശ്യത്തിന് വീതിയില്ല. ചില ഭാഗങ്ങളില് പ്രാദേശിക സമ്മര്ദത്തെത്തുടര്ന്ന് അനുവദിച്ച താത്കാലിക ഡിവൈഡര് ഗ്യാപുകളും അശാസ്ത്രീയമായ യൂടേണുകളും വലിയ അപകടങ്ങള്ക്ക് കാരണമാകുന്നുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.
കളർകോട് സുഹൃത്തിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയിൽ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ആലപ്പുഴ ബീച്ചിലേക്കുള്ള റോഡിലൂടെ സൈക്കിളിൽ വീട്ടിലേക്ക് പോയ മഹേഷ് കനാൽ സംരക്ഷണഭിത്തിയോടും റോഡിനോടും ചേർന്ന് നിർമിക്കുന്ന ഒന്നരയടിതാഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കോൺക്രീറ്റിൽ തലയടിച്ച് ഗുരുതരപരിക്കേറ്റു. കഴുത്ത് ഒടിയുകയും മുഖം വികൃതമാവുകയും ചെയ്തിരുന്നു.
നിർമാണം നടക്കുന്ന സ്ഥലത്ത് രാത്രികാലത്തും പകലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് വണ്ടാനം മെഡിക്കൽകോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നാലെ സംസ്കാരം നടന്നു.
Kerala
ആലപ്പുഴ: നഗരത്തിൽ നിർമാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് വയോധികന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
District News
മലപ്പുറം: ദേശീയപാതകളുടെ മധ്യത്തില്നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളില് പാര്പ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളില് വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം വിലക്കിക്കൊണ്ടും നിലവിലുള്ള അനുമതികള് പുനരവലോകനം ചെയ്യണമെന്ന് നിർദശിച്ചുമുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന് ദേശീയപാത ആക്ഷന് കൗണ്സില് തീരുമാനം.
കേരളത്തിന്റെ സാമ്പത്തിക സാമൂഹിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണിത്.
അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമായ ഉത്തരവ് നടപ്പാക്കിയാല് സംസ്ഥാനത്ത് വന് സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും ഇടയാക്കുമെന്ന് ദേശീയപാത ആക്ഷന് കൗണ്സില് സംസ്ഥാന ഭാരവാഹികള് പറഞ്ഞു.
രാജസ്ഥാന്, തെലുങ്കാന എന്നിവിടങ്ങളില് ഉണ്ടായ വാഹനാപകടങ്ങളെത്തുടര്ന്ന് കോടതി സ്വമേധയാ എടുത്ത കേസിലെ വിധി കേരളത്തില് വന് പ്രത്യാഘാതം ഉണ്ടാക്കുന്നതും അപക്വമായതുമാണെന്നാണ് ആക്ഷന് കൗണ്സില് വിലയിരുത്തല്.
ദേശീയ പാതകളുടെ വശങ്ങളില് താമസിക്കുന്നവരെയും വ്യാപാരം, വ്യവസായം ആരാധനാലയങ്ങള്, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സര്വ മേഖലകളുടെ പ്രവര്ത്തനങ്ങളെയും അവതാളത്തിലാക്കുന്ന ഉത്തരവാണിതെന്നാണ് ഭാരവാഹികള് പറയുന്നു.
കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടി ജനസംഖ്യ, പാതയോരങ്ങളിലെ ഭീമമായ കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സര്ക്കാര് ദേശീയപാതയുടെ വീതി 60ല് നിന്ന് 45 ആയി കുറച്ചത്.
വിധി നടപ്പാക്കിയാല് എന്എച്ച് 66ല് ഇരുവശവും 52.5 മീറ്റര് വീതം 16,650 ഏക്കറും 11 ദേശീയപാതകളിലുമായി ഒരു ലക്ഷത്തോളം ഏക്കര് ഭൂമിയും യാതൊരു നഷ്ടപരിഹാരവും നല്കാതെ എറ്റെടുക്കുന്നതിന് തുല്യമായി മാറും ഈ നടപടിയെന്ന് ആക്ഷന് കൗണ്സില് യോഗം വിലയിരുത്തി.
ദേശീയപാത സംരക്ഷണ സമിതിയുടെ കുറ്റിപ്പുറത്ത് ചേര്ന്ന അടിയന്തര യോഗം സംസ്ഥാന കണ്വീനര് ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്വീനര് ടി.കെ. സുധീര്കുമാര് അധ്യക്ഷത വഹിച്ചു.
എ.ടി.മഹേഷ്, കെ.വി. സത്യന്, കെ.കെ. ഹംസക്കുട്ടി, സുരേന്ദ്രന്, അനൂപ് ജോണ്, കെ.പി. വഹാബ്, ഷറഫുദ്ദീന്, ഷാഫി എട്ടുവീട്ടില്, സി.വി. ബോസ്, പ്രദീപ് ചോമ്പാല, കെ.എസ്. സക്കരിയ, കുഞ്ഞുമോന് അയങ്കലം, സി.കെ. ശിവദാസന് എന്നിവര് പ്രസംഗിച്ചു.
Business
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയുടെ ഭാഗമായി തമിഴ്നാട് 1.28 ലക്ഷം മോതിരങ്ങൾക്ക് ഓർഡറുകൾ നൽകി.
ഏകദേശം 220 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതി.
നാലുമാസം പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷത്തിനു മുകളിൽ മോതിരങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആകെ തയാറാക്കുന്ന 1,28,499 മോതിരങ്ങളിൽ 70 ശതമാനവും തയാറാക്കുന്നത് ജോയ് ആലുക്കാസാണ്.
30 ശതമാനം മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സും ഒരുക്കും. ദ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷനാണ് ജോയ് ആലുക്കാസിനും കല്യാണിനുമായി കരാർ നൽകിയിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം ലഭിക്കും. പ്രതിവർഷം 4,41,661 മോതിരങ്ങൾ വേണ്ടിവരുമെന്നു കണക്കാക്കുന്ന പദ്ധതിക്കായി 755.83 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.
District News
കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തില് ശാസ്ത്രീയമായി സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിനായി പുളിയന്മലയില് സ്ഥാപിക്കുന്ന ഡബിള് ചേംബര് ഇന്സുലേറ്ററിന്റെ നിര്മാണോദ്ഘാടനം നടത്തി.
ചെയര്പേഴ്സണ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഫ്ളോറെറ്റ് ടെക്നോളജി എന്ന കമ്പനിയാണ് നിര്മാണ കരാര് ഏറ്റെടുത്തിരിക്കുന്നത്. വൈസ് ചെയര്പേഴ്സണ് ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്പേഴ്സണ് തോമസ് മൈക്കിള്, സ്ഥിരംസമിതി ചെയര്പേഴ്സണ്മാരായ സിബി പാറപ്പായില്, ബീന സിബി, സജിമോള് ഷാജി, കൗണ്സിലര്മാരായ ബീന ടോമി, അഡ്വ.കെ ജെ ബെന്നി, സന്തോഷ് ഓലിനാല്, കെ.ടി. ജയന് നഗരസഭാ സെക്രട്ടറി അജി കെ. തോമസ്, അസി. എന്ജിനിയര് മുഹമ്മദ് അജ്മല്, ക്ലീന്സിറ്റി മാനേജര് ആറ്റ്ലി പി. ജോണ് എന്നിവര് പ്രസംഗിച്ചു.
District News
നിരണം: ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്റെ നേതൃത്വത്തിൽ കൃഷിമന്ത്രിക്കു നിവേദനം നൽകി. നിലവിൽ അനുവദിച്ചിരിക്കുന്ന തുക കൃഷിഭവൻ നിർമാണം പൂർത്തിയാക്കാൻ അപര്യാപ്തമാണെന്നും അധിക തുക അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൃഷിഭവന്റെ പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ കർഷകർക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ അറിയിച്ചു.
നിലവിൽ അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതായും
കൂടുതൽ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പ്രളയകാലത്ത് വെള്ളം കയറാത്ത തരത്തിലായിരിക്കും ഇനി കൃഷിഭവനുകൾ നിർമിക്കുകയെന്നും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ പ്രളയകാലത്ത് പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിയ ആറ് കൃഷിഭവനുകളും പുനർനിർമിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പനോടൊപ്പം മെംബർമാരായ അമ്പിളി ശാമുവേൽ, അലക്സ് പുത്തുപ്പള്ളി, അജോയ് കെ. വർഗീസ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. നിരണം മേഖലയിലെ കർഷകരുടെ ആവശ്യങ്ങൾക്കും കാർഷിക വികസനത്തിനും പ്രാധാന്യം നൽകുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്ന് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു.
District News
ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ പാലമൂട്-ആഞ്ഞിലിമൂട് റോഡുപണി പാതിവഴിയിൽ നിലച്ചതോടെ യാത്ര ദുഷ്കരമായി. ഒന്പത് മാസം മുമ്പ് തുടങ്ങിയ നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. രണ്ടു കിലോമീറ്റർ വരുന്ന റോഡ് നിർമാണത്തിന് 1.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം 1.10 കോടി രൂപ അനുവദിച്ച താമരക്കുളം പഞ്ചായത്തിലെ താമരക്കുളം-പച്ചക്കാട് റോഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ടാർ ചെയ്തു.
2.25 കോടി രൂപ അനുവദിച്ച താമരക്കുളം ഗുരുനാഥൻ കുളങ്ങര-കണ്ണനാകുഴി പാലയ്ക്കൽ ജംഗ്ഷൻ റോഡിന്റെ ടാറിംഗും പൂർത്തിയായി. പാലമൂട്-ആഞ്ഞിലിമൂട് റോഡിന്റെ നിർമാണം 2025 നവംബർ ഒന്നിനാണ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ റോഡിലെ ഓടകളുടെയും കലുങ്കിന്റെ യും നിർമാണമാണ് നടത്തിയത്. മെറ്റാഗാർഡ് എൻജിനിയറിംഗ് കമ്പനിയാണ് ടെൻഡറെടുത്തിട്ടുള്ളത്.
നൂറുകണക്കിനു വാഹനങ്ങളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. കായംകുളം-പുനലൂർ റോഡിലെ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽനിന്നു പുതുപ്പള്ളികുന്നം, ഇടക്കുന്നം, പുലിമേൽ, സബ് സ്റ്റേഷൻ ജംഗ്ഷൻ വഴി മാവേലിക്കര-പന്തളം റോഡിലെ ഇടപ്പോൺ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പാലമൂട്-ആഞ്ഞിലിമൂട്-ഇടപ്പോൺ റോഡ്.
ഏഴു കിലോമീറ്ററാണ് ദൂരം. ഇതിൽ പൂർണമായി തകർന്ന പാലമൂട് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നവീകരിക്കാനാണ് തുകയനുവദിച്ചത്. കുഴിനിറഞ്ഞ റോഡിൽ ഇരുചക്ര വാഹനയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ആറുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം മുടക്കി നവീകരിച്ച റോഡാണിപ്പോൾ സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുന്നത്.
District News
കയ്പമംഗലം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി കെ.കെ.വത്സരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മതിലകം ഗ്രാമപഞ്ചായത്തിലെ കിഴക്കുമ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സർവീസ് റോഡ് നിർമാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദേശീയപാത അഥോറിറ്റി യോഗത്തിൽ ഉറപ്പ് നൽകി. വിവിധ പ്രദേശങ്ങളിലെ സർവീസ് റോഡുകളുടെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി.
ദേശീയപാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, റോഡിലെ വെള്ളം വീടുകളിലേക്ക് കയറാതിരിക്കാൻ കാനകളുടെ വൃത്തിയാക്കൽ, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചു. ശാന്തിപുരം പി.എ. സെയ്തുമുഹമ്മദ് സ്മാരകത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, പെരിഞ്ഞനം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. കരീം, ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ അംഗം കെ.എസ്. ജയ എന്നിവർ വിവിധ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ദേശീയപാത പ്രോജക്റ്റ് വിഭാഗം ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി എൻജിനീയർമാർ, നിർമാണകമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
District News
തോട്ടുമുക്കം: ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രണ്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ ദേവാലയം സംഘടിപ്പിച്ച ഭവനനിർമാണ സഹായ കൂപ്പൺ പദ്ധതി വിജയകരമായി സമാപിച്ചു.
പദ്ധതിക്ക് വിവിധ മേഖലകളിൽനിന്നുള്ള വിശ്വാസികളുടെ പിന്തുണ ലഭിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തിയ കൂപ്പൺ നറുക്കെടുപ്പ് ജൂലൈ 28ന് വൈകുന്നേരം ദേവാലയാങ്കണത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപനത്തോടൊപ്പം നടത്തി. സ്റ്റാർട്ട് ഡയറക്ടർ ഫാ. സുബിൻ കിഴക്കേവീട്ടിൽ തിരുന്നാൾ കുർബാന അർപ്പിക്കുകയും തുടർന്ന് കൂപ്പൺ നറുക്കെടുക്കുകയും ചെയ്തു.
ഒന്നാം സമ്മാനമായ സ്കൂട്ടർ അഷിൻ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ടെലിവിഷൻ ഒലിവർ ഷോൺ പള്ളിക്കമ്യാലിൽ നേടി.
മൂന്നാം സമ്മാനമായ റഫ്രിജറേറ്റർ അഗസ്റ്റിൻ ജോർജ് കൂടത്തായി, നാലാം സമ്മാനമായ മിക്സർ ഗ്രൈൻഡർ സിസ്റ്റർ ആലീസ് അഗസ്റ്റിൻ തോട്ടുമുക്കം, അഞ്ചാം സമ്മാനമായ എയർ ഫ്രയർ മിഷ മനോജ് തോട്ടുമുക്കം എന്നിവർക്കും ലഭിച്ചു.
District News
കൊട്ടാരക്കര: കൊട്ടാരക്കര മാര്ക്കറ്റ് സമുച്ചയത്തിന്റെ നിര്മാണം ഇഴയുന്നു. ഓണക്കാലമടുക്കുമ്പോഴും മാര്ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യാന് അധികൃതര്ക്ക് താത്പര്യമില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്പ് തിടുക്കപ്പെട്ട് ആദ്യഘട്ട നിര്മാണം പൂര്ത്തിയാക്കി പെയിന്റിംഗ് ഉള്പ്പടെ നടത്തിയതാണ്. എന്നാല് നൂലാമാലകളില്ത്തട്ടി ഉദ്ഘാടനം നടന്നില്ല. പിന്നീടാണ് പുറകുവശത്തെ നിര്മാണ ജോലികള് തുടങ്ങിയത്. ഇവിടുത്തെ നിര്മാണ പ്രവര്ത്തനങ്ങള് ഒച്ചിഴയുന്ന വേഗത്തിലാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്തിന് മുന്പായി ഉദ്ഘാടനം നടത്താന് സാധ്യതയും കുറവാണ്.
ഓണക്കാലത്ത് വലിയ തോതില് തിരക്കുണ്ടാകുന്ന മാര്ക്കറ്റാണ് കൊട്ടാരക്കരയിലേത്. കഴിഞ്ഞ രണ്ട് വര്ഷങ്ങളിലും താത്കാലിക ചന്തകളില് വലിയ തിരക്കായിരുന്നു. വ്യാപാരികള്ക്ക് പ്രതീക്ഷിച്ച കച്ചവടം നടന്നതുമില്ല. വാങ്ങാനെത്തിയവരൊക്കെ സ്ഥല പരിമിതികളില് വല്ലാതെ ബുദ്ധിമുട്ടി. വീണ്ടും ഓണമെത്തുമ്പോഴും മുന്നൊരുക്കങ്ങളൊന്നും നഗരസഭയടക്കം നടത്തിയിട്ടില്ല.
കെ.എന്. ബാലഗോപാല് മന്ത്രിയായിരിക്കെ അനുവദിച്ച 5.5 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക മാര്ക്കറ്റ് സമുച്ചയം നിര്മിക്കുന്നത്.
2024 ജൂണ് 25ന് മന്ത്രി കെ.എന്. ബാലഗോപാല് നിര്മാണ ഉദ്ഘാടനം നടത്തി. അതിന് തൊട്ടുമുന്പാണ് തൊട്ടടുത്തുതന്നെ താത്കാലിക ചന്ത നിര്മിച്ച് പ്രവര്ത്തനം അവിടേക്ക് മാറ്റിയത്.
എന്നാല് ഇവിടെ തീര്ത്തും ദുരിതാവസ്ഥയാണ്. 23,000ചതുരശ്ര അടി വിസ്തീര്ണം ഉള്ള ആധുനിക മാര്ക്കറ്റ് സമുച്ചയത്തിനാണ് പദ്ധതി രൂപീകരിച്ചിരുന്നത്.
District News
പുനലൂര്: തമിഴ്നാട്ടില്നിന്നുള്ള പാറയുത്പന്നങ്ങള് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സര്ക്കാര് ഏര്പ്പെടുത്തിയ വിലക്ക് കേരളത്തിലെ നിര്മാണമേഖലയെ പ്രതിസന്ധിയിലാക്കി. മൂന്ന് മാസത്തേക്കാണു വിലക്കെങ്കിലും പ്രതിസന്ധി തരണം ചെയ്യാന് നിര്മാണമേഖലയില് മറ്റു മാര്ഗങ്ങള് ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് നടക്കുന്ന നിര്മാണ പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ പാറ, മെറ്റല്, എം സാന്ഡ്, പാറപ്പൊടി തുടങ്ങിയവ 70 ശതമാനവും അടുത്ത കാലത്തായി തമിഴ്നാട്ടില്നിന്നാണ് എത്തിക്കുന്നത്.
ആര്യങ്കാവ് വഴി ദിവസേന അഞ്ഞൂറിലധികം ടോറസ് ഉള്പ്പെടെ വാഹനങ്ങള് തമിഴ്നാട്ടില്നിന്നു പാറ ഉത്പന്നങ്ങള് കൊണ്ടുവരുന്നുണ്ട്. നിര്മാണം മുടങ്ങുന്നതിനൊപ്പം ഈ മേഖലയില് തൊഴിലെടുക്കുന്ന മറ്റ് ആളുകളേയും പ്രതിസന്ധി ബാധിക്കും. ക്വാറി ഉത്പന്നങ്ങള്ക്ക് വില വര്ധനവിനും ഇടയാക്കും.
തമിഴ്നാട് ജിയോളജി ആന്ഡ് മൈനിംഗ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കഴിഞ്ഞ ദിവസം മുതല് പ്രാബല്യത്തില് വന്നു. പാറയുത്പന്നങ്ങള് കയറ്റി കൊണ്ടുവരാന് ഇവിടെ നിന്നും കഴിഞ്ഞ രാത്രി പോയ ലോറികള് പുളിയറയില് തമിഴ്നാട് പൊലീസ് തടഞ്ഞു തിരിച്ചു വിടുകയായിരുന്നു. ചെക് പോസ്റ്റില് കര്ശന പരിശോധനയും ഏര്പ്പെടുത്തി.
തമിഴ്നാട്ടില് വന്തോതില് വികസന പ്രവര്ത്തനങ്ങള് നടന്നു വരുന്നതിനാല് കരിങ്കല്ല്, എം-സാന്ഡ്, മെറ്റല് തുടങ്ങിയക്ക് ആവശ്യം കുടുതലാണ്. നിലവിലെ ഉത്പാദനം സംസ്ഥാനത്തെ ആവശ്യങ്ങള്ക്ക് തികയാത്ത സാഹചര്യമാണുള്ളത്. അയല് സംസ്ഥാനങ്ങളിലേക്ക് വലിയ തോതില് ഇത്തരം സാമഗ്രികള് കടത്തുന്നത് വഴി തമിഴ്നാടിനുള്ളില് കൃത്രിമ ക്ഷാമവും നിര്മാണ സാമഗ്രികളുടെ കടുത്ത വിലക്കയറ്റവും ഉണ്ടാകുന്നു. ഇത് പൊതു-സ്വകാര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നു.
പരിസ്ഥിതി ആഘാതവും പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂര്, തിരുപ്പൂര്, കൃഷ്ണഗിരി തുടങ്ങിയ അതിര്ത്തി ജില്ലകളിലെ ക്വാറികളില് നിന്നാണ് കേരളത്തിലേക്ക് കുടുതല് ഉത്പന്നങ്ങള് എത്തിക്കുന്നത്. ഈ ക്വാറികള് പലതും പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
അതിര്ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഭാരം കയറ്റിയ വലിയ ലോറികളും മള്ട്ടി-ആക്സില് വാഹനങ്ങളും തുടര്ച്ചയായി ഓടുന്നത് പ്രാദേശിക റോഡുകള് തകരാനും ഗതാഗതക്കുരു്കിനും മാരകമായ റോഡപകടങ്ങള് വര്ധിക്കാനും ഇടയാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
പാറയുത്പന്നങ്ങള് കടത്തിവരുന്നത് തടയാന് അതിര്ത്തി ജില്ലകളിലെ കളക്ടര്, എസ്പി എന്നിവരുടെ നേതൃത്വത്തില് പരിശോധനകള് കര്ശനമാക്കാനും നിരോധനം ലംഘിക്കുന്നവര്ക്കെതിരേ കര്ശന നിയമനടപടികള് സ്വീകരിക്കാനും ഉത്തരവില് നിര്ദേശമുണ്ട്.
District News
മൂവാറ്റുപുഴ: ആരക്കുഴ - ആവോലി പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന വള്ളിക്കട കടവ് പാലം നിർമാണത്തിന്റെ പ്രാരംഭ നടപടികള്ക്ക് തുടക്കമായതായി മാത്യു കുഴല്നാടന് എംഎല്എ. പാലം യാഥാര്ഥ്യമായാല് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന പദ്ധതിയായി ഇതു മാറും.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീര്ഘകാലത്തെ ആവശ്യം എന്നതിലുപരി ഇടുക്കി ജില്ലയില് നിന്നും വരുന്നവര്ക്ക് മൂവാറ്റുപുഴ നഗരത്തില് പ്രവേശിക്കാതെ എളുപ്പത്തില് എറണാകുളത്തേക്ക് പോകാനുള്ള ബൈപ്പാസായി പാലം മാറും.
ഇടുക്കിയില് നിന്നും വരുന്നവര്ക്ക് വാഴക്കുളം വഴി പരീക്കപീടിക ജംഗ്ഷനില് വിശ്വജ്യോതി എന്ജിനീയറിംഗ് കോളജിന് സമീപമുള്ള റോഡിലൂടെ കടന്ന് വള്ളിക്കട പാലം വഴി പെരുമ്പല്ലൂര് എത്തി എംസി റോഡില് പ്രവേശിക്കാന് സാധിക്കും. തുടര്ന്ന് കായനാട് വഴി പെരുവുംമുഴിയില് എത്തി കോലഞ്ചരി, എറണാകുളം എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുവാന് സാധിക്കും. കോട്ടയം പോകുന്ന യാത്രികര്ക്കും മൂവാറ്റുപുഴ നഗരം ഒഴിവാക്കി സഞ്ചരിക്കുവാന് ഈ പാലം ഗുണകരമാകും.
District News
കൊരട്ടി: അപകടങ്ങൾ പെരുകിയതോടെ ദേശീയപാത നിർമാണത്തിലെ പിഴവുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി മേഖലയിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതിനൊപ്പം അലൈൻമെന്റ് തകരാർ, വെള്ളക്കെട്ട്, കുഴികൾ, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.
മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ അടിപ്പാത നിർമാണത്തിന്റെ അവസാനഘട്ടവും കൊരട്ടി ജംഗ്ഷനിൽ മൂന്നു സ്പാനുകളിൽ മേൽപ്പാലത്തിന്റെ നിർമാണവുമാണു പുരോഗമിക്കുന്നത്. മഴ, തൊഴിലാളികളുടെ കുറവ് എന്നിവ പ്രവൃത്തികളുടെ വേഗതയെ ബാധിച്ചു. മേൽപ്പാലത്തിന്റെ തൂണുകൾക്കായി സ്ഥാപിച്ച ഇരുന്പുകന്പികൾ സാങ്കേതികപ്പിഴവുകാരണം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ടിയുംവന്നു.
റെയിൽവേ മേൽപാലവും ദേശീയപാതയും സംഗമിക്കുന്നയിടത്തുള്ള ഡ്രെയിനേജ് സ്ലാബുകളും തുടർച്ചയായി തകരുന്നു. ചിലതു വിണ്ടുകീറി. ഭാരവാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടെന്നുപറഞ്ഞു സ്ഥാപിച്ചവയാണിവ. ഇതു മാറ്റിസ്ഥാപിക്കുന്നതുവരെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. അപകടസൂചനയായി റോഡിൽ പ്ലാസ്റ്റിക് കോണുകൾ മാത്രമാണു സ്ഥാപിച്ചത്. പ്രതിഷേധം കനത്തതോടെയാണു സ്ലാബുകൾ മാറ്റി സ്ഥാപിച്ചത്. ഇവയുടെ ഉയരവ്യത്യാസമാകട്ടെ ഇരുചക്ര വാഹനയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കുഴിയും വെള്ളക്കെട്ടും രൂക്ഷം
കൊരട്ടി: കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മുരിങ്ങൂർമുതൽ പൊങ്ങംവരെ കുഴികൾ നിറഞ്ഞു. തെരുവുവിളക്കുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.
മുരിങ്ങൂരിൽ അങ്കമാലി ദിശയിൽ മേൽപാത അവസാനിക്കുന്നയിടത്ത് റോഡിനും മീഡിയനുമിടയിൽ രണ്ടു മീറ്റർ വീതിയിലാണു റോഡ് തകർന്നത്.
മേൽപാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.
മൂന്നുവരിപ്പാത രണ്ടുവരിയാകുന്ന ഭാഗത്തെ അലൈൻമെന്റും അപകടങ്ങൾക്കു കാരണമാകുന്നു. സർവീസ് റോഡ്, മേൽപാത എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ സൂചനാബോർഡുകളുമില്ല.
District News
അപാകത ചൂണ്ടിക്കാട്ടി എംഎല്എയ്ക്ക് കത്തുനല്കി
ഇരിങ്ങാലക്കുട: തൃശൂര്-കൊടുങ്ങല്ലൂര് സംസ്ഥാനപാതയിലെ നടവരമ്പ് ഭാഗത്ത് നിലവില് നടക്കുന്ന കാനനിര്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എയ്ക്ക് പ്രദേശവാസികള് കത്തു നല്കി.
ശാസ്ത്രീയമായ ആസൂത്രണവും പൊതുജനങ്ങളുടെ സൗകര്യവും സുരക്ഷയും വേണ്ടത്ര പ രിഗണിക്കാതെയാണ് ഇവിടെ കാന നിര്മാണം നടപ്പിലാക്കുന്നതെന്ന് പ്രദേശവാസികള് പറഞ്ഞു.
കാനയുടെ കോണ്ക്രീറ്റ് ഭിത്തിയും അതിനുമുകളിലുള്ള സ്ലാബും നിലവിലെ റോഡ് നിരപ്പില് നിന്ന് ഏകദേശം ഒന്നര അടി ഉയരത്തിലാണ് നിര്മിച്ചിരിക്കുന്നത്. കാനയുടെ ഉയരക്കൂടുതല് മൂലം സമീപത്തെ കടകളിലേക്ക് എത്തുന്നവര്ക്ക് വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിനും കടകളിലേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
എംഎല്എ അടിയന്തരമായി ഇടപെട്ട് കാനനിര്മാണത്തിലെ അപാകതകള് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് കത്തില് ആവശ്യപ്പെട്ടു.
പ്രദേശവാസികളായ നാട്ടുകാര് ഒപ്പിട്ട നിവേദനം ലിജു തോമസ് പാറേക്കാടനാണ് എംഎല്എക്ക് സമര്പ്പിച്ചത്.
District News
കരുവഞ്ചാൽ: പാലക്കയംതട്ട് വിനോദസഞ്ചാര മേഖലയിൽ ചെങ്കുത്തായ ചെരിവുള്ള സ്ഥലത്ത് നടക്കുന്ന റിസോർട്ട് നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സജീവ് ജോസഫ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകി.
വലിയ ചെരിവുള്ള സ്ഥലത്ത് റോഡിനോടു ചേർന്നാണ് അഞ്ചു നില കെട്ടിടം പണി പൂർത്തിയായി വരുന്നത്. കൂറ്റൻ കെട്ടിടത്തിന്റെ ചെരിവുള്ള അടിത്തറയുടെ ഭാഗം മണ്ണിടിഞ്ഞ് അപകടനിലയിലാണ്. കൂടാതെ രണ്ട് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കൂറ്റൻ ടാങ്കും ഈ കെട്ടിടത്തിനുള്ളിൽ തന്നെ നിർമിച്ചിട്ടുണ്ട്. അഞ്ചാമത്തെ നിലയുടെ മുകളിൽ വലിയ നീന്തൽ കുളത്തിന്റെ നിർമാണവും തകൃതിയാണ്.
പാലക്കയംതട്ട് പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഇത്ര വലിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതി എങ്ങനെ നേടിയെന്നുള്ളത് വലിയ ദുരൂഹത ഉയർത്തുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ. കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കുന്നത് പാലക്കയം തട്ടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നിരിക്കെ കൂറ്റൻ കെട്ടിട നിർമാണത്തിനുള്ള അനുമതി സംബന്ധിച്ച സംശയം ബലപ്പെടുകയാണ്.
പരാതികളെ തുടർന്ന് നടവുൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് എൻജിനിയർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
District News
എടപ്പാള്: എടപ്പാള്-തൃശൂര് റോഡില് മേല്പ്പാലത്തിന് താഴെ പഞ്ചായത്ത് ലൈസന്സോ ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇല്ലാതെ പീടികമുറി നിര്മിച്ച് കടകള് നടത്താന് ശ്രമിക്കുന്നതിനെതിരേ വ്യാപാരികള് പ്രതിഷേധവുമായി രംഗത്ത്.
അനുമതികളില്ലാതെ വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന ഇവിടെ കെഎസ്ഇബി പെര്മിറ്റില്ലാതെ കറന്റ് ഉപയോഗിച്ചാണ് രാത്രികാലങ്ങളില് അനധികൃത നിര്മാണം നടത്തുന്നതെന്ന് വ്യാപാരികള് ആരോപിച്ചു.
പാര്ക്കിംഗ് സ്ഥലം കൈയേറിയാണ് നിര്മാണമെന്നാണ് ആരോപണം.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും തെരുവോരക്കച്ചവടക്കാരെയും അനധികൃത പാര്ക്കിംഗും ഒഴിപ്പിക്കാന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഓണം അടുത്തിരിക്കെ കടുത്ത ഗതാഗതക്കുരുക്കിലൂടെ ദുരിതത്തിലായ ജനങ്ങള്ക്ക് തടസമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങള്ക്കെതിരേ അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
International
റബാത്ത്: മൊറോക്കോയിൽനിന്ന് സ്പെയിനിലേക്കുള്ള കുടിയേറ്റപ്രവാഹം നിലച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിതന്നെ കുടിയേറ്റക്കാർ മടങ്ങിയെന്ന് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയ്ക്കും മൊറോക്കോയ്ക്കുമിടയിലുള്ള സമുദ്രാതിർത്തിയിൽ സ്പാനിഷ് പോലീസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വേലി നിർമിക്കാൻ തുടങ്ങി.
യൂറോപ്പിലേക്കു കുടിയേറാൻ ആഗ്രഹിച്ച് 50,000 പേരാണ് വ്യാഴാഴ്ച മുതൽ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ചത്. കുടിയേറ്റക്കാർക്ക് അനുകൂലമായി സ്പാനിഷ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു പെട്ടന്നുള്ള ഈ ഒഴുക്കിനു കാരണം. ഇതിൽ 48,000 പേരും വലിയ പ്രശ്നങ്ങളില്ലാതെ മൊറോക്കോയിലേക്കു മടങ്ങിയെന്നാണ് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
കര അതിർത്തിയിലെ ഇരുന്പുവേലിയും സമുദ്രാതിർത്തിയിലെ പുലിമുട്ടും മറികടന്ന് സെവ്തയിൽ പ്രവേശിക്കാനുള്ള കുടിയേറ്റക്കാരുടെ ശ്രമം വലിയ പ്രതിസന്ധിക്കിടയാക്കി. തിക്കിലും തിരക്കിലും പെട്ടും നീന്തലിനിടെ മുങ്ങിയും 67 പേരാണു മരിച്ചത്. ഈ മരണങ്ങളെല്ലാം സ്പാനിഷ് ഭാഗത്താണ്. മൊറോക്കൻ ഭാഗത്തെ നില വ്യക്തമല്ല. മൊറോക്കൻ പോലീസും കുടിയേറ്റക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ, കുടിയേറ്റവിഷയത്തിലെ സ്പാനിഷ് നിലപാട് യൂറോപ്യൻ യൂണിയനിൽ ഭിന്നത സൃഷ്ടിച്ചു. യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ നടപടികളെടുക്കണമെന്ന് ചില അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
പാസ്പോർട്ട് രഹിത ഷെങ്കൻ യാത്രാ മേഖലയിൽനിന്ന് സ്പെയിനിനെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. ഇറ്റലി ഈ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം സ്വാർഥത നിറഞ്ഞതാണെന്ന് സ്പെയിൻ പറഞ്ഞു.
സെവ്ത വിഷയത്തിൽ യൂറോപ്യൻ ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
District News
ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം അനന്തമായി നീളുന്നത് ഓണക്കാല കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ വ്യാപാരികൾ.
പാലം നിർമാണം കഴിഞ്ഞ ഓണം, ക്രിസ്മസ്, ചിറപ്പ്, വിഷു, പെരുന്നാൾ കച്ചവടങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മുല്ലയ്ക്കൽ ചിറപ്പിന് വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന്, രണ്ട് തുരുത്തുകൾപോലെ വേർപെട്ട ഇരുകരകളെയും ബന്ധിപ്പിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു.
എന്നാൽ, ഇത്തവണത്തെ ഓണക്കാലത്ത് സമാനമായ താത്കാലിക ഗതാഗത സംവിധാനമോ, ബദൽ ക്രമീകരണങ്ങളോ ഒരുക്കുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നും ഓണക്കാല കച്ചവടം 30 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലെ ആദ്യ പത്ത് പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ മുല്ലയ്ക്കൽ തെരുവിൽ ഓണക്കാലത്ത് വലിയ തിരക്കും കച്ചവടവും നടക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞ ഒരുവർഷം മുതൽ കച്ചവടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ മാറിയ ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ അകാരണമായി വൈകുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.
അതിനിടെ സർവീസ് റോഡ് ഓടയുടെ മുകളിലൂടെ സജ്ജമാക്കിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വീണ്ടും ചെളിക്കുണ്ടായിരിക്കുകയാണ്.
എംഎൽഎ ഇടപെടണം
ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം തെരഞ്ഞെടുപ്പിന് ശേഷം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഇത് വേഗത്തിലാക്കാണമെന്നും നഗരത്തിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിനാൽ എ.ഡി. തോമസ് എംഎൽഎ അടിയന്തരമായി ഇടപെട്ട് പ്രവർത്തനം വേഗത്തിലാക്കാണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷം വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് വ്യാപാരി സമൂഹത്തെ കാര്യമായി ബാധിക്കും. അടുത്ത മുല്ലക്കൽ ചിറപ്പിന് മുമ്പായി പാലം പണി പൂർത്തിയാക്കണമെന്നതാണ്
വ്യാപാരികളുടെ ആവശ്യം. ഒരു അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും. ജില്ലാകോടതിപ്പാലം നിർമാണം കാരണം വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജോലികൾ വൈകുന്നതിൽ എംഎൽഎയുടെ കർശന ഇടപെടൽ വേണം. ചിറപ്പിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനുള്ള നിർദേശം നൽകണം.
-പ്രവീൺ രാമഭദ്രൻ (ജില്ലാ പ്രസിഡന്റ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്)
District News
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ പള്ളി സ്റ്റോപ്പിനരികിൽ ഇറിഗേഷൻ കനാൽ പുറമ്പോക്ക് കൈ യേറി നടത്തുന്ന അനധികൃത കെട്ടിടനിർമാണം നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരുമെത്തി തടഞ്ഞു. പോലീ സും സ്ഥലത്തെത്തിയിരുന്നു. നേരത്തെ രണ്ട് പ്രാവശ്യം അനധികൃത നിർമാണം നിർത്തിവയ് ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കെട്ടിട ഉടമയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ കെട്ടിട നിർമാണവും ഷോപ്പുനിർമാണവും നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും വീണ്ടും നിർമാണം നടത്തുന്ന വിവരം അറിഞ്ഞാണു ചെയർപേഴ്സണും കൗൺസിലർമാരും ഒന്നടങ്കം എത്തി നിർമാണം തടഞ്ഞത്. ഇതിനുമുൻപ് പ്രതിപക്ഷനേതാവ് ജിൽ ആന്റണിയുടെ നേതൃത്വത്തിൽ ഇവിടെ പ്രതിക്ഷേധ സമരം നടത്തിയിരുന്നു. നിലവിലുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലും ഇറിഗേഷൻ കനാൽ പുറമ്പോക്കിലുമാണ് അനധികൃതനിർമാണം നടത്തിയിരിക്കുന്നത്. വൈസ് ചെയർ മാൻ കെ.വി. പോൾ, പ്രതിപക്ഷനേതാവ് ജിൽ ആന്റണി, കൗൺസിലർമാർ നേതൃത്വം നൽകി.
District News
രാജപുരം: പൂടംകല്ല് -ബളാൽ റോഡിലെ മണിക്കല്ലിൽ പുതിയ പാലത്തിന്റെ നിർമാണത്തിന് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ചു. നേരത്തേ മൂന്നു കോടി രൂപ വകയിരുത്തിയിരുന്നത് അഞ്ചുകോടിയായാണ് ഉയർത്തിയത്. ആദ്യം അനുവദിച്ച തുക പാലത്തിന്റെ നിർമാണത്തിന് പര്യാപ്തമല്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ അടങ്കൽ തുക ഉയർത്തിയത്.
ഭരണാനുമതി ലഭിച്ച പശ്ചാത്തലത്തിൽ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വിലയിരുത്താൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം എൻജിനിയർ കെ. രാജീവൻ, അസി. എൻജിനിയർ ഷബിൽ ചന്ദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പഞ്ചായത്തംഗങ്ങളായ സി. രേഖ, ലിറ്റി ജോസ്, പാലം നിർമാണ കമ്മിറ്റി ചെയർമാൻ ടി.കെ. നാരായണൻ, കൺവീനർ ബി. രത്നാകരൻ നമ്പ്യാർ, ഷാലു മാത്യു, കെ. കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ എന്നിവർ പങ്കെടുത്തു.
District News
പള്ളിക്കര: പാക്കം വെളുത്തോളിയിൽ പാതയോരത്തെ റവന്യു ഭൂമി കൈയേറി കെട്ടിടനിർമാണം. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് ഒത്തുചേരാനുള്ള കെട്ടിടമെന്ന പേരിലാണ് നിർമാണം നടത്തുന്നതെങ്കിലും സിപിഎമ്മിന്റെ പാർട്ടി ഓഫീസാണ് നിർമിക്കുന്നതെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആരോപണം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ജെസിബിയുമായി സ്ഥലം ഒഴിപ്പിക്കാനെത്തി. എന്നാൽ അഞ്ചുദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കാമെന്ന് സിപിഎമ്മിൽ നിന്നുള്ള വാർഡ് മെംബർ ബാലകൃഷ്ണൻ രേഖാമൂലം എഴുതിനൽകിയതോടെ റവന്യു സംഘം മറ്റു നടപടികൾ സ്വീകരിക്കാതെ മടങ്ങി.
ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ ഗിരീശൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.വി. ബിജു, പനയാൽ വില്ലേജ് ഓഫിസർ കെ.ഒ. സജി എന്നിവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്.
കുടുംബശ്രീ അയൽക്കൂട്ടത്തിനുവേണ്ടി ഇവിടെ ഓഫീസ് നിർമിക്കാൻ റവന്യുവകുപ്പിൽ നിന്നോ മറ്റു സർക്കാർ സംവിധാനങ്ങളിൽ നിന്നോ അനുമതി തേടിയിട്ടില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു അധികൃതർ പരിശോധനയ്ക്കെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ തറയുടെയും ജനലുകൾ വരെയുള്ള ഭിത്തിയുടെയും നിർമാണം പൂർത്തിയായിരുന്നു.
ഇതിനു മുകളിലുള്ള നിർമാണത്തിനായി സിമന്റ് കട്ടകളും ഇറക്കിയിരുന്നു.
പള്ളിക്കര പഞ്ചായത്തിലെ സിപിഎം കേന്ദ്രമായ വെളുത്തോളിയിലെ കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലാണ്. കല്യോട്ട് ഇരട്ട കൊലപാതകം നടന്ന വേളയിൽ പ്രതികളെ ആദ്യം ഒളിപ്പിച്ചു താമസിപ്പിച്ചതും പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതും ഇവിടെനിന്നായിരുന്നു.
വെളുത്തോളിയിലും സമീപപ്രദേശങ്ങളായ ചെർക്കപ്പാറ, ചെറൂട്ട, തോക്കാനംകവല എന്നിവിടങ്ങളിലും നേരത്തേ സർക്കാർ സ്ഥലങ്ങൾ കൈയേറി കുടുംബശ്രീയുടെയും മറ്റും പേരിൽ സിപിഎം ഓഫീസുകൾ നിർമിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
നേരത്തേയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിരുന്നെങ്കിലും ഇടതുഭരണകാലത്ത് റവന്യു അധികൃതർ നിശബ്ദരാക്കപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.
പള്ളിക്കര, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭൂമി കൈയേറ്റങ്ങൾക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിനെ നേരിൽ കാണുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
District News
കൊട്ടാരക്കര: എഴുകോണ് പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്മാണം പൂര്ത്തീകരണത്തിലേക്ക്. വിവിധകാരണങ്ങളാല് ഇടക്കാലത്ത് നിര്മാണം നിലച്ചുപോയിരുന്നതാണ്. എന്നാലിപ്പോള് നിര്മാണ പ്രവര്ത്തനങ്ങള്ക്ക് വേഗത കൈവന്നിട്ടുണ്ട്. പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷന് കോര്പറേഷനാണ് കരാര് ഏറ്റെടുത്തിട്ടുള്ളത്. ഇവരുടെ കരാര് കാലാവധി ജനുവരിയില് അവസാനിക്കും. ഒക്ടോബറില് നിര്മാണ ജോലികളെല്ലാം പൂര്ത്തിയാക്കി നവംബറില് ഉദ്ഘാടനം നടത്താനാകുമെന്നാണ് കോര്പറേഷന് അറിയിച്ചിരിക്കുന്നത്.
എഴുകോണ് അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപി വകയായി ഉണ്ടായിരുന്ന ഭൂമിയില്നിന്ന് പോലീസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റിലാണ് കെട്ടിടം നിര്മിക്കുന്നത്. മന്ത്രിയായിരിക്കെ കെ.എന്. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ചാണ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്മിക്കുന്നത്. രണ്ടുനില കെട്ടിടം പൂര്ത്തിയായി പ്ലാസ്റ്ററിംഗും നടത്തി. ഫ്ളോറിംഗ്, വൈദ്യുതീകരണ ജോലികളാണ് ശേഷിക്കുന്നത്. സിഐയ്ക്കും എസ്ഐമാര്ക്കും പ്രത്യേകം മുറികളും പരാതിക്കാര്ക്കും സന്ദര്ശകര്ക്കുമുള്ള വിശ്രമമുറികള്, ഹാള്, ടോയിലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥര്ക്കുള്ള സൗകര്യങ്ങള്, വീഡിയോ കോണ്ഫറന്സ് സംവിധാനങ്ങള് എന്നിവയടങ്ങുന്നതാണ് പുതിയ പോലീസ് സ്റ്റേഷന്.
എഴുകോണ്- കരീപ്ര റോഡരികിലായി ജീര്ണിച്ച വാടക കെട്ടിടത്തിലാണ് 2005 മുതല് എഴുകോണ് പോലീസ് സ്റ്റേഷന് പ്രവര്ത്തിച്ചുവരുന്നത്. പഴയൊരു വീട് സ്റ്റേഷന് വേണ്ടി വാടകയ്ക്ക് എടുക്കുകയായിരുന്നു. മുമ്പ് സിഐ ഓഫീസ് എഴുകോണ് പഞ്ചായത്ത് കോംപ്ലക്സിലായിരുന്നു.
സിഐ എസ്എച്ച്ഒ ആയതോടെ സ്റ്റേഷനില് കൂടുതല് വീര്പ്പുമുട്ടലായി. പത്തുപേര്ക്ക് ഒന്നിച്ച് സ്റ്റേഷനില് നില്ക്കാനുള്ള ഇടമില്ല. വനിതാ പോലീസുകാരാണ് കൂടുതല് ബുദ്ധിമുട്ടുന്നത്. വസ്ത്രം മാറാനോ, വിശ്രമിക്കാനോ ഇടമില്ലാത്ത ദുരിതാവസ്ഥ. തൊണ്ടി മുതലുകള് സൂക്ഷിക്കാനും ഇടമില്ല. എല്ലാ ഉദ്യോഗസ്ഥരം ഹാജരുള്ള ദിവസങ്ങളില് സ്റ്റേഷനില് സ്ഥലം തികയാറില്ല. പലരും മുറ്റത്തും വരാന്തയിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്. പുതിയ കെട്ടിടം വരുന്നതോടെ ഈ ദുരിതങ്ങള്ക്കൊക്കെ പരിഹാരമാകും.
District News
മുക്കൂട്ടുതറ: രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ കാൽനട യാത്രക്കാർക്ക് ഇടം ഇല്ലാതെ അപകടത്തിലാകുന്ന മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലത്തിൽ നടപ്പാലത്തിന് നിർമാണം തുടങ്ങി. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 12 മീറ്റർ നീളത്തിൽ അഞ്ച് അടി വീതിയിലാണ് നടപ്പാലത്തിന്റെ നിർമാണം. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലമാണ് നിർമിക്കുന്നത്.
നിലവിലുള്ള പാലം വർഷങ്ങൾക്കു മുന്പ് നിർമിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും പാലം പൊളിച്ചു പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭിക്കാൻ താമസം ആണെന്ന് മരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നടപ്പാലം നിർമിക്കുന്നതിന് തീരുമാനമായത്.
ശബരിമല സീസണിൽ എരുമേലി വഴി പമ്പയിലേക്ക് മുഴുവൻ വാഹനങ്ങളും ഈ പാലം വഴിയാണ് പോയി മടങ്ങുന്നത്. ഇതു മൂലം ശബരിമല സീസണിൽ ഈ പാലത്തിൽ യാത്ര അപകട സാധ്യതയിലാണ്. നടപ്പാലം നിർമാണം പൂർത്തിയായാൽ വാഹനങ്ങളെ ഭയക്കാതെ കാൽനട യാത്രക്കാർക്ക് പാലം കടക്കാൻ സൗകര്യമാകും. അതേസമയം വീതിയും ഉയരവുമുള്ള പുതിയ പാലം നിർമിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമേറിയ ഈ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തികളും ബലക്ഷയത്തിലാണ്.
District News
കല്ലടിക്കോട്: നിർമാണം ആരംഭിച്ച് കരിമ്പ 2 വില്ലേജിന്റെ നിർമാണ പ്രവർത്തനം നിലച്ചതായി പരാതി. കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയ്ക്കു സമീപമാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
കാലപ്പഴക്കം മൂലം തകരാനും മഴവള്ളം മൂലം ചോർച്ചയുണ്ടാകാനും തുടങ്ങിയതോടെയാണ് കല്ലടിക്കോട് ടിബിയിൽ റവന്യൂവകുപ്പിന്റെ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കാൻ തുടങ്ങിയത്.
ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമിച്ച ട്രാവലേഴ്സ് ബംഗ്ളാവ് നിന്നിരുന്ന സ്ഥലത്താണ് നിർമാണം ആരംഭിച്ചത്. കെട്ടിടം പൂർണമായും പണി തീർത്തെങ്കിലും ഇനിയും പൂർത്തിയാക്കാനുണ്ട്. കുറേ നാളുകളായി നിർമാണം നിലച്ചിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ വില്ലേജ് ഓഫീസ് പുതിയകെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Kerala
കോഴിക്കോട്: കേന്ദ്ര സര്ക്കാരിന്റെ പുതിയ ‘കോഡ് ഓണ് സോഷ്യല് സെക്യൂരിറ്റി 2020’ പ്രകാരം വരുമാനച്ചോര്ച്ച രൂക്ഷമായി. കേരള കെട്ടിട നിര്മാണ തൊഴിലാളി ക്ഷേമനിധി ബോര്ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ബോര്ഡിന്റെ ആനുകൂല്യ വിതരണം പൂര്ണമായും തടസപ്പെട്ടു. 13 മാസത്തെ പെന്ഷന് കുടിശിക ഇനത്തില് മാത്രം 915 കോടി രൂപയും മറ്റാനുകൂല്യ വിതരണത്തില് 400 കോടി രൂപയും അടക്കം ആകെ 1,315 കോടി രൂപയുടെ കുടിശികയാണ് ബോര്ഡിനു മുന്നിലുള്ള വെല്ലുവിളി.
മുന് സര്ക്കാരിന്റെ കാലത്ത് 2025 മേയ് വരെയുള്ള പെന്ഷനും 2025 ഡിസംബര് 31 വരെയുള്ള മരണാനന്തര ആനുകൂല്യവും ഇതേ കാലയളവിലുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നു. അതിനുശേഷമുള്ള മാസങ്ങളില് ആനൂകൂല്യ വിതരണം പൂര്ണമായി തടസപ്പെട്ടിരിക്കുകയാണ്.
പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണവും പെന്ഷന് തുകയും വര്ധിച്ചുവരുന്നതിനിടെയാണ് ബോര്ഡിന്റെ വരുമാന സ്രോതസില് ഇടിവുണ്ടായത്. 2025 നവംബര് 21നു നിലവില് വന്ന കേന്ദ്രത്തിന്റെ ലേബര് കോഡ് അനുസരിച്ച് 50 ലക്ഷത്തിനു മുകളില് നിര്മാണച്ചെലവു വരുന്ന വീടുകള്ക്കു മാത്രം നിര്മാണ സെസ് നല്കിയാല് മതി.
കേരളത്തിലെ നിയമപ്രകാരം (1986ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും) 10 ലക്ഷം രൂപയില് കൂടുതല് നിര്മാണ ചെലവ് വരുന്ന വീടുകള്ക്ക് സെസ് പിരിച്ചിരുന്നു. കുറഞ്ഞ പരിധി 50 ലക്ഷമായി ഉയര്ത്തിയത് വീട്ടുടമകള്ക്ക് ആശ്വാസമായെങ്കിലും ബോര്ഡിനുണ്ടാക്കിയതു വന് വരുമാനച്ചോര്ച്ചയാണ്.
കെട്ടിട നിര്മാണ തൊഴിലാളി ക്ഷേമനിധി ബോര്ഡാണു സെസ് ഈടാക്കുന്നത്. ബോര്ഡിന്റെ പ്രധാന വരുമാനമായ സെസ് തൊഴിലാളികള്ക്കു പെന്ഷന് നല്കാനാണ് വിനിയോഗിക്കുന്നത്. സംസ്ഥാന സര്ക്കാരുകള്ക്കു നിയമപരമായി സെസ് പരിധി വര്ധിപ്പിക്കാന് കഴിയും. എന്നാല് 50 ലക്ഷത്തില് താഴെയായി കുറയ്ക്കാന് കഴിയില്ല.
കേരളത്തില് നിര്മിക്കുന്നതില് വലിയൊരു പങ്ക് ഇടത്തരം വീടുകളുടെയും നിര്മാണച്ചെലവ് 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ്. സെസ് പരിധി 50 ലക്ഷമായി ഉയര്ത്തിയതോടെ ഈ കെട്ടിടങ്ങളെല്ലാം സെസ് പരിധിയില്നിന്ന് ഒഴിവാക്കപ്പെടും.
നിലവില് പ്രതിവര്ഷം സെസ് വരുമാനമായി 600 കോടിയോളം രൂപ ലഭിച്ചിട്ടും ബോര്ഡിന് കുടിശിക തീര്ക്കാന് കഴിഞ്ഞിട്ടില്ല. 2025-26 വര്ഷത്തില് 616.91 കോടി രൂപയാണ് സെസ് വരുമാനം. ഈ വര്ഷം മാര്ച്ച് 31 വരെയുള്ള ക്ഷേമനിധിയിലെ നീക്കിയിരിപ്പ് തുക 56.90 കോടി രൂപ മാത്രമാണ്. 1315 കോടിയുടെ മൊത്തം കുടിശിക നിലനില്ക്കുമ്പോഴാണ് ഖജനാവിന്റെ പരിതാപകരമായ ഈ അവസ്ഥ.
District News
അടിമാലി: ദേശീയപാത 85ൽ അടിമാലി ടൗണിൽ നാലുവരിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിവൈഡർ നിർമാണത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ന് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. അമ്പലപ്പടി വില്ലേജ് റോഡിൽനിന്ന് ഗവ. ഹൈസ്കൂൾ പരിസരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. ഇത് വാഹനങ്ങൾക്ക് യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വ്യാപാരികൾ അടക്കമുള്ളവരുടെ ആശങ്ക പരിഹരിക്കുന്നതിനാണ് യോഗം ചേരുന്നത്.
ദേശീയപാതയിലേക്ക് ഇരുവശത്തുനിന്നുള്ള രണ്ട് റോഡുകൾ സംഗമിക്കുന്ന കവലയാണ് കാംകോ ജംഗ്ഷൻ. ഇവിടെ യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, എൻഎച്ച്എഐ പ്രോജക്ട് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
District News
തൃശൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കുമാണു (പാലക്കാട്) നിർദേശം നൽകിയത്. ബുദ്ധിമുട്ട് ലഘൂകരിക്കാൻ വിവിധ അധികാരസ്ഥാനങ്ങളിൽനിന്ന് ഉത്തരവുകൾ ലഭിച്ചിട്ടും നിർമാണ കമ്പനികൾ അവ നടപ്പാക്കുന്നില്ല. പൊതുജനങ്ങളെ ബുദ്ധിമുട്ടിലേക്കു തള്ളിവിടുകയാണ്.
സർവീസ് റോഡുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ യാത്ര ദുഷ്കരമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടാകാൻ കാരണമെന്നു പരാതിക്കാരനായ ഡെന്നി വെളിയത്ത് പറഞ്ഞു.
എന്നാൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതുപോലുള്ള പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു.
District News
ഹരിപ്പാട്: പായിപ്പാട് മുണ്ടാര് ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി കരിങ്കല്ഭിത്തി കെട്ടാനുള്ള ശ്രമം അധികൃതർ ഇടപെട്ട് തടഞ്ഞു. സംഭവത്തെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പഴയ റോഡിനും പുതിയ റോഡിനും മധ്യേയുള്ള സർക്കാർ ഭൂമിയാണ് സമീപത്തെ വസ്തു ഉടമ കൈവശപ്പെടുത്താൻ ശ്രമിച്ചത്. ഇവിടെ നിയമവിരുദ്ധമായി കരിങ്കൽഭിത്തി കെട്ടുകയായിരുന്നു.
ഭൂമി കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൈയേറ്റം ബോധ്യപ്പെട്ടതോടെ സമീപവാസിയായ സ്വകാര്യവ്യക്തിക്ക് നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
Kerala
കൊച്ചി: മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനും രാത്രി 11നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്റെ സഹപ്രവർത്തകരായ തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മുജീബിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞണ്ടുകാട് തുരുത്തിലെ ‘ചാക്കനാട്ട് ഹൗസ്’ എന്ന പഴയ വീട് റിസോർട്ടാക്കി മാറ്റുന്ന ജോലികൾക്കായാണ് ഇവർ നാലുപേരും ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
തർക്കം മൂർച്ഛിച്ചതോടെ നിർമാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.
District News
പുതുക്കാട്: ദേശീയപാതയിലെ പുതുക്കാട് ജംഗ്ഷനിൽ മേൽപാലം നിർമാണം ആരംഭിച്ചു. സർവീസ് റോഡിനുള്ള ഭൂമി നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ആമ്പല്ലൂരിലെ അടിപ്പാത ഏകദേശം പൂർത്തിയാവുകയും പൂർണമായും ഗതാഗതത്തിന് തുറക്കാവുന്ന നിലയാവുകയും ചെയ്തതോടെയാണ് അടുത്ത ജംഗ്ഷനായ പുതുക്കാട് മേൽപാലം പണി ആരംഭിച്ചത്.
എട്ട് സ്പാനുകളിലായി 5.5 മീറ്റർ ഉയരത്തിലുള്ള മേൽപാലമാണ് പുതുക്കാട് വരുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ വടക്കുവശം മുതൽ കുറുമാലി ക്ഷേത്രം വരെ 1.450 കിലോമീറ്റർ നീളത്തിലാണ് പാലം. പുതുക്കാട് ജംഗ്ഷനിൽ മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.
പലപ്പോഴായി ഉണ്ടായ അപകടങ്ങളിൽ 50പേർ മരിക്കുകയും ആയിരത്തോളം പേർ പരിക്കേൽക്കുകയും ചെയ്ത പുതുക്കാട് ജംഗ്ഷൻ ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോർട്ടായി പ്രഖ്യാപിച്ചിരുന്നു. പോലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലിയേക്കര മാതൃകയിൽ എട്ട് തൂണുകളുള്ള മേൽപ്പാലം ദേശീയപാത അതോറിറ്റി അംഗീകരിച്ചത്.
പുതുക്കാട് മേൽപാലം ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എംഎൽഎ, മുൻ എംപി ടി.എൻ. പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേരുകയും അടിയന്തരമായി പാലംപണി ആരംഭിക്കുന്നതിനായി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.തുടർച്ചയായി ഉണ്ടായ അപകടങ്ങളെ തുടർന്ന് പുതുക്കാട് മേൽപ്പാലം ജനകീയ സമിതി 100 ദിവസം സത്യഗ്രഹവും നടത്തിയിരുന്നു.
National
അയോധ്യ: രാമക്ഷേത്ര സംഭാവനക്കൊള്ളകേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യക്ക് അനധികൃത നിർമാണത്തിന്റെ പേരിൽ അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു.
ബൻവീർപുർ ഗ്രാമത്തിലാണ് വീടു നിർമാണം നടക്കുന്നത്. ഭൂമി വാങ്ങിയത് ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലാണ്. എഡിഎയുടെ അംഗീകാരമില്ലാതെയാണ് നിർമാണം.
ബുധനാഴ്ച പോലീസ് ലവ്കുശ് മിശ്രയുടെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
അവിനാശ് ശുക്ല (20.39 ലക്ഷം), കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്പ് മിശ്ര (16.82 ലക്ഷം), രാമശങ്കർ മിശ്ര (7.32 ലക്ഷം), രാമശങ്കർ യാദവ് (ഒരു ലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്തത്. 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പോലീസ് പിടിച്ചെടുത്തു.
അയോധ്യയിലെ യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു ആർ കോഡ് പതിച്ച രാമരാജ്യ കോശ് എന്ന പേരിലുള്ള ഭണ്ഡാരവും പിടിച്ചെടുത്തു. അവിനാശ് ശുക്ല കഴിഞ്ഞ പത്തു വർഷമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
Kerala
കോട്ടയം: നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് കോടിമത പഴയപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മാറ്റിവെച്ചു. നിലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഇത് തുറന്നു കൊടുത്തതിനുശേഷമെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയുള്ളൂവെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പഴയപാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്നു കിടക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരന്തരം അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കോടിമത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൃത്യമായ ക്രമീകരണങ്ങളില്ലാതെ പൊടുന്നനെ ഗതാഗതം നിരോധിക്കുന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ അറ്റകുറ്റപ്പണികൾ തൽക്കാലത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നതോടെ പഴയപാലം അടച്ചിട്ടാലും നഗരത്തിൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
District News
ഉള്ളൂര്: മെഡിക്കല്കോളജ് മഞ്ചാടി വെടല നഗര് ഭാഗത്തെ അശാസ്ത്രീയമായ ഓടനിര്മാണത്തെക്കുറിച്ച് വ്യാപകമായ പരാതി. മെഡിക്കല് കോളജ്-മഞ്ചാടി-കിംസ് റോഡിന്റെ നിർമാണത്തിനായാണ് വെടല നഗര് ഭാഗത്ത് റോഡിനുകുറുകെ ഓട നിര്മാണം ആരംഭിച്ചത്.
രണ്ടുഘട്ടങ്ങളിലായാണു നിർമാണം നടന്നുവരുന്നത്. ഇതിന്റെ ആദ്യഘട്ട നിര്മാണത്തില് ഓടയ്ക്കുള്ളിലൂടെ കടന്നുപോകുന്ന മൂന്നിഞ്ച്, നാലിഞ്ച് വലുപ്പമുള്ള രണ്ട് പ്രധാന കുടിവെള്ള പൈപ്പ് ലൈനുകളും ഇതേ വലുപ്പത്തിലുള്ള ഒരു കേബിളും മാറ്റിസ്ഥാപിക്കാതെയാണ്, നിലവില് അവയ്ക്ക് മുകളിലായി സ്ലാബ് കോണ്ക്രീറ്റ് ചെയ്തിരിക്കുന്നത്. ഇനി ഇതിനുമുകളില് സിമന്റിട്ട് ടാര് ചെയ്യുന്ന പണി മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ഭാഗങ്ങളില്നിന്ന് മഞ്ചാടിറോഡിലേക്ക് വെള്ളം ഉള്പ്പെടെ ഒഴുകി വരുന്ന ഈ ഓടയ്ക്കുള്ളില് വിലങ്ങനെ പൈപ്പുകള് കിടക്കുന്നതു ഭാവിയില് പ്രത്യാഘാതങ്ങള് സൃഷ്ടിക്കും.
ഒഴുകിവരുന്ന മാലിന്യങ്ങള് പൈപ്പുകളില് തടഞ്ഞുനിന്ന് ഓട പൂര്ണമായും അടഞ്ഞുപോകാന് ഇതു കാരണമാകും. ശക്തമായ മഴക്കാലത്ത് അമിതമായി ഒഴുക്കുണ്ടായാൽ കുടിവെള്ള പൈപ്പുകള് പൊട്ടാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല് അതു കണ്ടെത്താനും അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും കാലതാമസമുണ്ടായേക്കാം.
ഏറ്റവും ഗൗരവകരമായ വിഷയം ഓടയ്ക്കുള്ളില്വച്ചു പൈപ്പ് പൊട്ടിയാല് മലിനജലവും മാലിന്യങ്ങളും ബാക്ടീരിയകളും കുടിവെള്ളത്തില് നേരിട്ട് കലരുമെന്നതാണ്. സംസ്ഥാനത്ത് നിലവില് ഷിഗല്ല, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ ഗുരുതരമായ സാംക്രമിക രോഗങ്ങള് പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് ഇത്തരമൊരു അവസ്ഥയുണ്ടായാല് അതു പ്രദേശവാസികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കുടിവെള്ള പൈപ്പുകള് കടന്നുപോകുന്ന ഭാഗങ്ങളിലൊക്കെ ഇതു പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇതുവലിയൊരു പൊതുജനാരോഗ്യ ദുരന്തത്തിനും വഴിവെയ്ക്കും. പണി പൂർത്തിയായി ടാര് ചെയ്തുകഴിഞ്ഞാല് കുടിവെള്ള പൈപ്പുകള് മാറ്റുക എന്നതു കൂടുതല് ബുദ്ധിമുട്ടാകും. അതുകൊണ്ട് നിലവിലെ ഓടനിര്മാണം നിര്ത്തി ശാസ്ത്രീയമായ രീതിയിൽ പുനഃരാരംഭിക്കണമെന്നാണ് ആവശ്യം.
Kerala
കോതമംഗലം: കൊച്ചി- മൂന്നാർ പാതയുടെ നവീകരണജോലികളുടെ ഭാഗമായി നേര്യമംഗലത്തെ നിലവിലുള്ള പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ആദ്യത്തെ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലമാണു നേര്യമംഗലത്ത് പെരിയാറിനു കുറുകേ ഒരുങ്ങുന്നത്.
ആകെയുള്ള അഞ്ച് ആർച്ചുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ നിർമാണമാണു നിലവിൽ പുരോഗമിക്കുന്നത്. പ്രതലത്തിലെ സ്റ്റീലിനു മുകളിലെ കോൺക്രീറ്റിംഗും അപ്രോച്ച് റോഡിന് ഇരുവശവുമുള്ള ലിങ്ക് റോഡുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
പഴയ ആർച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റർ നീളമുള്ള പുതിയ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലം (വില്ലിന്റെ ഞാൺ പോലെയുള്ള ആർച്ച് പാലം ) നിർമിക്കുന്നത്.
42 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളാണ് പാലത്തിലുള്ളത്. 13 മീറ്റർ വീതിയിലാണു നിർമാണം പൂർത്തീകരിക്കുന്നത്. ഇതിൽ എട്ടു മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വീതിയാണ്. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. 90 വർഷം പഴക്കമുള്ള നിലവിലെ പാലത്തിന് നാലു മീറ്ററാണ് വീതി.
2027 മാർച്ച് വരെയാണു നിർമാണം പൂർത്തിയാക്കാൻ കരാർകമ്പനിക്കു സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മൂന്നു മാസത്തിനുള്ളിൽ പാലം സഞ്ചാരത്തിനായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു തടസങ്ങളില്ലെങ്കിൽ ഓഗസ്റ്റിൽ പാലം തുറക്കാനാകും. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്.
District News
എരുമേലി: മൂലക്കയത്ത് പമ്പാനദിക്ക് കുറുകെയും വലിയതോടിന് കുറുകെ ആമക്കുന്നിലും പാലം നിർമാണം പുരോഗമിക്കുന്നു. മൂലക്കയത്ത് ചെക്ക്ഡാം ഉൾപ്പെടെ പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ കാലതാമസം വരുമെന്നാണ് കണക്കുകൂട്ടൽ. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നാലാണ് തൂണുകളുടെ നിർമാണം നടത്താൻ സാധിക്കുക.
\നിലവിൽ ചെക്ക്ഡാമിനുള്ള പണികളാണ് നടക്കുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മൂലക്കയം പാലം യാഥാർഥ്യമാകുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. കിസുമം ഭാഗത്തേക്കും തുലാപ്പള്ളിയിലേക്കും റാന്നിക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ പാലം ഉപകരിക്കും. നിലവിൽ നദിയുടെ അക്കരെ താണ്ടാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
എരുമേലിക്കും കൊരട്ടിക്കും ഇടയിൽ കാഞ്ഞിരപ്പള്ളി റോഡിൽനിന്നു വാഴക്കാല വാർഡിലെ ആമക്കുന്നിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയ തോടിന് കുറുകെയാണ് ആമക്കുന്ന് പാലം നിർമിക്കുന്നത്. നാലര പതിറ്റാണ്ട് പഴക്കമുള്ള പഴയ പാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി.
ജലവിതരണ കുഴൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇരു കരകളിലും സ്പാനുകളും അബഡ്മെന്റുകളുമാണ് ഇനി നിർമിക്കേണ്ടത്. മണ്ഡലകാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
District News
മംഗലപുരം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന് പരിഹാരമായി മുരുക്കുംപുഴ തോപ്പുമുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള ഭാഗത്ത് പിഡബ്ല്യുഡി ഓട നിർമാണം ആരംഭിച്ചു. മാധ്യമ വാർത്തകളെത്തുടർന്നും പ്രദേശത്തെ "ജനകീയ കൂട്ടായ്മ'യുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെത്തുടർന്നുമാണ് നടപടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകിയെങ്കിലും പണി നീണ്ടുപോയിരുന്നു.
പുതിയ സർക്കാർ വന്നതോടെ നാട്ടുകാർ എംഎൽഎ രമ്യ ഹരിദാസിന് നിവേദനം നൽകി. ഇതിന്റെ ഫലമായാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വേഗമേറിയത്. രമ്യ ഹരിദാസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വൈസ് പ്രസിഡന്റ് കവിത, വാർഡ് മെമ്പർ മൻസൂർ, ജനകീയ കൂട്ടായ്മ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബാക്കി ഓടകളുടെ നിർമാണം, ദേശായി ഫ്ലാറ്റിലെ മലിനജല പ്രശ്നം, മംഗലപുരം പഴയ എൻഎച്ച് 47 ലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, അങ്കണവാടി നിയമനങ്ങളിലെ അപാകതകൾ എന്നിവ പരിഹരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനകീയ കൂട്ടായ്മയും എംഎൽഎയോട് ആവശ്യപ്പെട്ടു.
International
ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം' വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്.
ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്.
ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി.
District News
പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിൽ വൻകിട കെട്ടിടങ്ങളുടെ നിർമാണം സംബന്ധിച്ച ഫയൽ മുക്കിയും കാർഷിക പദ്ധതികളിൽ മതിയായ രേഖകൾ ഇല്ലാതെ ആനുകൂല്യം വിതരണം ചെയ്തും വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.
ടൗൺ വാർഡിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത നിർമാണം കണ്ടെത്തി ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ പരാതി ഫയലാണ് കാണാതായത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ ഓഡിറ്റ് സൂപ്പർവൈസർ സ്ഥലത്ത് പരിശോധന നടത്തി അനധികൃത നിർമാണം കണ്ടെത്തിയിരുന്നു. തുടർന്ന് അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്കു നിർദേശം നൽകുകയും ചെയ്തു. വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് വസ്തുനികുതി അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 660 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾക്കു വസ്തുനികുതി ഇളവ് അനുവദിക്കുമ്പോൾ ഒരു വ്യക്തിയുടെ പേരിലുള്ള ഒരു വീടിന് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. എന്നാൽ ഒന്നാം വാർഡിൽ നാലുപേരുടെ ഒന്നിലധികം കെട്ടിടങ്ങൾക്ക് ഇളവനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിർമാണ പ്രവൃത്തികളിൽ കാലതാമസം വരുത്തിയതിനു കരാറുകാരിൽനിന്നും നിയമാനുസൃതം ഈടാക്കേണ്ട പിഴ ഈടാക്കിയില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. കരാർ കാലാവധി നീട്ടിക്കൊണ്ടുപോകാൻ കരാറുകാർ അപേക്ഷ നൽകാതെയാണ് ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വാഴകൃഷിയ്ക്കും കിഴങ്ങുവർഗ കൃഷിക്കും ധനസഹായം നൽകുന്ന പദ്ധതിയിലും അപാകത ഉണ്ടെന്നു ഓഡിറ്റിൽ കണ്ടെത്തി. പദ്ധതി പ്രകാരം കൃഷി സ്ഥലത്തിന് ആനുപാതിക നിരക്കിലാണ് ആനുകൂല്യം നൽകേണ്ടത്.
എന്നാൽ നാലുകർഷകർക്ക് അനധികൃതമായി ആനുകൂല്യ വിതരണം നടത്തിയിട്ടുണ്ട്. തരിശുഭൂമിയിലെ ആദ്യകൃഷിക്ക് ധനസഹായം നൽകുന്നതിലും വീഴ്ചയുണ്ടായി. ആദ്യമായി കൃഷി ചെയ്യുന്നതാണെന്നു കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലാതെയാണ് പഞ്ചായത്തിൽനിന്നു ധനസഹായം അനുവദിച്ചിരിക്കുന്നത്.
District News
മങ്കൊമ്പ്: ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മണപ്ര-പുല്ലങ്ങടി കോതറത്തോട് പാലം പിഡബ്ല്യുഡി ഫണ്ടുപയോഗിച്ച് നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെജി ചെറിയാൻ എംഎൽഎ. കേരളകോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിൻമേലാണ് എംഎൽഎയുടെ ഉറപ്പു ലഭിച്ചത്.
പാലം നിർമാണം തുടങ്ങുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് ആവശ്യമായ അധികഫണ്ട് അനുവദിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഗ്രാമപഞ്ചായത്തത്തംഗം സുജ ട്രീസാ ബേബി, സാജു കടമ്മാട് പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജോസ് കോയപ്പള്ളി, സണ്ണി തോമസ്, കെ. വേണുഗോപാൽ, രാജു വർഗീസ്, മാത്യു ചാക്കോ, പി.സി. ഓമനക്കുട്ടൻ, ജോസഫ് കുഞ്ഞ് എട്ടിൽ, ബെന്നിച്ചൻ കിഴക്കേത്തലക്കൽ, ചിത്രാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്.
District News
ഇരിട്ടി: വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തിലെ തൂക്കുവേലി നിർമാണം ഈ മാസം 22നകം പൂർത്തിയാക്കുമെന്ന് കെൽ പ്രതിനിധി സംഘത്തിന്റെ ഉറപ്പ്. വിവിധ റീച്ചുകളിൽ ഇതിനായി കൂടുതൽ യൂണിറ്റുകളെ നിയോഗിച്ച് നിർമാണം വേഗത്തിലാക്കും മെന്നും കൊൽ പ്രതിനിധികൾ പറഞ്ഞു. കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ പൂർത്തിയാക്കുന്ന സോളാർ തൂക്കുവേലിയുടെ അയ്യൻകുന്ന് പഞ്ചായത്തിലെ നിർമാണ പ്രവർത്തങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതാത് പഞ്ചായത്ത് അംഗങ്ങളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനമായി.
ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നിട്ടും നിർമാണം വൈകിയത് കെല്ലും കരാറുകാരനും നടത്തിയ മെല്ലെപോക്ക് ആണെന്ന് പ്രദേശവാസികൾ യോഗത്തിൽ ആരോപിച്ചു. ആറളത്ത് ആനമതിൽ പൂർത്തിയാകുന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്താതിരിക്കാൻ സോളാർ വേലി അടിയന്തരമായി പൂർത്തിയാക്കേ ണ്ടതുണ്ടെന്ന് കൊട്ടിയൂർ റേഞ്ചർ നിധിൻ രാജ് അറിയിച്ചു.
പദ്ധതി പൂർത്തിയാകാതിരുന്നാൽ മലയോര പഞ്ചായത്തുകൾക്ക് അത് വലിയ നഷ്ടവും ഭീഷണിയുയമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ റീച്ചുകളിൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം നടത്താൻ കഴിയാതിരുന്ന 700 മീറ്റർ സ്ഥലത്തെ വേലി നിർമാണ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
കാലാവധി ജൂൺ 30ന് തീരും
വന്യമൃഗ ഭീഷണി നേരിടുന്ന പഞ്ചായത്തുകൾക്ക് സുരക്ഷിതത്വം ഒരുക്കാനായി കൃഷി വകുപ്പ് 2.20 കോടി രൂപയാണ് നീക്കിവച്ചത്. പദ്ധതി കാലാവധി പൂർത്തിയാകാറായിട്ടും 94 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. ഈമാസം പദ്ധതി പൂർത്തിയായില്ലെങ്കിൽ 1.24കോടി ലാപ്സാകും. മൂന്നു വർഷം മുന്പ് നിർമാണ തുക മുഴുവൻ വനം വകുപ്പ് കൃഷി വകുപ്പിന് കൈമാറിയി രുന്നു. വനം വകുപ്പാണ് നിർമാണ പ്രവൃത്തി കെല്ലിന് കൈമാറിയത്. കെൽ പ്രവൃത്തി മറ്റ് ഉപകരാറുകാർക്ക് കൈമാറിയെങ്കിലും പ്രവൃത്തിയുടെ മെല്ലെ പോക്ക് തിരിച്ചടിയായി.
യോഗത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിൻസ് ടി. മാത്യു , മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ മേരി റെജി , ജോസ്കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനുപമ ജോസ്, ഷീൻ ജോസഫ് , ടോമി സൈമൺ, ബിന്ദു ഷാജി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, ഇരിട്ടി സെഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ട്രൈബൽ ഓഫീസർ എസ്. ഷാഹിർ തുടങ്ങിയവർ പങ്കെടുത്തു.
District News
അടിമാലി:. കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ അശാസ്ത്രീയ നിര്മാണത്തിനെതിരേ പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്ത്. ദേശീയപാതയുടെ ഭാഗമായ അടിമാലി മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ കുടുംബങ്ങളാണ് മണ്ണിടിച്ചില് ഭീഷണി നേരിടുന്നത്. വഴിയോരങ്ങളിലെ കൂറ്റന് മണ്തിട്ടകൾക്കു മുകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില് ഭീതിയില് കഴിയുന്നത്.
മഴ ശക്തമാകുന്നതോടെ എപ്പോള് വേണമെങ്കിലും മണ്തിട്ടകള് ഇടിഞ്ഞുവീഴാമെന്ന അവസ്ഥയാണ്. പല കുടുംബങ്ങളും രാത്രികാലങ്ങളില് ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിര്മാണത്തില് വന് അപാകതകളാണ് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില് കോണ്ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള് മണ്തിട്ടകളുള്ള മേഖലകളില് തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്മാണം നടത്തുന്നത്.
ചിലയിടങ്ങളിൽ മണ്തിട്ടകള് വിണ്ടുകീറിയ നിലയിലാണ്. മൺതട്ടിയുടെ മുകളിൽ നില്ക്കുന്ന വന് മരങ്ങള് കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. 2025ല് അടിമാലി ലക്ഷംവീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില് ഒരാള് മരണപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം മഴയെത്തുടർന്ന് ലക്ഷംവീട് ഭാഗത്തിനു സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കു പതിച്ചിരുന്നു. ഇതു നേരിയതോതിൽ ഗതാഗത തടസം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഇടവരുത്തി. ഇത്തരം അനിഷ്ടസംഭവങ്ങൾ ആവര്ത്തിക്കാതിരിക്കാനുള്ള മുന്കരുതലുകള് അധികൃതര് സ്വീകരിക്കണമെന്നാണ് ആവശ്യം.
District News
എടക്കര: കാട്ടാന ആക്രമണം തടയാൻ വഴിക്കടവ് ആനമറിയിൽ വനംവകുപ്പ് സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി മൂന്ന് കിലോമീറ്റർ ദൂരമാണ് സോളാർ തൂക്കുവേലി നിർമാണം നടത്തുന്നത്. ആനമറി മുതൽ അന്പതേക്കർ വരെ അറുനൂറ് മീറ്ററും ആനമറി മുതൽ കാഞ്ഞിരേൽ നഗർ വരെ ഒരു കിലോമീറ്ററും നെല്ലിക്കുത്ത് മുതൽ തന്പാൻപൊട്ടി വരെ 1200 മീറ്ററുമാണ് സോളാർ തൂക്കുവേലി നിർമിക്കുക. ബാക്കിയുള്ള ഭാഗങ്ങളിൽ തൂക്കുവേലി പ്രവർത്തിക്കുന്നുണ്ട്.
ആനമറിയിൽ അടിക്കാടുകൾ വെട്ടിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. തൂക്കുവേലിക്ക് ആവശ്യമായ മെറ്റീരിയലുകൾ ഇറക്കുകയും ചെയ്തു. ഇന്ന് മുതൽ കാലുകൾ കുഴിച്ചിട്ട് ലൈൻ വലിക്കൽ ആരംഭിക്കും.
കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടിന്റെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. നിരവധി കർഷകരുടെ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് തൂക്ക് വേലി നിർമാണം അടിയന്തരമായി ആരംഭിച്ചത്.
District News
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിൽ ജനവാസമേഖലയിൽ കാർഷിക ആവശ്യത്തിനെന്ന പേരിൽ അനുമതി സമ്പാദിച്ച് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തുന്ന കുഴൽക്കിണർ നിർമാണത്തിനെതിരേ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കാർത്തികപ്പള്ളി ജംഗ്ഷനു സമീപം ഭൂജല വകുപ്പിന്റെ വാഹനമുപയോഗിച്ച് 130 മീറ്ററിലധികം താഴ്ചയിലാണ് നിർമാണം ആരംഭിച്ചത്.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന രണ്ടു പ്രധാന സ്കൂളുകളും നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ജനവാസമേഖലയിൽ ഇത്തരത്തിൽ വലിയതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് ഭാവിയിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കാർഷിക ആവശ്യത്തിനായാണ് ഭൂജല വകുപ്പിൽനിന്നും നിർമാണ അനുമതി വാങ്ങിയിരിക്കുന്നത്. എന്നാൽ, നിലവിലെ കൃഷി ഓഫീസർ ചുമതലയേറ്റിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ മുൻപ് ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
ഈ പറമ്പിലുള്ള ചെറിയ കൃഷിയുടെ മറവിലാണോ വാണിജ്യ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഇത്തരമൊരു പെർമിറ്റ് സമ്പാദിച്ചതെന്ന കാര്യത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. ഒരു വാണിജ്യ ആവശ്യത്തിനായി കൃഷിഭവന്റെ പേരിൽ പെർമിറ്റ് അനുവദിക്കാൻ നിയമപരമായി കഴിയില്ലെന്നും കാർഷിക ആവശ്യത്തിനെന്ന വ്യാജേന പെർമിറ്റ് സംഘടിപ്പിച്ചത് നിയമവിരുദ്ധമാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
പരാതി നൽകിയിട്ടും നിർമാണം നിർത്താൻ അധികൃതർ ആവശ്യപ്പെടാത്തതിനെതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞദിവസം രാത്രിയിൽ അതിവേഗം നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമം സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ചേർന്നു തടഞ്ഞു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ, പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് താത്കാലികമായി നിർമാണം നിർത്തിവപ്പിച്ചു.
തുടർന്ന്, പഞ്ചായത്ത് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് കാർത്തികപ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ടി.എസ്. താഹ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിബു, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
വിവാദ നിർമാണത്തിനെതിരേ നാട്ടുകാർ ഒപ്പിട്ട മാസ് പെറ്റീഷൻ പഞ്ചായത്ത് സെക്രട്ടറി, മുഖ്യമന്ത്രി, ജലവിഭവ-കൃഷിവകുപ്പ് മന്ത്രിമാർ എന്നിവർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കൃത്യമായ നിയമസാധുത ബോധ്യപ്പെടുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.
District News
ചേർത്തല: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരസഭ 28-ാം വാർഡിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഹൈവേ പാലത്തിന്റെ നിർമാണത്തിനായി എഎസ് കനാലിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക തടയിണ മൂലം കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതും കാനകൾ അടഞ്ഞതുമാണ് സ്ഥിതി സങ്കീർണമാക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കനാലിന്റെ തീരത്ത് താമസിക്കുന്ന നിരവധിപ്പേരുടെ വീടുകളിലേക്ക് വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി. മഴ കൂടുതൽ ശക്തമാകുന്നതോടെ മറ്റു പ്രദേശങ്ങളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എഎസ് കനാലിന് കുറുകെയുള്ള താത്കാ ലിക തടയിണ അടിയന്തരമായി പൊളിച്ചുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപ്പാലം അവശ്യപ്പെട്ടു.
District News
കാസര്ഗോഡ്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില് കളക്ടറേറ്റില് യോഗം ചേര്ന്നു. ദേശീയ പാതയില് തലപ്പാടി മുതല് കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങള് തദ്ദേശസ്ഥാപന പ്രതിനിധികള് യോഗത്തില് ഉന്നയിച്ചു. കാസര്ഗോഡ് നഗരസഭയില് നുള്ളിപ്പാടിയില് വാഹനങ്ങള്ക്ക് സര്വീസ് റോഡില് നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാന് സംവിധാനമൊരുക്കണമെന്ന് വൈസ് ചെയര്മാന് ആവശ്യപ്പെട്ടു.
അടിയന്തരമായി പരശോധിച്ച് ഗതാഗതം സുഗമമാക്കാന് അധികമായി എന്ട്രി പോയിന്റ് കൊടുക്കുന്നതിന് നടപടിയെടുക്കാന് ജില്ലാ കളക്ടര് ദേശീയ പാതാ അതോറിറ്റിക്ക് നിര്ദേശം നല്കി. മോട്ടോര് വാഹന വകുപ്പും പോലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
തലപ്പാടി മുതല് കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളില് കാലവര്ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങള് ഉടന് പരിഹരിക്കുന്നതിന് റാപിഡ് റെസ്പോണ്സ് ടീമിനെ നിര്മാണ കരാര് കമ്പനികള് നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര് ഉമേഷ് ഗാര്ഹ് പറഞ്ഞു. പടന്നക്കാട് നെഹ്റു കോളജിന് മുന്നിലും ജില്ലാ ആശുപത്രിക്ക് മുന്നിലും കാല്നടയ്ക്കുള്ള മേല്പ്പാലം നിര്മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചട്ടഞ്ചാല് മുതല് ചെര്ക്കള വരെയുള്ള ഭാഗവും ചെറുവത്തൂര് വീരമലക്കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചില് ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാന് മണ്സൂണിന് മുമ്പായി അടിയന്തര നടപടികള് സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകള് സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമര്പ്പിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാല് ഈവര്ഷം വലിയതോതില് വെള്ളക്കെട്ടിനും വീടുകളില് വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള് ചൂണ്ടിക്കാട്ടി.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര് ഉമേഷ് ഗാര്ഹ് ദേശീയപാത നിര്മാണ കരാര് കമ്പനി പ്രതിനിധികള് എന്നിവര് നിലവില് നടന്നു വരുന്ന നിര്മാണ പുരോഗതി യോഗത്തില് വിശദീകരിച്ചു. വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാര്പ്പിക്കേണ്ട സാഹചര്യമുണ്ടായാല് പ്രത്യേകം റിലീഫ് ക്യാമ്പുകള് ആരംഭിക്കുന്നതിന് തഹസില്ദാര്മാര്ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്ക്കും ജില്ലാ കളക്ടര് നിര്ദേശം നല്കി.
ദുരന്ത സാധ്യത തടയുന്നതിന് നിര്മാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിന് കാസര്ഗോഡ് ആര്ഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആര്ഡിഒ കെ.ആര്. മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാല് നിര്മാണത്തിലെ അപാകത, മണ്ണിടിച്ചില്, തെരുവുവിളക്കുകള് ഇല്ലാത്ത പ്രശ്നം, തോടുകള് മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എല്എസ്ജിഡി, റവന്യു, പോലീസ്, ആര്ടിഒ, നിര്മാണകരാര് കമ്പനി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും.
District News
ചെട്ടികാട്: റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ചെട്ടികാട്, താലൂക്ക് ആശുപത്രിയായി അപ് ഗ്രെഡ് ചെയ്യുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടനിർമാണം പാതിവഴിയിൽ.
ആലപ്പുഴ എംഎൽഎയും മുൻ ധനമന്ത്രിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കിന്റെ പ്രത്യേക താത്പര്യപ്രകാരം ഏറ്റെടുത്ത ഈ പദ്ധതി പാതിവഴിയിൽ ഇഴയുകയാണെന്ന് കോസ്റ്റൽ ഡിവോലെപ്മെന്റ് കമ്മിറ്റി സെക്രട്ടറി വി.സി. ഉർമിസ് ആരോപിച്ചു. നിർമാണോദ്ഘാടനകല്ലിടൽ ചടങ്ങ് ഓൺലൈനായി നിർവഹിച്ച ദിവസം പ്രഖ്യാപിച്ചത് നിർമാണം ഏറ്റവും വേഗം പൂർത്തീകരിക്കുമെന്നായിരുന്നു.
എന്നാൽ, നാളിതുവരെ 52 ശതമാനം മാത്രമാണ് പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളത്. ഇനിയും കടമ്പകൾ ഏറെ മറികടക്കാനുണ്ട്. കാര്യപ്രാപ്തി ഇല്ലാത്ത നിർമാണകമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചതോടുകൂടി പ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗതയിൽ മാത്രമായി. തീരദേശ നിർമാണചട്ടപ്രകാരംമുള്ള ഭരണാഅനുമതി ലഭിക്കാനുണ്ടായ കാലതാമസവും കോടതി വ്യവഹാരവുമെല്ലാം ആശുപത്രി നിർമാണ പുരോഗതിയെ പിന്നോട്ട് വലിച്ചു.
ഇപ്പോഴും ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ മുന്നോട്ടുള്ള വഴി സ്വകാര്യവ്യക്തി വേലികെട്ടി റോഡിൽ തടസങ്ങൾ സൃഷ്ടിച്ചിട്ടുള്ളതും ഇതിനെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയുമാണ്. മേൽപറഞ്ഞ വിഷയങ്ങളിൽ ആരോഗ്യമന്ത്രിയും എംഎൽഎ എ.ഡി. തോമസും അടിയന്തരമായി ഇടപ്പെട്ട് നിർമാണ പ്രവർത്തനം ഉർജിതമാകുകയും നിലവിലെ കിടത്തി ചികിത്സാസംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും വി.സി. ഉർമിസ് പറഞ്ഞു.
District News
വെമ്പല്ലൂർ: വെമ്പല്ലൂർ മേഖലയിൽ അനധികൃത നികത്തലും കെട്ടിട നിർമാണവും.ശ്രീനാരായണപുരം പഞ്ചായത്ത് മൂന്നാംവാർഡിലെ മുള്ളൻ ബസാർ വടക്ക് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡാറ്റാബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടത്തിലാണ് പഞ്ചായത്ത് ഉത്തരവിനെയും പരിസരവാസികളെയും വെല്ലുവിളിച്ചു അനധികൃതമായി നികത്തി കെട്ടിടം പണിയാൻ ശ്രമിക്കുന്നത്.
മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ടും വേനലിൽ കടുത്ത ശുദ്ധജലക്ഷാമവും നേരിടുന്ന പരിസ്ഥിതിലോല പ്രദേശമാണിത്. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
നിയമലംഘനത്തിനെതിരേ ജില്ലാ കലക്ടർക്കും റവന്യു അധികൃതർക്കും പരാതിനൽകുമെന്ന് പരിസ്ഥിതി സംഘടനയായ കോച്ചാലി പെരുംതോട് സമിതി പ്രവർത്തകർ അറിയിച്ചു.
District News
കാണക്കാരി: കടപ്പൂര് ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണത്തിന് തുടക്കം. ഗ്രാമപഞ്ചായത്ത് വിഹിതം 15 ലക്ഷവും നാഷണൽ ആയുഷ് മിഷൻ വിഹിതമായി 35 ലക്ഷവും ഉൾപ്പെടെ 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോൾ ജോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിൻസി ജെയ്സൺ, ടി.എസ്. ബാബു, പഞ്ചായത്തംഗങ്ങളായ ഷിനി ബിജു, എൽസമ്മ ജോൺ, ബെറ്റ്സിമോൾ ജോഷി, മരീന തമ്പി, അനിത ജയമോഹൻ, അജയൻ കാപ്പിലോരത്ത്, ബിബിൻ ഏബ്രഹാം, സോണി ജോസഫ്, റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്യാമളകുമാരി, ശോഭ, പഞ്ചായത്ത് സെക്രട്ടറി സോണി സി. ഹരിബാൽ, ഡിഎംഒ ഇൻ ചാർജ് ഡോ. ഹരികുമാർ, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനോജ് കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ അഴുക്കുചാലുകളുടെ നിർമാണം അപകടങ്ങൾക്കിടയാക്കുന്നതായി പരാതി.
മഴക്കാലത്ത് മഴവെള്ളം ഒഴുകിപ്പോകാനാകാതെ റോഡിലേയ്ക്കു വന്നു നിറയുന്നതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെയാണ് കല്ലടിക്കോട്, വേലിക്കാട് തുടങ്ങിയ ഭാഗങ്ങളിൽ അഴുക്കുചാലുകളുടെ നിർമാണം ആരംഭിച്ചത്.
നിർമാണ വസ്തുക്കളായ മെറ്റലും മണലും റോഡിന്റെ വശങ്ങളിലും റോഡിലേയ്ക്കിറക്കിയുമാണിട്ടിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. ഈഭാഗത്ത് വാഹനങ്ങൾ വലതുവശത്തേയ്ക്കു നീങ്ങിവേണം പോകാൻ. എതിരേ വരുന്ന വാഹനങ്ങളിൽ തട്ടാനും അപകടമുണ്ടാകാനും ഇടയാകുന്നുണ്ട്.
ഈ ഭാഗത്തുകൂടെ നടന്നു പോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിൽ തീർത്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
ആലപ്പുഴ: കരാർ വ്യവസ്ഥയനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച കാലാവധി പിന്നിട്ടിട്ടും ആലപ്പുഴ ബീച്ച് നവീകരണം ഇഴയുന്നു. കഴിഞ്ഞ എട്ടു മാസം കൊണ്ട് പദ്ധതിയുടെ 10 ശതമാനം നിർമാണം പോലും പൂർത്തിയായില്ല. ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ തുടങ്ങിയ പദ്ധതി കൽക്കെട്ട്, കുഴിയെടുക്കൽ എന്നിവയിൽ ഒതുങ്ങിയിട്ട് മാസങ്ങളായി.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 ൽ 93.177 കോടി രൂപ വിനിയോഗിച്ച് ചെയ്യുന്ന ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിയിൽ ഒന്നാണ് 24.45 കോടി രൂപയുടെ ബീച്ച് നവീകരണം.
നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സ്കേപ്, ദീപാലങ്കാരങ്ങൾ, പാർക്കിംഗ് മൈതാനം, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, പ്രദർശന വേദികൾ, കായിക വേദി കൾ, മാലിന്യ സംസ്കരണ സംവിധാനം, സിസിടിവികൾ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. 2025 സെപ്റ്റംബറിൽ നിർമാണം തുടങ്ങുമ്പോൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
ബീച്ചിന്റെ വടക്കേയറ്റത്തെ നടപ്പാത, ലാൻഡ്സ്കേപ് തുടങ്ങിയവയ്ക്കുള്ള കല്ലുകെട്ടി, പലയിടങ്ങളിലായി കുഴികളെടുത്ത് റിംഗുകൾ ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. തെക്കേയറ്റം കാറ്റാടി ബീച്ചിനോട് ചേർന്നു കല്ലുകെട്ടി തിരിച്ചു. കല്ലും മെറ്റലും മണലും പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്.
തീരദേശ റോഡും ബീച്ചിലേക്ക് പ്രവേശിക്കാനുള്ള വഴികളും അടച്ച് ബൈപാസ് നിർമാണ സാമഗ്രികൾ വച്ചിരിക്കുകയാണ്. ഇതോടെ ബീച്ചിലേക്ക് വരുന്നതിനും പോകുന്നതിനും പ്രയാസം നേരിടുന്നതായി വിനോദസഞ്ചാരികളും നാട്ടുകാരും പറയുന്നു.
സമയം തെറ്റുന്ന നിർമാണം കാരണം വിജയ് ബീച്ച് പാർക്കിൽ ആളു കയറാതായിട്ട് മൂന്നു വർഷമായി. ബൈപാസ് നിർമാണവും ബീച്ച് നവീകരണ പ്രവൃത്തികളും തടസം സൃഷ്ടിച്ചതോടെ അവധിക്കാലത്ത് ഒട്ടേറെ കുട്ടികൾ വരുമായിരുന്ന പാർക്കിൽ വളരെ കുറച്ചുപേർ മാത്രമേ എത്തുന്നുള്ളൂ.
പദ്ധതി തുടങ്ങാൻ വേണ്ടി റോഡിനോട് ചേർന്നു കച്ചവടം നടത്തിയിരുന്ന 112 വ്യാപാരികളെ തീരത്തേക്കു മാറ്റിയിരുന്നു. ഇതോടെ ഇവരുടെ കച്ചവടം കുറഞ്ഞു. കടലാക്രമണമുണ്ടായാൽ ആളുകൾ ബീച്ചിലേക്ക് വരാതാകുന്നതോടെ കച്ചവടം മുടങ്ങുമെന്നും വ്യാപാരികൾ പറയുന്നു.