കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ യാഗ മഹോത്സവത്തിൽ ബാവലിക്കെട്ട് ചടങ്ങ് നടത്തി. പാരന്പര്യ അവകാശികളായ കോട്ടയം മലബാർ പൊന്നന്പിലാത്ത് പാറപ്രവൻ തറവാട്ടുകാർ ബാവലിക്കെട്ടിന് തുടക്കമിട്ടു.
പാറപ്രവൻ തറവാട്ട് ട്രസ്റ്റ് പ്രസിഡന്റും കർണാടയിലെ കാബിനറ്റ് റാങ്കുള്ള മിനിമം വേജസ് ബോർഡ് ചെയർമാനുമായ ഷാഹിദ് തെക്കിലും ട്രസ്റ്റ് സെക്രട്ടറി എൻ.ആർ. മായനും കൊട്ടിയൂരിലെത്തിയാണ് ബാവലിക്കെട്ടിന് തുടക്കമിട്ടത്. വർഷങ്ങളായി മുടങ്ങിക്കിടന്ന തറവാടിന്റെ പാരന്പര്യ അവകാശം പുനസ്ഥാപിക്കണമെന്ന കുടുംബട്രസ്റ്റിന്റെ തീരുമാനപ്രകാരമാണ് തങ്ങൾ എത്തിയതെന്ന് ഇരുവരും പറഞ്ഞു.
ഇന്നലെ രാവിലെ പത്തിന് കൊട്ടിയൂർ മന്ദഞ്ചേരി ബാവലി പുഴയോരത്ത് കല്ലെടുത്ത് വച്ച് ഇവർ പ്രതീകാത്മകമായി ബാവലിക്കെട്ട് നടത്തുകയായിരുന്നു. സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ അഡ്വ. രവീന്ദ്രൻ കണ്ണോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ടി. എം ഷാഹിദ് തെക്കിലിനെ കൊട്ടിയൂർ ദേവസ്വം അധികൃതരും ട്രസ്റ്റി ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ അന്നദാന വഴിപാട് നടത്തിയാണ് ഇവർ മടങ്ങിയത്.