കോടിമത പാലം
കോട്ടയം: നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് കോടിമത പഴയപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മാറ്റിവെച്ചു. നിലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഇത് തുറന്നു കൊടുത്തതിനുശേഷമെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയുള്ളൂവെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പഴയപാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്നു കിടക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരന്തരം അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കോടിമത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൃത്യമായ ക്രമീകരണങ്ങളില്ലാതെ പൊടുന്നനെ ഗതാഗതം നിരോധിക്കുന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ അറ്റകുറ്റപ്പണികൾ തൽക്കാലത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നതോടെ പഴയപാലം അടച്ചിട്ടാലും നഗരത്തിൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.