പ്രതീകാത്മക ചിത്രം
തൃശൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കുമാണു (പാലക്കാട്) നിർദേശം നൽകിയത്. ബുദ്ധിമുട്ട് ലഘൂകരിക്കാൻ വിവിധ അധികാരസ്ഥാനങ്ങളിൽനിന്ന് ഉത്തരവുകൾ ലഭിച്ചിട്ടും നിർമാണ കമ്പനികൾ അവ നടപ്പാക്കുന്നില്ല. പൊതുജനങ്ങളെ ബുദ്ധിമുട്ടിലേക്കു തള്ളിവിടുകയാണ്.
സർവീസ് റോഡുകളിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ യാത്ര ദുഷ്കരമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.
കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടാകാൻ കാരണമെന്നു പരാതിക്കാരനായ ഡെന്നി വെളിയത്ത് പറഞ്ഞു.
എന്നാൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതുപോലുള്ള പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു.
Tags : Local News Nattuvishesham National Highway Construction