വ്യാപാരക്കരാറിൽ ഇന്ത്യയുടെയും യുകെയുടെയും പ്രതിനിധികൾ ഒപ്പുവയ്ക്കുന്നു (ഫയൽ ചിത്രം)
ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഇന്നു പ്രാബല്യത്തിലായി. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉത്പന്നങ്ങളുടെയും തീരുവ യുകെ ഘട്ടംഘട്ടമായി ഒഴിവാക്കും. പകരം ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കും.
ഇന്ത്യൻ വ്യാപാരികൾക്ക് നേട്ടം
എഴുപതു ശതമാനം വരെ തീരുവയുണ്ടായിരുന്ന സംസ്കരിച്ച ഭക്ഷണസാധനങ്ങൾക്ക് യുകെ ഇനി ഡ്യൂട്ടി-ഫ്രീ വ്യാപാരം തുറന്നുനൽകും.
18 ശതമാനം തീരുവ വീതമുണ്ടായിരുന്ന സമുദ്രോത്പന്നങ്ങൾക്കും എൻജിനിയറിംഗ് ചരക്കുകൾക്കും വാഹനനിർമാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾക്കും ഇനി മുതൽ പൂജ്യം തീരുവയായിരിക്കും. കെമിക്കൽ-ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും യുകെ പൂജ്യം വ്യാപാരം കരാറിലൂടെ തുറന്നിട്ടിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ലാഭം
ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും തീരുവ കുറയ്ക്കുന്നതാണ് കരാർ. പത്ത് വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഉത്പന്നങ്ങളും തീരുവരഹിതമാകും. ബ്രിട്ടനിൽനിന്നുള്ള ആഡംബരവാഹനത്തിന്റെ തീരുവ 110 ശതമാനമായിരുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ശതമാനമായാണ് കുറയ്ക്കുന്നത്.
ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള കേന്ദ്രസർക്കാരിന്റെ സംഭരണ വിതരണ കരാറുകളുടെ ലേലത്തിൽ യുകെ വിതരണക്കാർക്കും ഇനി പങ്കെടുക്കാം.
യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നേരിട്ടിരുന്ന വലിയൊരു ആശങ്ക പരിഹരിച്ചുകൊണ്ട് ഇരട്ടസംഭാവന കീഴ്വഴക്കത്തിനു കരാറിനോടൊപ്പം പ്രാബല്യത്തിൽ വന്ന ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ മാറ്റം വരുത്തിയിട്ടുണ്ട്. യുകെയിലേക്ക് താത്കാലിക ജോലിക്കുവേണ്ടി പോകുന്ന തൊഴിലാളികൾ അഞ്ച് വർഷത്തേക്ക് യുകെയിൽ സാമൂഹിക സുരക്ഷാ നികുതി അടയ്ക്കേണ്ടതില്ല.