പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അവയെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമുള്ളത് മാത്രം നിലനിർത്തും. സ്ഥാപനങ്ങൾക്ക് ബാധ്യതയായ നിയമനങ്ങൾ ഒഴിവാക്കും. ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ട. സ്ഥാപനത്തിന് വേണ്ടി ആളുകൾ പ്രവർത്തിക്കട്ടെയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികളുടെ തലപ്പത്തേക്ക് ചുമതലക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് അവസാനവട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഈമാസം അവസാനത്തോടെ പുതിയ അധ്യക്ഷൻമാർ ചുമതലയേൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനെ നിയമിക്കാൻ വൈകുന്നുവെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രവർത്തനങ്ങളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ എൻട്രികൾ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കും. ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് തന്നെ പതിവുപോലെ ഐഎഫ്എഫ്കെ നടക്കും.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. റീപെയ്മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാൽ കിഫ്ബി പദ്ധതിയിലുള്ള കായംകുളം, വൈക്കം തുടങ്ങി കേരളത്തിലെ പല പ്രദേശങ്ങളിലെയും തിയറ്ററുകളുടെ നിർമാണം പാതിവഴിയിലാണ്.
കിഫ്ബി പ്രോജക്ടായിട്ടാണ് തുടങ്ങിയത്. പക്ഷെ, റീപെയ്മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാൽ അടുത്തഘട്ടത്തിലേക്ക് പണം റിലീസ് ചെയ്യാൻ കഴിയുന്നില്ല. പൂർത്തിയാക്കായില്ലെങ്കിൽ ഇതുവരെ മുടക്കിയ പൊതുപണം നഷ്ടമാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines PCVishnunadh