ക്വാറി
കൊച്ചി: ഖനനം പൂര്‍ത്തിയായ ശേഷം ക്വാറികള്‍ സുരക്ഷാവേലിയും അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാതെയും ഗേറ്റുകള്‍ താഴിട്ടുപൂട്ടി സുരക്ഷ ഉറപ്പാക്കാതിരിക്കുകയും ചെയ്താല്‍ ക്വാറി പെര്‍മിറ്റ് ഉടമയോ കരാറുകാരനോ സ്ഥലം ഉടമയോ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടം ഭേദഗതിക്കായുള്ള പ്രപ്പോസല്‍ ഈമാസം 11ന് സര്‍ക്കാരിന് അയച്ചതായി മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മേയ് 28ന് പരസ്യചിത്രം ചിത്രീകരിക്കാനെത്തിയ ഡല്‍ഹി സ്വദേശിയായ യുവ മോഡല്‍ എറണാകുളം മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് മൈനിംഗ് ജിയോളജി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ വീണ് മരണങ്ങളും അപകടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ക്വാറികളില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ക്വാറി സേഫ്റ്റി ഫണ്ടില്‍നിന്നും തുക വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ ക്വാറികള്‍ക്ക് വേലികെട്ടല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടങ്ങള്‍ പ്രകാരം ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ക്വാറി സേഫ്റ്റിഫണ്ട് രൂപീകരിച്ചിട്ടുള്ളതെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സുരക്ഷാ നടപടികള്‍ ആവശ്യമായ ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ ജിയോളജിസ്റ്റിന് നിര്‍ദേശം നല്കിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടികള്‍ ആരംഭിക്കും. ചിത്രീകരണത്തിനെത്തിയ സംഘം യാതൊരു വിധ അനുമതിയും കൂടാതെയാണ് പാറമട പ്രദേശത്ത് പ്രവേശിച്ചതെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടയാണിത്.
Tags : HumanRightsCommission intervention legalAction quarries safety Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews