പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് ആറ് മാസത്തിനിടെ സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 12.71 ലക്ഷത്തിലധികം പരാതികൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രസർക്കാർ കണക്കുകൾ. ഉത്തർപ്രദേശിലാണ് കൂടുതൽ.
1.85 ലക്ഷം. മഹാരാഷ്ട്രയാണ് രണ്ടാമത്. 1.58 ലക്ഷം പരാതികൾ. ആറ് മാസത്തിനുള്ളിൽ സൈബർ കുറ്റകൃത്യത്തിലൂടെ 10,178 കോടി രൂപ നഷ്ടമായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്.
ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, വ്യാജ ലോൺ ആപ്പുകൾ, ഫിഷിംഗ്, ആൾമാറാട്ടം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ ലിങ്കുകൾ എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നതെന്നാണ് കണ്ടെത്തൽ.
ആകെ നഷ്ടപ്പെട്ട തുകയിൽ 2,968.85 കോടി രൂപ ബാങ്കുകൾ മരവിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തിൽ രജിസ്റ്റർ ചെയ്ത 2.86 ലക്ഷം പരാതികളിൽ ബാങ്കിംഗ് നടപടികൾ ആരംഭിച്ചതായും, സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിൽ 2.70 ലക്ഷം പരാതികൾ ബാങ്കുകൾ നേരിട്ട് കൈകാര്യം ചെയ്യുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് ആകെ 64,447 കോടി രൂപയുടെ സൈബർ നഷ്ടം നടന്നതായാണ് കണക്ക്. അതിൽ 10,718 കോടി രൂപ വിവിധ ബാങ്കുകൾ മരവിപ്പിച്ചിട്ടുണ്ട്. അകെ തട്ടിപ്പിന്റെ 323 കോടി രൂപ മാത്രമാണ് ഇരകൾക്ക് തിരികെ നൽകാൻ സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഒരു വർഷം മുമ്പ് ബാങ്കിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ നേരിടേണ്ടിവരുന്ന ഏഴ് പ്രധാന സൈബർ ഭീഷണികളിൽ ആറെണ്ണവും പൂർണതോതിൽ യാഥാർഥ്യമായെന്ന് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പ്രകാശനം ചെയ്ത ഡിജിറ്റൽ ഭീഷണി റിപ്പോർട്ട് 2025-26ൽ ചൂണ്ടിക്കാട്ടി.
കൃത്രിമബുദ്ധി (എഐ), വ്യാജ തിരിച്ചറിയൽ രേഖകൾ, മാറ്റം വരുത്തിയ പേയ്മെന്റ് രീതികൾ എന്നിവ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങൾ സാധാരണ ഇടപാടുകൾ പോലെ തോന്നിക്കുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന അപകടം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ സംയുക്തമായാണ് റിപ്പോർട്ട് തയാറാക്കിയത്.
Tags : cybercrimes MobilePhone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews