പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐഡിഎസ്എഫ്എഫ്കെ) സെപ്റ്റംബർ 25 മുതൽ 30വരെ തിരുവനന്തപുരത്ത് നടക്കും.
കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള നടക്കുക. മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മേളയിലേക്ക് ഇതിനകം 1741 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അനിമേഷൻ, മ്യൂസിക് വീഡിയോ, കാന്പസ് ഫിലിംസ്, ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായി സിനിമകളുടെ മൂല്യനിർണയത്തിനും തെരഞ്ഞെടുപ്പിനുമായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഓസ്കാർ ക്വാളിഫയിംഗ് ഫെസ്റ്റിവൽ പദവിയാണ് ഐഡിഎസ്എഫ്എഫ്കെയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരമെന്നു മന്ത്രി പറഞ്ഞു. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി പുരസ്കാരങ്ങളുടെ (ഓസ്കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാൻ അർഹത ലഭിക്കും.
Tags : Documentary International Kerala ShortFilm Festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews