ലയണൽ മെസി, ഹാരി കെയ്ൻ
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
അര്‍ജന്റീന
ഫിഫ റാങ്കിംഗ്: 02
ഫിഫ ലോകകപ്പ് ചരിത്രം:
മൂന്നു തവണ ചാമ്പ്യന്മാര് (1978, 1986, 2022).
മൂന്നു തവണ റണ്ണേഴ്സ് അപ്പ് (1930, 1990, 2014).
@ 2026 ലോകകപ്പ്
ഗ്രൂപ്പ് ജെ:
അര്‍ജന്റീന 3-0 അള്‍ജീരിയ
അര്‍ജന്റീന 2-0 ഓസ്ട്രിയ
അര്‍ജന്റീന 3-1 ജോര്‍ദാന്‍
റൗണ്ട് ഓഫ് 32: അര്‍ജന്റീന 3-2 കേപ് വെര്‍ദെ
പ്രീക്വാര്‍ട്ടര്‍: അര്‍ജന്റീന 3-2 ഈജിപ്ത്
ക്വാര്‍ട്ടര്‍: അര്‍ജന്റീന 3-1 സ്വിറ്റ്സര്‍ലന്‍ഡ് (എക്സ്ട്രാ ടൈം)
അര്‍ജന്റീന ടോപ് ഗോള്‍
ലയണല്‍ മെസി 08
ലൗതാരൊ മാര്‍ട്ടിനെസ് 02
ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് 01
അര്‍ജന്റീന ടോപ് അസിസ്റ്റ്
ലയണല്‍ മെസി 02
ലൗതാരൊ മാര്‍ട്ടിനെസ് 01
ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് 01
ഇംഗ്ലണ്ട്
ഫിഫ റാങ്കിംഗ്: 04
ലോകകപ്പ് ചരിത്രം:
1966 ലോകകപ്പ് ജേതാക്കള്‍.
1990, 2018 എഡിഷനുകളില്‍ നാലാം സ്ഥാനം.
@ 2026 ലോകകപ്പ്
ഗ്രൂപ്പ് എല്‍:
ഇംഗ്ലണ്ട് 4-2 ക്രൊയേഷ്യ
ഇംഗ്ലണ്ട് 0-0 ഘാന
ഇംഗ്ലണ്ട് 2-0 പാനമ
റൗണ്ട് ഓഫ് 32: ഇംഗ്ലണ്ട് 2-1 കോംഗോ
പ്രീക്വാര്‍ട്ടര്‍: ഇംഗ്ലണ്ട് 3-2 മെക്സിക്കോ
ക്വാര്‍ട്ടര്‍: ഇംഗ്ലണ്ട് 2-1 നോര്‍വെ (എക്സ്ട്രാ ടൈം)
ഇംഗ്ലണ്ട് ടോപ് ഗോള്‍
ജൂഡ് ബെല്ലിങ്ഗം 06
ഹാരി കെയ്ന്‍ 06
മാര്‍ക്കസ് റാഷ്ഫോഡ് 01
ഇംഗ്ലണ്ട് ടോപ് അസിസ്റ്റ്
ബുകായൊ സാക്ക 03
ആന്റണി ഗോര്‍ഡന്‍ 03
ജൂഡ് ബെല്ലിങ്ഗം 01
അറ്റ്ലാന്റ: ചിരവൈരികളായ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനായി പോലീസ് ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ. ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം ഇതിനു മുമ്പ് നടന്നത് 2002ല്‍.
ഫോക്ക്ലാന്‍ഡ് ദ്വീപിനായി 1982ല്‍ നടന്ന യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ മാറഡോണയുടെ ഇരട്ടഗോളില്‍ അര്‍ജന്റീന ജയം നേടി. ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്ന മത്സരമായിരുന്നു അത്.
1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ പോരാട്ടത്തില്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അര്‍ജന്റീന 4-3ന്റെ ജയം നേടി. 2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു.
മെസിയുടെ ആദ്യ പോരാട്ടം
2005ല്‍ അര്‍ജന്റൈന്‍ ദേശീയ സീനിയര്‍ ടീം അരങ്ങേറ്റം നടത്തിയെങ്കിലും ലയണല്‍ മെസി ഇതുവരെ ഇംഗ്ലണ്ടിനെതിരേ കളിച്ചിട്ടില്ല. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക്, മാറഡോണയെപ്പോലെ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയെ ജയത്തിലെത്തിക്കാനുള്ള അസുലഭ നിമിഷമായിരിക്കാം വന്നിരിക്കുന്നത്. ദേശീയതയുടെ ചുവയുള്ള ഇക്കാര്യത്തിലും മാറഡോണയ്ക്കൊപ്പമെത്താന് മെസിക്കു സാധിക്കുമോ..?
Tags : England Argentina FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights